Sunday
19 Nov 2017

പട്ടിണി; കുട്ടികളുടെ ഭാരക്കുറവിലും ഇന്ത്യ മുന്നില്‍

By: ആഷ്‌ലി മേരി തോമസ് | Friday 20 October 2017 7:31 PM IST

ന്യൂഡല്‍ഹി:

അഞ്ചു വയസ്സിനും 19 വയസ്സിനുമിടയില്‍ അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം ലോകത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ 2022 ആകുമ്പോഴേക്കും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം ലോകത്തില്‍ കുതിച്ചുയരും. ന്യൂ ഗ്ലോബല്‍ പഠനം വ്യക്തമാക്കുന്നു. 1975-2016 കാലയളവിലെ വിവരങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

ലോക ആരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ) യിലും ലാന്‍സെറ്റി (മെഡിക്കല്‍ ജേണല്‍) ലും പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ഇത് നേര്‍ വിപരീതമാണ്. രാജ്യത്തെ കുട്ടികളിലധികവും ശോഷിച്ച ആരോഗ്യസ്ഥിതിയിലാണ് കാണപ്പെടുന്നത്. പോഷണക്കുറവാണ് ഇതിനുള്ള കാരണം. ലോകത്തിലേക്കും വച്ച് പോഷണശേഷി കുറഞ്ഞ കുട്ടികളുള്ള രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. 2016 ല്‍ ഇന്ത്യയില്‍ 97 മില്ല്യണ്‍ ഭാരക്കുറവുള്ള കുട്ടികളെ കണ്ടെത്തി. ആഗോള തലത്തില്‍ ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണെന്ന് പഠന റിപ്പോര്‍ട്ട്.

പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 29 രാജ്യങ്ങളില്‍ ഒരു ശതമാനം കുട്ടികള്‍ക്ക് ഭാരക്കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ ഏഷ്യയിലും ഇന്ത്യയിലുമാണ് ഇത് ഏറ്റവും കൂടുതല്‍. ഇന്ത്യയില്‍ അഞ്ചു പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടിക്കും (22.7%), മൂന്നു ആണ്‍കുട്ടികളില്‍ ഒരു ആണ്‍കുട്ടിക്കു (30.7%)മായാണ് ഭാരക്കുറവ് കാണപ്പെടുന്നത്.

ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ദുര്‍ബലമായ നൈഗര്‍, സെനിഗല്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, കമ്പോഡിയ എന്നീ രാജ്യങ്ങളിലെ കുട്ടികളിലും ഭാരക്കുറവ് കാണപ്പെടുന്നു.

ശരീര ഭാര സൂചിക (ബിഎംഐ) യുടെ വിശകലനത്തില്‍ അഞ്ച് വയസ്സിനടയിലുള്ള 130 മില്ല്യണിലധികം കുട്ടികള്‍ക്ക് ഭാരക്കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആഗോള പട്ടിണി സൂചികയില്‍ 119 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 100 ആണ് ഇതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടുവെന്ന് ഇന്ത്യ സ്‌പെന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ പത്തില്‍ ഒരു കുട്ടിക്ക് മാത്രം നല്ല പോഷകാഹാരം

രാജ്യത്ത് പത്തില്‍ ഒരു കുട്ടിക്കാണ് ശരിയായ പോഷകാഹാരം ലഭിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌കീമിന്റെ  (ഐസിഡിഎസ്) പദ്ധതികള്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ആരോഗ്യം, കുടുംബക്ഷേമം എന്നിവയില്‍ യാതൊരു പുരോഗതിയുമുണ്ടാക്കിയിട്ടില്ല. ഇതിനുവേണ്ടി രാഷ്ട്രീയ ശക്തികള്‍ വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല. ഇതെല്ലാം പ്രാവര്‍ത്തികമാകാത്തതിനു പിന്നിലുള്ള കാരണങ്ങള്‍ ചികയാന്‍ ആര്‍ക്കും നേരമില്ല.

ആഗോളതലത്തില്‍ 6 ശതമാനം പെണ്‍കുട്ടികള്‍ക്കും 8 ശതമാനം ആണ്‍കുട്ടികള്‍ക്കും അമിതവണ്ണവും 8.4 ശതമാനം പെണ്‍കുട്ടികള്‍ക്കും 12.4 ശതമാനം ആണ്‍കുട്ടികള്‍ക്കും ഭാരക്കുറവും കണ്ടെത്തി. ഇന്ത്യയിലാകട്ടെ, പെണ്‍കുട്ടികള്‍ക്ക് 2 ശതമാനത്തില്‍ കുറവും ആണ്‍കുട്ടികള്‍ക്ക് 1 ശതമാനത്തില്‍ കുറവുമാണ് അമിതവണ്ണം. 22.7 ശതമാനം പെണ്‍കുട്ടികള്‍ക്കും 30.7 ശതമാനം ആണ്‍കുട്ടികള്‍ക്കും ഭാരക്കുറവ് കാണപ്പെടുന്നു, പഠനം വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ 1975 ല്‍ 11 മില്ല്യണ്‍ കുട്ടികളില്‍ അമിതഭാരം കണ്ടെത്തി. 2016 ആയപ്പോഴേക്കും ഇത് 124 മില്ല്യണ്‍ ആയി ഉയര്‍ന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ പട്ടിണി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വലുതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പദ്ധതികള്‍ നടപ്പിലാക്കിയാല്‍ പോഷകാഹാരക്കുറവ് ഫലപ്രദമായി വേഗത്തില്‍ പരിഹരിക്കാം.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനു ഈ പ്രവര്‍ത്തനങ്ങള്‍ സഹായകമാകും. ഇതിന് കൂടുതല്‍ സമഗ്രമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Pic courtesy: India Spend