Saturday
23 Sep 2017

പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടപടിക്ക് നീക്കം

By: Web Desk | Tuesday 12 September 2017 8:46 AM IST

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന സംഘടനയ്‌ക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് (പിഎഫ്ഐ) ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്  നിരോധനമടക്കമുള്ള നടപടികള്‍ കൈക്കൊള്ളാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പോപ്പുലര്‍ ഫ്രണ്ട് ആരോപണങ്ങൾ തള്ളി.

ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന പ്രധാന ആരോപണങ്ങൾ ഇടുക്കി ജില്ലയില്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍ നിന്ന് എന്‍ഐഎ വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബ് നിര്‍മാണം, ബെംഗലൂരുവിലെ ആര്‍എസ്‍‍എസ്. നേതാവ് രുദ്രേഷിന്‍റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത സംഭവം എന്നിവയാണ്. ഇക്കാരണങ്ങളാല്‍ തന്നെ യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പങ്ക് വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാനാവില്ലെന്നും ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ തള്ളിയ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം പി കോയ അന്വേഷണത്തിനായി എന്‍ഐഎ തങ്ങളുടെ സംഘടനയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കേരളത്തിലെ ആര്‍എസ്എസ്-സിപിഐഎം. സംഘര്‍ഷങ്ങളില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ സംഘടനകളെ ദേശവിരുദ്ധമെന്ന് എന്തുകൊണ്ട് വിളിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.