Sunday
17 Dec 2017

പ്രവാസികള്‍ക്ക് ആധാര്‍ കുരിശ്

By: Web Desk | Sunday 3 September 2017 9:58 PM IST

ആധാര്‍ അതോറിറ്റികളുട വിശദീകരണം കേരളത്തിലെ ഓഫീസുകള്‍ തള്ളിക്കളയുന്നു

പ്രത്യേക ലേഖകന്‍
ദുബായ്: നിയമപ്രകാരം ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കു മാത്രമേ ആധാര്‍ നിര്‍ബന്ധമുള്ളുവെന്നും പ്രവാസികള്‍ക്ക് ആധാറിന് അര്‍ഹതയില്ലെന്നുമുള്ള ഔദേ്യാഗിക വിശദീകരണം കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഏട്ടിലെ പശു പോലെയായി.
ഇത്തവണ അവധിക്കാലത്ത് നാട്ടിലെത്തിയ പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയപ്പോഴാണ് പ്രവാസികള്‍ക്കും ഇത്തരം സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതെന്ന വ്യാപകപരാതി ഉയരുന്നു. ഗ്യാസ് കണക്ഷന്‍, ഡ്രൈവിങ് ലൈസന്‍സ്, എന്‍ട്രന്‍സ് പരീക്ഷ, ഇന്‍കം ടാക്‌സ് റിട്ടേണ്‍, ബാങ്ക് അക്കൗണ്ട് എന്നിവയ്‌ക്കെല്ലാം പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നാണ് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. വസ്ത്രസംബന്ധമായ ആധാരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനും ആധാര്‍ നിര്‍ബന്ധം. മ്യൂച്വല്‍ ഫണ്ടുകളില്‍ ചേരണമെങ്കില്‍ ഡിസംബര്‍ മുതല്‍ പ്രവാസികള്‍ക്കും ആധാര്‍ അനിവാര്യമത്രേ.
പ്രവാസികളോട് ആധാര്‍ ആവശ്യപ്പെട്ടാല്‍ പ്രവാസികള്‍ ആധാറിന് അര്‍ഹരല്ലെന്നും അത്തരത്തില്‍ ആധാര്‍ കാര്‍ഡെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഓഫീസിലുള്ളവരെ അറിയിച്ചാല്‍ മതിയെന്നുമായിരുന്നു ആധാര്‍ നല്‍കുന്ന കേന്ദ്ര ഏജന്‍സിയായ യുഐടിഐഎയുടെ മേധാവി അഭയ്ഭൂഷണ്‍ പാണ്ഡേ ഗള്‍ഫിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. ‘ജനയുഗ’വും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഒരു ആര്‍ടിഒ ഓഫീസില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ചെന്നപ്പോള്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ‘അതങ്ങു പള്ളിയില്‍ പറഞ്ഞാല്‍ മതി’യെന്നായിരുന്നു ഒരുദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതെന്നായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയും അബുദാബിയിലെ പ്രവാസിയുമായ ബി രാജന്‍ പറഞ്ഞത്.
അധികൃതരുടെ നിര്‍ബന്ധം മൂത്തപ്പോള്‍ പലരും ആധാര്‍ കാര്‍ഡെടുക്കാന്‍ നിര്‍ബന്ധിതരായി. കാര്‍ഡെടുത്ത പ്രവാസികളാകട്ടെ നിയമവിരുദ്ധമായി ആധാര്‍ കാര്‍ഡ് വാങ്ങിയതിന് ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയിലും. പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ആ വഴിക്ക് ഒരു നീക്കവുമുണ്ടായില്ല. ഇതിനിടെയാണ് ആധാര്‍ അതോറിറ്റി മേധാവിയുടെ വിശദീകരണവും കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാറിനുവേണ്ടി പ്രവാസികളോട് നിര്‍ബന്ധം പിടിക്കലും.
ആധാര്‍ അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാരിന് കത്തയയ്ക്കുകയും അത് സര്‍ക്കാര്‍ ഓഫീസുകളില്‍ സര്‍ക്കുലറായി അയയ്ക്കുകയും ചെയ്തില്ലെങ്കില്‍ നാട്ടിലെത്തുന്ന പ്രവാസികളുടെ അവധിക്കാലം ആധാര്‍മൂലം മാനസിക സംഘര്‍ഷഭരിതമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.