Wednesday
16 Jan 2019

പ്രത്യാശയുടെ പാഠപുസ്തകം

By: Web Desk | Sunday 14 January 2018 1:23 AM IST

ഇളവൂര്‍ ശ്രീകുമാര്‍  

പണമില്ലാത്തതുകൊണ്ട് ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ അവളുടെ കണ്ണുകള്‍ ഭയത്തിന്റെ കരിനിഴല്‍ വീണ് വിവര്‍ണമായിരിക്കും. ചെയ്യുന്നത് തെറ്റാണെന്നറിയാവുന്നതുകൊണ്ട് ടിക്കറ്റ് പരിശോധകന്‍ വരുന്നുണ്ടോ എന്ന് കണ്ണുകള്‍ നാലുപാടും പരതിക്കൊണ്ടിരിക്കും. പട്ടിണികൊണ്ട് ഒട്ടിയ വയറും തീരാദുരിതങ്ങളോട് പൊരുതിത്തോറ്റ മനസ്സും ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കാനുള്ള വിവേചനശക്തി പോലും അവളില്‍നിന്ന് എടുത്തു കളഞ്ഞിരുന്നു. സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കാന്‍ തുടങ്ങുന്ന കാലത്ത് കൊടിയ പീഡനങ്ങളുടെ പരമ്പരകളേല്‍പിച്ച മുറിവില്‍നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യയിലഭയം തേടാന്‍ ശ്രമിച്ച പെണ്‍കുട്ടി – പില്‍ക്കാലത്ത് ഇന്ത്യന്‍  രാഷ്ട്രപതിയില്‍നിന്ന് രാജ്യത്തെ മികച്ച സംരംഭകയ്ക്കുള്ള പത്മശ്രീ ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ ഈ ചിത്രങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.

സങ്കടക്കയങ്ങളില്‍ എരിഞ്ഞമര്‍ന്ന ബാല്യത്തില്‍നിന്നും കല്‍പന സരോജ് എന്ന കോടീശ്വരിയിലേക്കെത്താന്‍ അവര്‍ സഞ്ചരിച്ച ദൂരം ചെറുതല്ല. എല്ലാം സഹിക്കുവാന്‍ വിധിക്കപ്പെട്ടവളാണ് പെണ്ണെന്ന അലിഖിത നിയമത്തെ സ്വന്തം ഇച്ഛാശക്തികൊണ്ട് നേരിട്ട്, ശ്രമിച്ചാല്‍ അസാദ്ധ്യമായി ഒന്നുമില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച കല്‍പന സരോജ്  പ്രതിസന്ധികളില്‍ പതറിനില്‍ക്കുന്ന ഏതൊരാള്‍ക്കും ഇന്ന് പ്രത്യാശയുടെ ഊര്‍ജ്ജസ്രോതസ്സാണ്. മരണത്തിനുപോലും തന്നെ വേണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഒരു വെല്ലുവിളിയോടെ ജീവിതത്തിലേക്ക് എടുത്തുചാടി പൊരുതിക്കയറിയവള്‍. അതെ, കല്‍പന സരോജിന്റെ ജീവിതം നമുക്ക് വലിയൊരു പാഠപുസ്തകമാണ്.

1961 ല്‍ മഹാരാഷ്ട്രയിലെ രൂപെര്‍ഖേഡയില്‍ ജനിച്ച കല്‍പനയുടെ ബാല്യകാലം ഓര്‍ക്കുവാന്‍ നല്ലതൊന്നും അവള്‍ക്കു സമ്മാനിച്ചില്ല. അഞ്ചു മക്കളില്‍ മൂത്തവള്‍. ജാതീയതയുടെയും അസ്പൃശ്യതയുടെയും വേരുകള്‍ ആഴത്തില്‍ പതിഞ്ഞുകിടന്നിരുന്ന ഗ്രാമത്തില്‍ ഉയര്‍ന്ന ജാതിക്കാരോടൊപ്പം കളിചിരികളിലേര്‍പ്പെടാനോ പഠിക്കാനോ അവള്‍ക്കായില്ല. കാരണം അവള്‍ ദളിത് വിഭാഗത്തില്‍പെട്ടവളായിരുന്നു. പഠിക്കാന്‍ മിടുക്കിയായ അവളെ ക്ലാസില്‍ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്താതെ ഒരു മൂലയിലേക്ക് മാറ്റിയിരുത്തി. ശൈശവ വിവാഹം സമ്മാനിച്ച ദുരിതങ്ങള്‍ജീവിതമെന്തെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത പ്രായത്തില്‍ വിവാഹിതയാകാന്‍ അവള്‍ നിര്‍ബന്ധിതയായി. പന്ത്രണ്ടാം വയസില്‍ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചു. കല്‍പനയുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നാളുകളായിരുന്നു ഭര്‍തൃവീട്ടിലെ ജീവിതം. കല്‍പന തന്നെ പറയുന്നത് നോക്കൂ:

