Friday
14 Dec 2018

പൊന്തന്‍പുഴ വിവാദം: കേരളം അവജ്ഞയോടെ തിരസ്‌കരിക്കും

By: Web Desk | Wednesday 7 March 2018 10:39 PM IST

ആലപ്ര, വലിയകാവ് നിര്‍ദിഷ്ട റിസര്‍വുകളുടെ കാര്യത്തില്‍ ഉന്നയിക്കപ്പെട്ട അവകാശവാദങ്ങള്‍ നിരാകരിച്ച ഹൈക്കോടതി അവ തിരിച്ചു നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ ഭൂമിയില്‍ പതിറ്റാണ്ടുകളായി കൃഷി ചെയ്തു താമസിക്കുന്ന 414 കര്‍ഷകര്‍ക്ക് നിയമസാധുതയുള്ള പട്ടയം നല്‍കി അവരുടെ അവകാശം ഉറപ്പിക്കാന്‍ വിവാദ വനമേഖലയുടെ അവകാശരേഖ (ടൈറ്റില്‍) സര്‍ക്കാരിന് ഉറപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള റിവ്യു ഹര്‍ജിയുമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ആ വസ്തുതകള്‍ അപ്പാടെ മറച്ചുവച്ചാണ് കെസി(എം) വിവാദ വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്

സംസ്ഥാനത്ത് അവശേഷിക്കുന്ന വനഭൂമി ഭൂമാഫിയകളുടെയും കപട വികസനവാദികളുടെയും കടന്നുകയറ്റത്തില്‍ നിന്നും സംരക്ഷിച്ച് നിലനിര്‍ത്തുക എന്നത് എക്കാലത്തും ശ്രമകരമായ ദൗത്യമാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം എപ്പോഴൊക്കെ നിലനിന്നുവോ അപ്പോഴെല്ലാം വനഭൂമിയുടെ സംരക്ഷണത്തിന് പ്രതേ്യക ഊന്നല്‍ നല്‍കിപോന്നിട്ടുണ്ട്.

എല്‍ഡിഎഫ് ഭരണകാലയളവുകളില്‍ അത്തരത്തില്‍ വനഭൂമി സംരക്ഷണത്തിനുവേണ്ടി കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സംരക്ഷിത വനപ്രദേശത്തിന്റെ വിസ്തൃതി വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുമുണ്ട്. 1952-ലെ ദേശീയ വനനയം അനുസരിച്ച് രാജ്യത്തെ ഭൂവിസ്തൃതിയുടെ കുറഞ്ഞത് മൂന്നിലൊന്ന് (33 ശതമാനം) വനാവരണമായി നിലനിര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തില്‍ ആ ലക്ഷ്യം ഏതാണ്ട് 30 ശതമാനം എന്ന തോതില്‍ സംരക്ഷിക്കാനായിട്ടുണ്ട്. അത് കേരളം, വിശിഷ്യ എല്‍ഡിഎഫ് ഭരണത്തില്‍, കരുതലോടെ കൈക്കൊണ്ട നടപടികളുടെ ഫലമാണ്. അതാവട്ടെ കുടിയേറ്റ കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ കൈവരിച്ച നേട്ടമാണ്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയവിതരണം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവന ഭൂരഹിതരോടും കുടിയേറ്റകര്‍ഷകരോടുമുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കര്‍ഷകന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരെ കബളിപ്പിക്കുകയും ഭൂമാഫിയകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണെന്ന് കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നാളിതുവരെ അവര്‍ തുടര്‍ന്നുപോന്നിരുന്ന തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നു. ഏറ്റവും അവസാനം പൊന്തന്‍പുഴ വനഭൂമിയുമായി ബന്ധപ്പെട്ട് അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന വിവാദങ്ങള്‍ ഭൂമാഫിയയെ സംരക്ഷിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. യഥാര്‍ത്ഥ കുടിയേറ്റ കര്‍ഷകന്റെ അവകാശം സംരക്ഷിക്കാന്‍ വനം, റവന്യു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെയും അതിന് രാഷ്ട്രീയ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും പ്രതേ്യകിച്ച് സിപിഐയും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെയും കരിവാരി തേയ്ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെയും ഭാഗമാണ് ഇപ്പോഴത്തെ വിവാദം.

