Sunday
24 Sep 2017

പറന്നിറങ്ങാം കാറില്‍

By: Web Desk | Monday 14 August 2017 7:14 PM IST

ഗതാഗത കുരുക്കുകള്‍ രൂക്ഷമാകുമ്പോള്‍ ഒരു ചിറക് കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. ചിറക് കാറിന് ഘടിപ്പിച്ച് പറക്കാനാകുമെങ്കിലോ? രാജ്യാന്തര കാര്‍ സങ്കല്‍പങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റം വരുത്താനുള്ള എയര്‍ബസിന്റെയും ഇറ്റാല്‍ഡിസൈനിന്റെയും ശ്രമഫലമായാണ് അങ്ങനെ പറക്കും കാര്‍ എന്ന സങ്കല്‍പ്പത്തിന് ചിറക് വിരിഞ്ഞത്. നിരത്തിലും വായുവിലും സഞ്ചരിക്കാന്‍ സാധിക്കുന്ന സെല്‍ഫ് ഫ്‌ലൈയിങ് കാറെന്ന ആശയത്തെ ഇവര്‍ അവതരിപ്പിച്ചത് 2017 ജെയിനെവ മോട്ടോര്‍ ഷോയിലാണ്. പോപ്പ് അപ്പ് സിസ്റ്റം എന്നാണ് ഇവര്‍ തങ്ങളുടെ പുത്തന്‍ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ് പോപ്പ് അപ്പ് സിസ്റ്റം എന്ന് വിശേഷിപ്പിക്കുന്ന കാറുകളുടെ പ്രവര്‍ത്തനാടിസ്ഥാനം. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ മികച്ച യാത്രാ സാഹചര്യം തെരഞ്ഞെടുക്കാനുള്ള സൗകര്യവും പോപ്പ്അപ്പ് സിസ്റ്റത്തില്‍ ഇവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിരത്തിലും വായുവിലും സഞ്ചരിക്കാന്‍ സാധിക്കുന്ന സെല്‍ഫ് ഫ്‌ലൈയിംഗ് കാറുകളുടെ പ്രാധന ഭാഗം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന പാസഞ്ചര്‍ കാപ്‌സ്യൂളാണ്. ഒപ്പം ഹായ് എന്‍ഡ് ടെക്‌നോളജിയുടെ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹൈപ്പര്‍ലൂപ്പ് സിസ്റ്റവുമായി ബന്ധപ്പെടാന്‍ ഫ്‌ലൈയിംഗ് കാറുകള്‍ക്ക് സാധിക്കുമെന്ന് എയര്‍ബസ് വ്യക്തമാക്കുന്നുണ്ട്.
2.6 മീറ്റര്‍ നീളവും, 1.4 മീറ്റര്‍ ഉയരവും, 1.5 മീറ്റര്‍ വീതിയോടും കൂടിയ മോണോകോഖ് കാര്‍ബണ്‍ ഫൈബറിലാണ് ഫ്‌ലൈയിംഗ് കാര്‍ കോണ്‍സെപ്റ്റിനെ എയര്‍ബസ് നിര്‍മ്മിച്ചിട്ടുള്ളത്.
ഗ്രൗണ്ട് മൊഡ്യൂളിലുള്ള കാര്‍ബണ്‍ ഫൈബര്‍ ചാസിയുമായി യോജിച്ച് സിറ്റി കാറായി മാറാന്‍ ഫ്‌ലൈയിംഗ് കാറിന് സാധിക്കും. ബാറ്ററി കരുത്തിലാണ് ഫൈബര്‍ ചാസി പ്രവര്‍ത്തിക്കുക.
ഇനി തിരക്കുള്ള ട്രാഫിക് റോഡുകളില്‍ ഗ്രൗണ്ട് മൊഡ്യൂളില്‍ നിന്നും സ്വയം വേര്‍തിരിഞ്ഞ്, 5/4.4 മീറ്റര്‍ ഉയരത്തിലുള്ള എയര്‍ മൊഡ്യൂളിലേക്ക് ചേക്കേറാന്‍ കാപ്‌സ്യൂളിന് സാധിക്കും. എട്ട് കൗണ്ടര്‍ റൊട്ടേറ്റിങ്ങ് റൊട്ടേറ്ററുകളാണ് എയര്‍ മൊഡ്യൂളിന് ഉള്ളത്. 79 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന രണ്ട് ഇലക്ട്രിക് മോര്‍ട്ടറുകളാണ് ഗ്രൗണ്ട് മൊഡ്യൂളിനുള്ളത്. അതേസമയം, 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന നാല് മോര്‍ട്ടറുകളാണ് ഫ്‌ലൈയിംഗ് മൊഡ്യൂളില്‍ എയര്‍ബസ് ഒരുക്കിയിട്ടുള്ളത്.
യാത്രക്കാരുടെ താത്പര്യപ്രകാരം, നിരത്തിലോ, വായുവിലോ സഞ്ചരിക്കാന്‍ പ്രാപ്തമാകുന്ന മൊഡ്യൂളുകളുമായി യോജിക്കാന്‍ പാസഞ്ചര്‍ കാപ്‌സ്യൂളിന്റെ ഡിസൈനിന് സാധിക്കും. പോപ്പ്അപ്പ് സിസ്റ്റം ഫ്‌ലൈയിങ് കാര്‍ റീചാര്‍ജ്ജ് ചെയ്യാന്‍ 15 മിനുറ്റ് മതിയെന്നാണ് എയര്‍ബസിന്റെ വാദം. അതുകൊണ്ടുതന്നെ യാത്രക്കാരന്‍ ലക്ഷ്യത്തിലെത്തുന്ന പക്ഷം ഫ്‌ലൈയിംഗ് കാറുകള്‍ സ്വയം അതത് റീചാര്‍ജ്ജ് സ്‌റ്റേഷനുകളിലേക്ക് കടക്കും. ഈ വര്‍ഷം അവസാനത്തോടെ തന്നെ സെല്‍ഫ് ഫ്‌ലൈയിങ് കാറുകളുടെ പരീക്ഷണം നടത്താനാണ് എയര്‍ബസും, ഇറ്റാല്‍ഡിസൈനും ലക്ഷ്യമിടുന്നത്.