Thursday
24 Jan 2019

വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുകയാണ്

By: Web Desk | Sunday 17 September 2017 1:43 AM IST

ഗോരക്ഷയുടെയും ബീഫ് നിരോധനത്തിന്റെയും പേരില്‍ സംഘപരിവാര്‍ രാജ്യത്ത് ഉറഞ്ഞുതുള്ളുകയാണ്. ഭാരതീയ സംസ്‌കാരത്തില്‍ സദാ ഊറ്റംകൊള്ളുന്നവര്‍ തന്നെ അസഹിഷ്ണുതയുടെ പ്രയോക്താക്കളും വക്താക്കളുമായി അരങ്ങുതകര്‍ക്കുകയാണ്. വസുധൈവ കുടുംബകമെന്ന ഭാരതീയ സങ്കല്‍പ്പത്തെ തൃണവല്‍ഗണിച്ച് ഹിന്ദുത്വ അജണ്ടയെ മാത്രം ആശ്ലേഷിക്കുന്നവര്‍ രാജ്യത്തിന്റെ മതനിരപേക്ഷ-സൗഹാര്‍ദ അന്തരീക്ഷമാണ് അട്ടിമറിക്കുന്നത്. ഈ ഭീതീദമായ സമകാലിക അന്തരീക്ഷത്തെകുറിച്ച് പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കെ കെ ശ്രീനിവാസനോട്  സംസാരിക്കുന്നു

?ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷും വധിക്കപ്പെട്ടു. വിദേ്വഷത്തിന്റെ രാഷ്ട്രീയവും അസഹിഷ്ണുതയും സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കുകയാണ്
ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉന്മൂലനം ചെയ്യുക. അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയെന്ന അപകടകരമായ സാമൂഹ്യ അന്തരീക്ഷമാണിത്. സംഘപരിവാറിലെ കടുത്ത തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുവാന്‍ ബിജെപിയിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വരുത്തിര്‍ക്കാനുള്ള ശ്രമത്തിലുമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ തങ്ങളുടെ ആശയങ്ങള്‍ക്കെതിരെ രംഗത്തുവരുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന അജന്‍ഡ നടപ്പിലാക്കുന്നതില്‍ ബിജെപി-സംഘപരിവാര്‍ നേതൃത്വങ്ങളുടെ പിന്തുണയും സമ്മതവുമുണ്ടെന്ന് വ്യക്തം.
എന്തിനധികം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായ മന്ത്രിമാരടക്കമുള്ളവര്‍ വിദേ്വഷത്തിന്റെ രാഷ്ട്രീയത്തിന് ചൂട്ടുപിടിച്ച് അസഹിഷ്ണുതയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് തീര്‍ത്തും അപകടകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ.

? ഇക്കാര്യത്തില്‍ ചില മാധ്യമങ്ങളും സംഘപരിവാറിനെ പിന്തുണയ്ക്കുന്നില്ലേ
തീര്‍ച്ചയായും പിന്തുണയ്ക്കുന്നുണ്ട്. നല്ലൊരു പങ്ക് മാധ്യമങ്ങള്‍ സംഘപരിവാറിന്റെ സാമുദായിക അജന്‍ഡകളെയും അക്രമണങ്ങളെയും ന്യായീകരിക്കുന്നതില്‍ മത്സരിക്കുകയാണ്. ടൈംസ് നൗ, റിപ്പബ്ലിക്, സീ ന്യൂസ്, ധനിക് ജാഗരണ്‍ തുടങ്ങിയ മാധ്യമങ്ങള്‍ ആര്‍എസ്എസ് ബിജെപി ഹിന്ദുത്വ രാഷ്ട്രീയ പ്രചാരകരായി മാത്രം തരംതാഴ്ന്നിരിക്കുകയാണ്.

