Monday
23 Jul 2018

ലോകത്തിന്റെ പി ജി മുത്തച്ഛന്‍

By: Web Desk | Tuesday 26 September 2017 7:00 PM IST

പട്‌ന: ലോകത്തെ ഏറ്റവും പ്രായം ചെന്ന പി ജി വിദ്യാര്‍ഥി രാജ്കുമാര്‍ വൈശ്യ തന്റെ 98-ാം വയസില്‍ നളന്ദ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ (ഇക്കണോമിക്‌സ്) ബിരുദം നേടി.
1938ല്‍ ബിരുദം നേടിയ വൈശ്യ ആവേശഭരിതനാണ്. ”ദീര്‍ഘമായുള്ള എന്റെ സ്വപ്നസാഫല്യം. ഞാനിന്ന് പി ജി നേടി. ഈ പ്രായത്തിലും ഒരാള്‍ക്ക് സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയും. ഞാന്‍ തന്നെ ഉദാഹരണം” വൈശ്യ വ്യക്തമാക്കി.
പരാജയങ്ങളെ നിരസിക്കണമെന്നു യുവാക്കള്‍ക്കു താന്‍ നല്‍കുന്ന സന്ദേശമാണിതെന്ന് വൈശ്യ. ”തന്നില്‍ വിശ്വാസമുണ്ടെങ്കില്‍ അവസരം താനേ എത്തും”- വൈശ്യ.
”ഈ പ്രായത്തില്‍ അതിരാവിലെ എഴുന്നേറ്റ് പരീക്ഷയ്ക്ക് തയാറാവുന്നതു എളുപ്പമായിരുന്നില്ല,” വൈശ്യ പറഞ്ഞു.

വൈശ്യ പുഷ് അപ് ചെയ്യുന്നു

സര്‍വകലാശാലാ അധികൃതര്‍ പറയുന്നത് അദ്ദേഹം 2016ല്‍ ഒന്നാം വര്‍ഷ എംഎയ്ക്ക് മൂന്ന് മണിക്കൂറും ഇരുന്നു പരീക്ഷ എഴുതിയെന്നാണ്. 2017ല്‍ ഫൈനല്‍ പരീക്ഷയ്ക്കും. ഒപ്പമെഴുതിയതു കൊച്ചുമക്കളേക്കാളും പ്രായം കുറഞ്ഞവര്‍.
പ്രായമായെന്നു പറഞ്ഞു സ്വപ്നങ്ങള്‍ അട്ടത്തു വയ്ക്കുന്നവര്‍ക്കുള്ള ഉത്തരമാണ് വൈശ്യ. ഏറ്റവും പ്രായം ചെന്ന പി ജി വിദ്യാര്‍ഥിയെന്ന ലിംക റെക്കോര്‍ഡിന് കഴിഞ്ഞ വര്‍ഷം വൈശ്യ ഉടമയായിരുന്നു.