Thursday
19 Jul 2018

പ്രഭാകരന്റെ കണ്ടുപിടുത്തങ്ങള്‍ വീണ്ടും ശ്രദ്ധേയമാകുന്നു

By: Web Desk | Thursday 26 October 2017 9:28 PM IST

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം: വൈദ്യുതി നിലച്ചാല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ജനറേറ്ററും കളര്‍ഗാര്‍ഡ് എന്ന ഏലക്കാ ഡ്രൈയറും നിര്‍മ്മിച്ച് തൂക്കുപാലം കുന്നത്തുകാട്ടില്‍ പ്രഭാകരന്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു.
ജനറേറ്റര്‍ മൊബൈല്‍ ഫോണ്‍ വഴിയും പ്രവര്‍ത്തിപ്പിക്കാനാകും. ജനറേറ്റര്‍ ഓണ്‍ ആക്കുമ്പോഴും ഓഫ് ആക്കുമ്പോഴും ഇതില്‍ സെറ്റ് ചെയ്തിരിക്കുന്ന രണ്ട് മൊബൈലുകളിലേക്ക് മെസേജ് എത്തും. മാത്രമല്ല വൈദ്യുതി നിലച്ചാല്‍ എത്ര മിനിറ്റിനകം ജനറേറ്റര്‍ ഓണ്‍ ആകണമെന്ന് മുന്‍കൂട്ടിസെറ്റ് ചെയ്ത് വയ്ക്കുവാനും കഴിയും. വൈദ്യുതി നിലയ്ക്കുമ്പോള്‍ പവര്‍ ലൈനില്‍ നിന്നും ഓട്ടോമാറ്റിക് ആയി ജനറേറ്ററിലേക്ക് കണക്ഷന്‍ മാറുകയും വൈദ്യുതി എത്തുമ്പോള്‍ ഇവ വീണ്ടും പവര്‍ ലൈനിലേക്ക് മാറുകയും ചെയ്യും. ഇതിന് 45,000 രൂപ മുതല്‍ പവര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മാണച്ചെലവ് വരും.
കളര്‍ഗാര്‍ഡ് എന്ന ഏലക്കാ ഡ്രൈയര്‍ ഉപയോഗിച്ചാല്‍ ഒരു മണിക്കൂര്‍ മുതല്‍ 3 മണിക്കൂര്‍ വരെ സമയം ലാഭം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതനുസരിച്ച് ഏലക്കാ ഉണങ്ങുന്നതിന് ഇന്ധന ലാഭവും ഉണ്ടാകും. കൃത്രിമ കളര്‍ ചേര്‍ക്കാതെ തന്നെ ഏലക്കായ്ക്ക് നല്ല കളര്‍ ലഭിക്കും എന്നതും ഈ ഡ്രൈയറിന്റെ പ്രത്യേകതയാണ്. വോള്‍ട്ടേജ് വ്യതിയാനം ഈ ഉപകരണത്തെ ബാധിക്കാത്ത തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 75,000 രൂപ വരെയാണ് നിര്‍മ്മാണ ചെലവ്.
കപ്പല്‍ ജോലിക്കാരന്‍ ആയിരുന്ന ഇദ്ദേഹം പിന്നീട് തൂക്കുപാലത്ത് എത്തി ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണവും ആരംഭിക്കുകയായിരുന്നു. 20 വര്‍ഷത്തിന് മുമ്പ് രാമക്കല്‍മേട്ടിലെ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന് തെളിയിക്കുന്ന മിനി കാറ്റാടി നിര്‍മ്മിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചതായിരുന്നു ആദ്യ കണ്ടുപിടുത്തം. പിന്നീട് വൈദ്യുതി വിതരണ പ്രസരണ രംഗത്ത് ആവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു.
ഹൈ വോള്‍ട്ടേജ് വൈദ്യുതിയിലും തൊട്ടാല്‍ ഷോക്കേല്‍ക്കാത്ത ലൈറ്റിനിംഗ് അറസ്റ്റ് എന്ന ഉപകരണവും പ്രഭാകരനെ ശ്രദ്ധേയനാക്കി. ഇത് വീടുകളിലും മറ്റും സ്ഥാപിച്ചാല്‍ ഫ്യൂസ്, സ്റ്റെപ്അപ്പ്, സ്റ്റെബിലൈസര്‍ തുടങ്ങിയവ ഒഴിവാക്കുവാന്‍ സാധിക്കും. വൈദ്യുതി ബോര്‍ഡിനും ഈ ഉപകരണം പ്രയോജനകരമായിരുന്നു. നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയെങ്കിലും ഇവയുടെ പേറ്റന്റ് സ്വന്തമാക്കുവാനോ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുവാനോ പലവിധ കാരണങ്ങളാല്‍ കഴിഞ്ഞിട്ടില്ല. ഭാര്യ രാജമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് പ്രഭാകരന് പ്രോത്സാഹനം.