Wednesday
16 Jan 2019

‘പൊതു ബെഞ്ചി’ന് പറയാനുള്ളത്

By: Web Desk | Sunday 14 January 2018 1:07 AM IST

ജിതേഷ് എസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യവും കാലിക സാഹചര്യങ്ങളും വിഷയമാക്കി തീര്‍ത്തും അധ്യാപക കൂട്ടായ്മയില്‍ പിറവിയെടുത്ത ‘പൊതു ബെഞ്ച് ‘നാടകം ശ്രദ്ധേയമാവുന്നു.
സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ കത്തിപ്പുരയില്‍ നിന്നാണ് മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ആരംഭിക്കുന്നത്. ജാതി-മത- വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ കഞ്ഞി വെച്ച് വിളമ്പിക്കൊടുക്കുന്ന കഞ്യുമ്മ (കഞ്ഞി വെക്കുന്ന ഉമ്മ) എന്ന കഥാപാത്രത്തിലൂടെ നാടകം പുരോഗമിക്കുന്നു. തമ്മില്‍ വിവേചനവും വേര്‍തിരിവും ഇല്ലാതെ ഒരേ പാത്രത്തില്‍ വേവിച്ച ഭക്ഷണം ഒന്നിച്ചിരുന്ന് കഴിച്ച പൊതു ഇടങ്ങള്‍ അഥവാ പൊതു ബെഞ്ച് ഇല്ലാതാകുന്നിടത്ത് വര്‍ഗീയതയും മതമൗലികവാദവും തലപൊക്കുമെന്ന് ‘പൊതു ബെഞ്ച് ‘ഓര്‍മ്മപ്പെടുത്തുന്നു. മതേതരത്വത്തിന്റെ പൊതു ബെഞ്ചായി നാടകം മാറുന്നു.


സ്‌കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ ഇത്തരം പൊതു ഇടങ്ങളാണ് നഷ്ടമാകുന്നതെന്ന് നാടകം പറയുന്നു. കോടതിയുടെ കടന്നു കയറ്റം, കര്‍ഷക സമരങ്ങള്‍, വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, അടച്ചു പൂട്ടിയ സ്‌കൂളുകള്‍ തുറന്ന് സംരക്ഷിച്ചത്, ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിച്ച ഹൈടെക്ക് പദ്ധതി, അക്കാദമിക നിലവാരം ഉയര്‍ത്തിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത്- മുസ്ലിം പീഡനങ്ങള്‍, സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടം, കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന വിദ്യാഭ്യാസകച്ചവടം, ഇടതു സര്‍ക്കാറുകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയ പരിഷ്‌ക്കാരങ്ങള്‍ എന്നിവയെല്ലാം നാടകത്തില്‍ പ്രതിപാദിക്കുന്നു. ചരിത്രബോധമില്ലാത്ത അധ്യാപകരെ വിമര്‍ശിക്കാനും നാടകം മടിച്ചിട്ടില്ല.
നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെല്ലാം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണ്.


മിത്തു തിമോത്തി, കെ ഷാജിമ, ഇ എം പ്രകാശന്‍, ദാസന്‍ പി കെ, പ്രമോദ് പി, കെ അരുണ്‍കുമാര്‍ പേരാമ്പ്ര, നിഖില്‍ എന്‍, വിപിന്‍ ഗോപാല്‍, പ്രജീഷ് കെ, അഭി ജെ ദാസ് എന്നിവരാണ് അഭിനേതാക്കള്‍.
കലാസംവിധാനം നിര്‍വഹിച്ചത് ടി മന്‍സൂര്‍. വേഷം: ദിനേശന്‍ ചേളന്നൂര്‍, പശ്ചാത്തല സംഗീതം: വിനോദ് നിസരി, സംഗീത സംവിധാനം: സുനില്‍ തിരുവങ്ങൂര്‍, സംവിധാന സഹായം: അനില്‍ പി സി പാലം. വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗാനരചന,നാടകരചന,സംവിധാനം എല്ലാം നിര്‍വഹിച്ചത് നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷിബു മുത്താട്ട് ആണ്.
കോഴിക്കോട് കെഎസടിഎ കലാവേദിയാണ് നാടകം അരങ്ങില്‍ എത്തിക്കുന്നത്. കണ്ണൂരില്‍ നടന്ന സംസ്ഥാന അധ്യാപക കലോത്സവത്തില്‍ മികച്ച നാടകമായി ‘പൊതു ബെഞ്ച്’ തെരഞ്ഞെടുക്കപ്പെട്ടു. ഈ നാടകത്തിലെ ആഭിനയത്തിന് മിത്തു തിമോത്തിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.