”പത്തുപേരുണ്ടായിരുന്ന ആ വീട്ടിലെ മുഴുന്‍ ജോലിയും പന്ത്രണ്ടുകാരിയായ ഞാന്‍ ചെയ്യണമായിരുന്നു. ചെറിയ കുറ്റങ്ങള്‍പോലും കണ്ടുപിടിച്ച് അവരെന്നെ തെറിപറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ക്രൂരമായ അടിയും ചവിട്ടുമേറ്റ് ഞാന്‍ തളര്‍ന്നു. മാനസികമായും ശാരീരികമായും തകര്‍ന്ന ഞാന്‍ ഒരു ജീവച്ഛവമായി.” ആറുമാസത്തിനു ശേഷം മകളെക്കാണാനെത്തിയ പിതാവ് അവളുടെ രൂപം കണ്ട് പൊട്ടിക്കരഞ്ഞുപോയി. ഇനിയുമവിടെ നിന്നാല്‍ മകളുടെ ജീവന്‍തന്നെ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ അച്ഛന്‍ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അവഗണനയുടെ നാളുകള്‍ 

അക്കാലങ്ങളില്‍ വിവാഹം കഴിച്ചയച്ച പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നത് വലിയൊരപരാധമായാണ് സമുദായം കണ്ടിരുന്നത്. പിഴച്ചവള്‍ എന്ന വിശേഷണമാണ് സമൂഹം അവര്‍ക്ക് നല്‍കിയിരുന്നത്. പുറത്തിറങ്ങാന്‍പോലും കഴിയാത്തവിധം ബന്ധുക്കളും സമുദായവും നാട്ടുകാരും അവളെ അധിക്ഷേപങ്ങള്‍കൊണ്ട് മൂടി. എവിടെയും പരിഹാസം. ഈ കുഞ്ഞു പ്രായത്തിനുള്ളില്‍ അവളനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് കേള്‍ക്കാന്‍ ഒരാളും തയ്യാറായില്ല. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകളായിരുന്നു പിന്നീട്. എന്തെങ്കിലും ഒരു ജോലിക്കുവേണ്ടി അവള്‍ പല ശ്രമങ്ങളും നടത്തി.

