Saturday
20 Jan 2018

ഇടുക്കിയില്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ വൈദ്യുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

By: Web Desk | Monday 30 October 2017 10:18 PM IST

ജോമോന്‍ വി സേവ്യര്‍

തൊടുപുഴ: വൈദ്യുതി വേലിയില്‍ തട്ടി കാട്ടാനകള്‍ ചരിഞ്ഞതിനെക്കുറിച്ച് വൈദ്യുതി വകുപ്പ് അന്വേഷണം തുടങ്ങി. വൈദ്യുതി വേലിയില്‍ കൂടി അനുവദിനീയമായതില്‍ കൂടുതല്‍ വൈദ്യുതി കടത്തി വിട്ടതിനാലാണ് കാട്ടാനകള്‍ ചരിയാനിടയാക്കിയതെന്ന് വൈദ്യുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചിന്നക്കനാലില്‍ ടോമിന്‍ തച്ചങ്കരിയുടെ കുടുംബവക എസ്‌റ്റേറ്റില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ നിന്ന് വൈദ്യുതി പ്രവാഹമേറ്റ് ആന ചരിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുത വേലിയുടെ പ്രവര്‍ത്തനം വൈദ്യുതി വകുപ്പ് അധികൃതര്‍ നിര്‍ത്തി വെച്ചിരിന്നു.
കഴിഞ്ഞ ദിവസം ദേവികുളം ഫാക്ടറി ഡിവിഷനില്‍ പുല്‍മേട്ടില്‍ ആന ചരിഞ്ഞത് തോട്ടങ്ങളില്‍ വന്യമൃഗങ്ങള്‍ കാണാതിരിക്കാനായി സ്ഥാപിച്ചിരുന്ന കമ്പി വേലികളില്‍ കൂടി ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി കടത്തിവിട്ടതുമൂലമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവിടുത്തെ ജോലിക്കാരനെ അറസ്റ്റ് ചെയ്യുകയും അനധികൃതമായി വൈദ്യുതി കടത്തിവിട്ടതിന് കെ എസ് ഇ ബി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. ചിന്നക്കനാല്‍,മൂന്നാര്‍,ദേവികുളം മേഖലകളില്‍ റിസോര്‍ട്ട് എസ്‌റ്റേറ്റ് മാഫിയകള്‍ വൈദ്യുതി-വനം വകുപ്പുകളുടെ യാതൊരു അനുമതിയും കൂടാതെയാണ് വേലികള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി ഇടുക്കി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുകളില്‍ വൈദ്യുതിവേലി സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ആരും അപേക്ഷ നില്‍കിയിട്ടില്ല. എന്നാല്‍ പുതുതായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് ചുറ്റും വൈദ്യുതിവേലികള്‍ക്ക് ഉയരുന്നുമുണ്ട്. ബി ഗ്രേഡ് ലൈസന്‍സുള്ള കോണ്‍ട്രാക്ടര്‍ മുഖേന അപേക്ഷിച്ചാല്‍ മാത്രമേ വൈദ്യുതി വേലി സ്ഥാപിക്കാനുള്ള അനുമതി ലഭിക്കുകയുള്ളു.
കെ എസ് ഇ ബി നിഷ്‌ക്കര്‍ഷിക്കുന്ന അളവില്‍ വൈദ്യുതി കടത്തി വിടാവുന്ന വേലികള്‍ സ്ഥാപിച്ചതുകൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് തോട്ടമുടമകള്‍ പറയുന്നത്. സ്ഥിരമായി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ക്ക് വോള്‍ട്ട് കുറഞ്ഞ വൈദ്യുതി വേലികളില്‍ നിന്ന് ചെറിയ ഷോക്കേറ്റാലും കാര്യമാക്കാറില്ല. ഇത്തരത്തിലുള്ള നിരവധി വേലികള്‍ തകര്‍ത്ത് കാട്ടാനകള്‍ ആക്രമണം കാട്ടിയതോടെയാണ് വോള്‍ട്ട് കൂടിയ വേലികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കാട്ടാനകളെ കരുതിക്കൂട്ടി കൊല്ലുന്നതിന് വേണ്ടിയാണ് എസ്റ്റേറ്റ് റിസോര്‍ട്ട് മാഫിയകള്‍ ഉയര്‍ന്ന വോള്‍ട്ടിലുള്ള അനധികൃത വേലികള്‍ സ്ഥാപിക്കുന്നതെന്നാണ് പരിസ്ഥിതി വാദികളും ആനപ്രേമികളും പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം വേലികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ചിന്നക്കനാലിലും ദേവികുളത്തും വൈദ്യുതി ആഘാതമേറ്റ് ആന ചരിഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ പകുതിയോടെ ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറും.

Related News