Friday
21 Sep 2018

ബാങ്കുകളുടെ മേല്‍നോട്ടത്തിനായുള്ള ഡിജി സ്ഥാനം ആര്‍ബിഐയില്‍ ഒഴിഞ്ഞുകിടക്കുന്നു

By: Web Desk | Wednesday 21 February 2018 3:31 PM IST

ന്യൂഡല്‍ഹി: പൊതു – സ്വകാര്യ മേഖലാ ബാങ്കുകളുടെ മേല്‍നോട്ടം വഹിക്കുന്ന
സുപ്രധാന ചുമതലയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡപ്യൂട്ടി
ഗവര്‍ണര്‍ (ഡിജി) സ്ഥാനം ഏഴ് മാസമായി ഒഴിഞ്ഞുകിടക്കുന്നു. ഈ
ചുമതലയിലുണ്ടായിരുന്ന എസ് എസ് മൂന്‍ഡ്ര ജൂലൈയില്‍ വിരമിച്ചതിന് ശേഷം
പകരക്കാരനെ നിയമിച്ചിട്ടില്ല. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും
പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം
വഹിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന ചുമതലയുള്ള
ഡപ്യൂട്ട് ഗവര്‍ണര്‍ സ്ഥാനമാണ് ഇത്രയും മാസമായി ഒഴിഞ്ഞുകിടക്കുന്നത്.
ബാങ്കിങ് മേഖളയില്‍ നിന്നുള്‍പ്പെടെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരാണ്
ആര്‍ബിഐക്കുള്ളത്. സാനവ്പത്തിക വിദഗ്ധനായ വിരാല്‍ ആചാക്യ, പബി പി
കനുന്‍ഗോ, എന്‍ എസ് വിശ്വനാഥന്‍ എന്നിവരാണ് നിലവിലുള്ള ഡപ്യൂട്ടി
ഗവര്‍ണര്‍മാര്‍. എന്നാല്‍ രാജ്യത്താകെയുള്ള ബാങ്കുകളുടെ ചമതലയുള്ള
സുപ്രധാനമായ ഡപ്യൂട്ടി ഗവര്‍ണര്‍ തസ്തിക ഏഴ് മാസമായി നികത്താതെ
കിടക്കുകയാണ്.
ബാങ്കുകള്‍ പരിശോധിക്കുക, വിവിധ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍
വിലയിരുത്തുക തുടങ്ങിയ ജോലികളാണ് ഈ ഡപ്യൂട്ടി ഗവര്‍ണറുടെ നേതൃത്വത്തില്‍
നടക്കേണ്ടത്. ജൂലായില്‍ മുന്‍ഡ്ര വിരമിച്ച ഉടന്‍ തന്നെ തസ്തിക
നികത്തുന്നതിന് നടപടി ആരംഭിക്കുകയും അഭിമുഖമുള്‍പ്പെടെ തയ്യാറാക്കി
യോഗ്യരായവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തുവെങ്കിലും പ്രത്യേകിച്ച്
കാരണമൊന്നും പറയാതെ അത് ഉപേക്ഷിക്കുകയായിരുന്നു. ഒഴിവ് വന്ന്
നാലുമാസങ്ങള്‍ക്കു ശേഷം ഡിസംബറില്‍ വീണ്ടും യോഗ്യരായവരെ
കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
സാധാരണ നിലയില്‍ പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരെയാണ്  ഈ
സ്ഥാനത്തേയ്ക്ക് പരിഗണിക്കാറുണ്ടായിരുന്നത്. എന്നാല്‍ മുന്‍ഡ്ര
വിരമിച്ചതിന് ശേഷം ഒഴിവ് നികത്തുന്നതിന് സ്വകാര്യ ബാങ്ക് മേധാവികളെയും
പരിഗണിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമുണ്ടായി. 1993 ല്‍ ഹര്‍ഷദ്
മേത്തയുടെ ഓഹരി കുംഭകോണമുണ്ടായതിന് ശേഷമാണ് ആര്‍ബിഐക്കു കീഴില്‍ ബാങ്കിങ്
മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയും ഡപ്യൂട്ടി ഗവര്‍ണര്‍
തസ്തികയുമുണ്ടായത്.