കേരള രാഷ്ട്രീയത്തിന്റെ നാല്‍ക്കവലയില്‍ ദിശാബോധം നഷ്ടപ്പെട്ട് ഉഴലുന്ന കേരളാ കോണ്‍ഗ്രസ് (എം) ഏത് അവസരവാദ കൂട്ടുകെട്ടിനും സന്നദ്ധമായാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഗുരുതരമായ അഴിമതിയാരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയമായി ഒറ്റപ്പെട്ട്, ജനങ്ങളാല്‍ കയ്യൊഴിയപ്പെട്ട്, നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസു (എം)മായുള്ള ഒരു കൂട്ടുകെട്ടിനെയും അംഗീകരിക്കാനാവില്ലെന്ന സിപിഐയുടെ പ്രഖ്യാപിത നിലപാട് അവരെ തെല്ലൊന്നുമല്ല പ്രകോപിതരാക്കിയിട്ടുള്ളത്. തങ്ങളെപോലെ മറ്റുള്ളവരും അഴിമതിക്കാരും ഭൂമാഫിയകളുടെ ചങ്ങാതിമാരുമാണെന്നു വരുത്തിതീര്‍ക്കാനുള്ള തത്രപ്പാടിലാണ് അവര്‍. അതിന്റെ ഭാഗമായാണ് പൊന്തന്‍പുഴ വിഷയത്തില്‍ സിപിഐയേയും അതിന്റെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും വനംവകുപ്പ് മന്ത്രി കെ രാജുവിനേയും അഴിമതിക്കാരാക്കി ചിത്രീകരിക്കാന്‍ കെസി(എം) സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് നടത്തിയ ശ്രമം. സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ആരംഭിക്കുന്ന ദിവസം തന്നെ അത്തരമൊരു വന്യാരോപണവുമായി രംഗത്തുവന്നത് പാര്‍ട്ടി അണികളില്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്ന ലക്ഷ്യത്തോടെയായിരിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സംസ്ഥാന സമ്മേളനവും ആ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയുണ്ടായി. അത്തരം ദുരുപദിഷ്ട നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള കരുത്തും നിശ്ചയദാര്‍ഢ്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനുമുണ്ട്.

പൊന്തന്‍പുഴ വനഭൂമി സംരക്ഷണം സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടും പ്രവര്‍ത്തന പരിപാടിയും എല്‍ഡിഎഫ് സര്‍ക്കാരിനും വനംവകുപ്പിനുമുണ്ട്. പൊന്തന്‍പുഴ വനമേഖലയില്‍ ഉള്‍പ്പെട്ട കരിക്കാട്ടൂര്‍ റിസര്‍വിന്റെ അന്തിമവിജ്ഞാപനം ഇതിനകം വന്നിട്ടുള്ളതാണ്. അതിന്മേലുള്ള അവകാശവാദങ്ങള്‍ എല്ലാം തന്നെ അവസാനിച്ചിട്ടുള്ളതാണ്. അവശേഷിക്കുന്ന സ്വന്തം അഴിമതിയുടെ ദുര്‍ഗന്ധവും വൈകൃതവും പേറുന്ന കേരളാകോണ്‍ഗ്രസ് (എം) മറ്റുള്ളവരും തങ്ങളെപോലെയാണെന്നു വരുത്തിതീര്‍ക്കാനുള്ള കുതന്ത്രമാണ് പ്രയോഗിക്കുന്നത്. പ്രബുദ്ധ കേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ അത്തരം ആരോപണങ്ങള്‍ തള്ളിക്കളയും.

Related News