രണ്ടു കാരണങ്ങളാല്‍ എല്ലാം പരാജയപ്പെട്ടു. ഒന്ന്, പ്രായക്കുറവ്. രണ്ട് വേണ്ടത്ര വിദ്യാഭ്യാസമില്ല. പിടിച്ചുനില്‍ക്കാനുള്ള എല്ലാ വാതിലുകളും അവള്‍ക്കുമുന്നില്‍ അടയുകയായിരുന്നു. അവള്‍ ചിന്തിച്ചു; ജീവിക്കാനല്ലേ ഇത്ര ബുദ്ധിമുട്ട്, മരിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ. ഒടുവിലവള്‍ തീരുമാനമെടുത്തു, തന്നെ ആവശ്യമില്ലാത്ത ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി യാത്ര പറയുക. അങ്ങനെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി  മുഴുവനും കുടിച്ചു! പക്ഷേ അവിടെയും അവള്‍ പരാജയപ്പെട്ടു. തക്ക സമയത്ത് അവളെക്കണ്ട ഒരു ബന്ധു കല്‍പനയെ ആശുപത്രിയെത്തിച്ചു. ആശയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ജീവിതത്തിലേക്ക് തിരികെവന്നു. കല്‍പന പറയുന്നു,” എങ്ങനെയാണ് അന്ന് ഞാന്‍ രക്ഷപ്പെട്ടതെന്ന് എനിക്കിപ്പോഴും ഒരത്ഭുതമാണ്.” വീണ്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ജീവിതത്തില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരുവളുടെ രണ്ടും കല്‍പിച്ചുള്ള തയ്യാറെടുപ്പായിരുന്നു പിന്നീട്. മുംബൈയിലുള്ള ഒരമ്മാവന്റെ വീട്ടിലേക്ക് അവള്‍ താമസം മാറ്റി. അവിടെ തയ്യല്‍ ജോലിയിലേര്‍പ്പെട്ട് ചെറിയ വരുമാനമുണ്ടാക്കാന്‍ തുടങ്ങി. ആയിടയ്ക്കാണ് അച്ഛന് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടത്. തയ്യല്‍പ്പണിയില്‍നിന്നു ലഭിച്ച കുഞ്ഞു സമ്പാദ്യങ്ങള്‍ കൂട്ടിവച്ച് ഒരു ഒറ്റമുറി വാടകയ്‌ക്കെടുത്ത് കുടുംബത്തെ അവള്‍ മുംബൈയിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് അവളുടെ ഇളയ സഹോദരി അസുഖം ബാധിച്ച് മരിക്കുന്നത്. ”ചേച്ചി, എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കണ്ട” എന്നു പറഞ്ഞു വിലപിച്ച സഹോദരിയെ രക്ഷിക്കാന്‍ ചില്ലിത്തുട്ടുപോലും കയ്യിലില്ലാത്ത കല്‍പനയ്ക്ക് കഴിഞ്ഞില്ല. അന്നാദ്യമായി പണത്തിന്റെ വിലയെന്തെന്ന് അവള്‍ക്ക് മനസ്സിലായി. എങ്ങനെയും സമ്പന്നയായേ അടങ്ങൂ എന്നവള്‍ മനസ്സിലുറപ്പിച്ചു. തയ്യല്‍ ജോലി വിപുലീകരിക്കുന്നതിനായി ഒരു ലോണിനപേക്ഷിച്ചു. രണ്ടു വര്‍ഷമാണ് അധികാരികള്‍ അവളെ നടത്തിച്ചത്! പക്ഷേ അവള്‍ പിന്മാറിയില്ല.

തയ്യല്‍ ജോലിയോടൊപ്പം വിലകുറഞ്ഞ ഫര്‍ണീച്ചറുകള്‍ വില്ക്കുന്ന ഒരു കൊച്ചു ബിസിനസുകൂടി ആരംഭിച്ചതോടെ ചെറിയ തോതിലെങ്കിലും വരുമാനം ഉണ്ടായിത്തുടങ്ങി. ഇതിനിടയില്‍ ഫര്‍ണീച്ചര്‍ ബിസിനസ്‌കാരനായ സമീര്‍ സരോജിനെ വിവാഹം കഴിച്ചു. ദിവസവും പതിനാറു മണിക്കൂറാണ് ജോലി ചെയ്തത്. ആയിടയ്ക്കാണ് കുറച്ചു ഭൂമി വില്ക്കാനുണ്ടെന്ന് പറഞ്ഞ് ഒരാള്‍ കല്‍പനയെ സമീപിക്കുന്നത്. കയ്യിലുണ്ടായിരുന്ന തുകയും പലരുടെ കയ്യില്‍നിന്നും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ആ ഭൂമി അവള്‍ വാങ്ങി. പക്ഷേ പലതരത്തിലുള്ള നിയമക്കുരുക്കുകളില്‍പെട്ടുകിടന്ന ഭൂമി സ്വന്തമാകാന്‍ പിന്നെയും രണ്ടു വര്‍ഷം നിയമ പോരാട്ടം നടത്തേണ്ടിവന്നു. ഈ പ്രതിസന്ധികളെയെല്ലാം അവസരങ്ങളാക്കി മാറ്റുകയായിരുന്നു അവര്‍. സര്‍ക്കാര്‍ – നിയമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഈ കാലയളവില്‍ കല്‍പന പഠിച്ചു.