? കേരളത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ആര്‍എസ്എസും ബിജെപിയും ദേശീയതലത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണ്. ഇതെന്തുകൊണ്ടായിരിക്കും
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്ന് പ്രചരിപ്പിക്കുകയാണ് ആര്‍എസ്എസ്. അവിടെ അക്രമങ്ങളും പ്രത്യാക്രമണങ്ങളുമുണ്ട്. സ്വതന്ത്ര മതേതര ചിന്താഗതിക്കാരായ സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ കൊല ചെയ്യപ്പെടുന്നത് കാണുവാന്‍ കൂട്ടാക്കുന്നില്ലെന്നുള്ള വിമര്‍ശനമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്. അത് ഒട്ടും ശരിയല്ല. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും രാഷ്ട്രീയം നോക്കാതെ തന്നെ കൃത്യമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഗൗരി ലങ്കേഷിന്റേതടക്കമുള്ള അവരുടെ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതിനുള്ള പിന്‍ബലമായിട്ടാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ദേശിയ തലത്തിലേയ്ക്ക് ആര്‍എസ്എസ് – ബിജെപി വലിച്ചിഴയ്ക്കുന്നത്.

? ഗോരക്ഷ, ബീഫ് നിരോധനം തുടങ്ങിയവയുടെ പേരിലുള്ള ആള്‍ക്കൂട്ടഹത്യകള്‍ തുടരുകയാണ്
ഇതെല്ലാം രാജ്യത്തെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിക്കുന്നതിനുള്ള സംഘപരിവാര്‍ തന്ത്രങ്ങളാണ്. ലൗജിഹാദ് എന്ന പ്രചരണവും ഇതിന്റെ ഭാഗമാണ്. ബീഫ് നിരോധിച്ച് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും രണ്ട് ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കുക, പ്രത്യേകിച്ചും ഹിന്ദി മേഖലയില്‍. ഇതിലൂടെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സാമുദായിക ധ്രുവീകരണ തന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നത്.

? റോഹിങ്ക്യ അഭയാര്‍ഥികളെ സംബന്ധിച്ച കേസില്‍ താങ്കളാണല്ലോ അഭയാര്‍ഥികള്‍ക്കുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരാകുന്നത്. കേസിന്റെ അന്തിമവിധി എന്തായിരിക്കും
കേസിന്റെ അന്തിമവിധി എന്തായിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുവാനാകില്ല. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ബര്‍മയിലേയ്ക്ക് മടക്കി അയയ്ക്കരുതെന്നും അവരോട് മാനുഷിക പരിഗണന കാണിക്കണമെന്നുമാണ് കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ബര്‍മയില്‍ അവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ പെരുകുകയാണ്. അവര്‍ വംശഹത്യയ്ക്ക് വിധേയമാക്കപ്പെടുകയാണ്. ഇത്തരമൊരു അന്തരീക്ഷത്തില്‍ ബര്‍മയിലേയ്ക്ക് മടങ്ങിപോകേണ്ടിവരുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഇവിടെ എത്തിപ്പെട്ടിട്ടുള്ളവരുടെ ആശങ്ക അതീവ ഗൗരവത്തോടെ കണക്കിലെടുക്കണം. അഭയാര്‍ഥികള്‍ക്ക് ഇന്ത്യ അഭയ കേന്ദ്രമാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ടിബറ്റന്‍ ജനതയ്ക്ക് അഭയം നല്‍കിയവരാണ് നമ്മള്‍. അരുണാചല്‍ പ്രദേശിലെ ചക്മാ അഭയാര്‍ഥികള്‍ക്കും.
ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികളെയും ഇന്ത്യ സ്വീകരിച്ചില്ലേ? എന്തിനധികം ബംഗ്ലാദേശ് പ്രതിസന്ധി വേളയില്‍ പതിനായിരക്കണക്കിന് അഭയാര്‍ഥികളെ നാം സ്വീകരിച്ചില്ലേ? അന്തര്‍ദേശീയ അഭയാര്‍ഥി നിയമങ്ങളെ ഇന്ത്യ എക്കാലവും മാനിച്ചിട്ടുണ്ടെന്ന് ചുരുക്കം. ക്രിസ്റ്റ്യന്‍, പാഴ്‌സി, സിക്ക്, ജയിന്‍ തുടങ്ങിയ അഭയാര്‍ഥികളെ ഏറ്റെടുക്കുവാന്‍ തയാറാണെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ റോഹിങ്ക്യ മുസ്‌ലിം അഭയാര്‍ഥികളെ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ പ്രകടമാകുന്നത് മുസ്‌ലിം ജനതയോടുള്ള സംഘപരിവാര്‍ നീരസത്തിന്റെ മറ്റൊരു ഭീകരമുഖമാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാവില്ല.

? രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുകയാണ്. ആത്മഹത്യകളും. അവര്‍ക്കാരും പക്ഷേ ആശ്വാസമേകുന്നില്ല
രാജ്യത്തെ കര്‍ഷകര്‍ അതീവ ഖേദകരമായ അവസ്ഥയിലാണ്. കൃഷി ചെയ്ത് വരുമാനമുണ്ടാക്കി ജീവിതം കരുപിടിപ്പിക്കാനാകുമെന്ന അവസ്ഥയിലല്ല കാര്‍ഷികരംഗം. ജനസംഖ്യയിലെ പകുതിയിലധികം പേര്‍ക്കും കൃഷി ഉപജീവനോപാധിയാണ്. കര്‍ഷകരുടെ ആവലാതികളെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൃഷി ചിലവിന് ആനുപാതികമായി വിളകള്‍ക്ക് താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന നിര്‍ദേശമടക്കമുള്ളവ വലിയൊരു പരിധി വരെ കര്‍ഷക സമൂഹത്തിന് ആശ്വാസമാകും. തങ്ങളധികാരത്തിലേറിയാല്‍ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് 2014 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി പറഞ്ഞിരുന്നു. അധികാരത്തിലേറിയപ്പോള്‍ അത് പക്ഷേ പാടേ വിസ്മരിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുംപോലുള്ള സഹായങ്ങള്‍ നല്‍കുന്നതിന് പണമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പക്ഷേ അഹമ്മദാബാദ്-മുംബൈ അടക്കമുള്ള റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ലക്ഷം കോടി രൂപ വാരിയെറിയുന്നത് മോഡി സര്‍ക്കാരിന് ഒരു പിശുക്കുമില്ല, മടിയുമില്ല.

? കോടികളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ മോഡി സര്‍ക്കാരിന് വൈമുഖ്യം

കര്‍ഷകരെ സഹായിക്കുന്നതിലാകട്ടെ സര്‍ക്കാരിന് തിര്‍ത്തും വിമുഖത
അതെയതെ. മുതലാളിത്തത്തിന്റെ ഉറ്റ മിത്രങ്ങളായ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ ബാങ്കുകളെ കൊള്ളയടിക്കുകയാണ്. അവരുടെ കോടികളുടെ ബാങ്ക് വായ്പകളൊന്നും തിരിച്ചടയ്ക്കാതെ കിട്ടാക്കടങ്ങളുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. അംബാനിമാരും അദാനിയും റൂയിയയുമടക്കമുള്ളവര്‍ പൊതുപണം കൊള്ളയടിക്കുകയാണ്. വിജയ് മല്യയെപോലുള്ളവരെ രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഈ കോര്‍പ്പറേറ്റുകളുടെ ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായുള്ള ആത്മാര്‍ഥ നടപടികളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതേയില്ല. കര്‍ഷകരുടെ കടം പക്ഷേ എഴുതിത്തള്ളുന്നതിലും സബ്‌സിഡി അനുവദിക്കുന്നതിലും സര്‍ക്കാര്‍ അതീവ വൈമുഖ്യത്തിലാണെന്നത് തീര്‍ത്തും ശരിയാണ്. കര്‍ഷകരെക്കാള്‍ കേന്ദ്രസര്‍ക്കാരിന് പ്രിയം പൊതുപണം കൊള്ളയടിക്കുന്നവരോടാണെന്നാണ് ഇവിടെ വ്യക്തമാകുന്നത്.