Monday
19 Nov 2018

പ്രണയത്തീത്തുള്ളികള്‍

By: Web Desk | Sunday 11 February 2018 1:37 AM IST

റഫീക്ക് അഹമ്മദ്

1
എത്ര സത്യങ്ങളെയാണ്
പ്രണയം അസത്യമാക്കുന്നത്
എത്ര അസത്യങ്ങളെയാണത്
സത്യമാക്കുന്നത്.
2
ആയിരക്കണക്കിന്
നിമിഷങ്ങള്‍ക്കിടയില്‍ നിന്ന്
അന്നു നീ പൊടുന്നനെ
എന്നെ തിരിഞ്ഞു നോക്കിയ
ആ നിമിഷം മാത്രം ഇപ്പോഴും
കിടന്നു തിളങ്ങുന്നു.
3
മലകളില്‍ എങ്ങനെ
തെളിനീരു പൊട്ടുന്നു
കഠിനമാം രൂക്ഷമാം ശിലകളിലൂടത്
നുരയുന്നു, കുതറുന്നു
കുതറിക്കൊണ്ടു പായുന്നു
കടലോടു ചോദിക്കു, തിരകളടങ്ങിയാ-
ലൊരുവേള അതു നിന-
ക്കുത്തരം തന്നിടും.
4
വണ്ടേ, നീ തുളച്ചതാണീ മുറിവുകള്‍
നിനക്ക് വേണ്ടിയിരുന്നത്
കേട്ടു മറക്കാന്‍
ഒരു മധുരഗാനം മാത്രം.
5
ഇരുണ്ട ഒരു രാത്രി വേണം
ഇടയ്ക്കിടയ്ക്ക്
മിന്നല്‍ വേണം
മിന്നല്‍ വെളിച്ചത്തില്‍
മുജ്ജന്മത്തിലെ
നീ തെളിയണം.