വിജയത്തിലേക്ക് കുതിക്കുന്നു

ആദ്യകാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവന്ന കമാനി ട്യൂബ്‌സ് ലിമിറ്റഡ് എന്ന കമ്പനി സാമ്പത്തികത്തകര്‍ച്ചയില്‍പെട്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ അതേറ്റെടുക്കാനുള്ള അവസരം കല്‍പ്പനയെത്തേടിവന്നു.  2000 – ല്‍ അവരുടെ നേതൃത്വത്തില്‍ പുനസംഘടിപ്പിച്ച ബോര്‍ഡിന്റെ പ്രസിഡന്റും 2006 ല്‍ കമ്പനിയുടെ ചെയര്‍മാനുമായി കല്‍പന സരോജ്. കല്‍പനയുടെ ഉടമസ്ഥതയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് കമ്പനി എല്ലാ ബാധ്യതകളും തീര്‍ത്ത് വന്‍ലാഭത്തിലേക്ക് കുതിച്ചു. ഇപ്പോള്‍ കമാനി ട്യൂബ്‌സിന്റെ സിഇഒ ആണവര്‍. കല്‍പന സരോജ് ആന്റ് അസോസിയേറ്റ്‌സ് എന്ന പഞ്ചസാരഫാക്ടറിയുടെ ഉടമ കൂടിയാണ് കല്‍പന. വൈദ്യുതി ഉല്‍പാദന മേഖലയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും അവര്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. ഫെറോസിമന്റ് പൈപ്പ് നിര്‍മാണകമ്പനി നൂറുകോടിയിലധികം കടബാധ്യതയുമായി മുങ്ങിത്താണപ്പോഴും രക്ഷപ്പെടുത്തി ലാഭത്തിലേക്കുയര്‍ത്തിയത് കല്‍പനയാണ്. ഇന്ന് കോടികളുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് കല്‍പന സരോജ്. മക്കള്‍ രണ്ടു പേരും മികച്ച നിലയിലെത്തി. ഭര്‍ത്താവും ബിസിനസില്‍ ഒപ്പമുണ്ട്.ഭരണകൂടവും കല്‍പനയുടെ കഴിവും ഇച്ഛാശക്തിയും തിരിച്ചറിഞ്ഞ് അവരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇന്ന്.

മുംബൈയില്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ് കല്‍പന. പ്രമുഖ വ്യവസായ സമ്മേളനങ്ങളില്‍ രത്തന്‍ ടാറ്റയെ പോലുള്ള പ്രമുഖര്‍ക്കൊപ്പം കല്‍പനയും വേദി പങ്കിടുന്നു. ഇക്കണോമിക് ടൈംസ് അടക്കമുള്ള മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ മില്യനെയറായ കല്‍പനയെക്കുറിച്ച് ലേഖനം വരുന്നു. അവരുടെ സേവനങ്ങളെ മുന്‍നിര്‍ത്തി 2013 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഭാഗ്യനിര്‍ഭാഗ്യങ്ങളെയും വിധിയെയും പഴിചാരി ജീവിതം ഹോമിക്കുന്നവര്‍ക്കുള്ള നല്ല മറുപടിയാണ് കല്‍പന സരോജിന്റെ ജീവിതം. അനുഭവപാഠങ്ങളെ കൈമുതലാക്കി, ചെറിയ ചുവടുവയ്പുകളില്‍ തുടങ്ങി അന്തര്‍ദ്ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി മാറിയ കല്‍പന, തിരിച്ചടികള്‍ക്കുമുന്നില്‍ പതറിനില്‍ക്കുന്ന ഏതൊരു സ്ത്രീയ്ക്കും പ്രചോദനമാണ്. ഒന്നോര്‍ക്കുക, നടപ്പാക്കും എന്ന ഉറപ്പോടെ തീരുമാനങ്ങളെടുക്കാനും കഠിനാധ്വാനം ചെയ്യാനും തയ്യാറാണെങ്കില്‍ വിജയത്തിന്റെ വഴിയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിക്കാന്‍  ആര്‍ക്കും കഴിയില്ല. കല്‍പന സരോജിന്റെ ജീവിതം നമുക്കു നല്‍കുന്ന സന്ദേശം അതാണ്.