Monday
16 Jul 2018

പ്രീ-പ്രൈമറി മേഖലയില്‍ സര്‍ക്കാര്‍ ഇടപെടണം

By: Web Desk | Tuesday 26 September 2017 1:07 AM IST

എന്‍ ശ്രീകുമാര്‍

സംസ്ഥാനത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖല സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാക്കുന്നത്ര സങ്കീര്‍ണമാണ്. അശാസ്ത്രീയവും അതേ സമയം തന്നെ വിദ്യാഭ്യാസ വാണിജ്യ ശക്തികള്‍ക്ക് എല്ലാ അവസരങ്ങളും തുറന്നിട്ടു കൊടുക്കുകയും ചെയ്യുന്ന വിധം പതിറ്റാണ്ടുകളായി ഈ രംഗം നിലനില്‍ക്കുകയാണ്. ഈ മേഖലയുടെ പൊളിച്ചെഴുത്തിനായി കാര്യമായ രീതിയില്‍ പൊതുബോധവും ഉണരുന്നതായി കാണുന്നില്ല. വിദ്യാഭ്യാസ പുരോഗതിയെപ്പറ്റി പലപ്പോഴും ഊറ്റം കൊള്ളുന്ന കേരളത്തില്‍ അതിന്റെ അടിത്തട്ട് വളരെ വികലമായി നിലകൊള്ളുന്നത് നമുക്കൊട്ടും അഭിമാനം പകരുന്നതല്ല. അടുത്തിടെ സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കൗണ്‍സില്‍ (എസ്‌സിഇആര്‍ടി) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഈ രംഗത്ത് പുതിയ ചിന്തകളും നടപടികളും രൂപീകരിക്കുന്നതിന് അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം.
ദേശീയതലത്തില്‍ ആറു വയസിനു താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തേയും അവരുടെ പരിരക്ഷയേയും സംബന്ധിച്ച് 2013 ല്‍ ഒരു നയം രൂപീകരിച്ചിട്ടുണ്ട്. 160 ദശലക്ഷം കുട്ടികളാണ് ആറുവയസിനു താഴെയുള്ളവരായി ഭാരതത്തിലുള്ളത്.ഇതൊരു വലിയ സംഖ്യയാണ്. ഇവരെ ഊര്‍ജസ്വലരും പ്രവര്‍ത്തനസജ്ജരും ഉയര്‍ന്നചിന്തയും മനസുമുള്ളവരുമായി വളര്‍ത്തിയെടുക്കുമ്പോഴാണ് ഭാരതത്തിന്റെ ഭാവി പ്രശോഭിതമാകുന്നത്. എന്നാല്‍, ഇന്ത്യയിലെ പല പ്രദേശങ്ങളിലും പോഷകാഹാരക്കുറവും, ഭാരക്കുറവും, രോഗപീഡകളും കൊണ്ട് അഭിശപ്തമായ ബാല്യാവസ്ഥ അനുഭവിക്കുന്നവരാണ് കുട്ടികള്‍. ഇവരുടെ മരണനിരക്കും ചെറുതല്ല. ഗര്‍ഭകാലത്ത് മാതാക്കള്‍ നേരിട്ട പോഷകാഹാര ദാരിദ്ര്യം ഈ കുഞ്ഞുങ്ങളേയും ബാധിച്ചിട്ടുണ്ട്. ഈ ദയനീയാവസ്ഥ അവസാനിപ്പിക്കുന്നതിനാണ് 2013 ലെ ശിശുക്കളുടെ സംരക്ഷണവും വിദ്യാഭ്യാസവും സംബന്ധിച്ച നയം (ഇസിസിഇ- ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍) രൂപീകരിച്ചിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി രൂപീകരിച്ച മന്ത്രാലയത്തിനാണ് ഈ നയം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം. കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, പോഷകാഹാരം, കളികള്‍, അനുയോജ്യമായ വിധമുള്ള വിദ്യാഭ്യാസം തുടങ്ങി അവരുടെ സമഗ്ര വികാസമാണ് ഈ നയം ലക്ഷ്യം വെക്കുന്നത്.
ആറിനും 18 നുമിടയില്‍ പ്രായപരിധിയിലുള്ള കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനായി 2010 ല്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരുന്നല്ലോ. എന്നാല്‍ ആറുവയസിനു താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രീ-പ്രൈമറി ആരംഭിക്കണമെന്ന പരാമര്‍ശമുണ്ടെന്നതല്ലാതെ, അതൊരു നിര്‍ബന്ധിത വ്യവസ്ഥയായി ആ നിയമത്തില്‍ പറഞ്ഞിട്ടില്ല. 2013 ലെ മേല്‍ സൂചിപ്പിച്ച നയത്തില്‍ മൂന്നു വയസു മുതലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അനിവാര്യത സൂചിപ്പിക്കുന്നുണ്ട്. മൂന്നു വയസു വരെയുള്ള കാലയളവില്‍ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പരിചരണത്തിലൂടെയാണ് കുട്ടി വളരേണ്ടത്. കുട്ടിയുടെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ സുപ്രധാന ഘട്ടമാണ് മൂന്നു വയസ്. ഈ പ്രായപരിധിക്കുമേല്‍ ആറു വയസുവരെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിന് മുന്നൊരുക്കം നല്‍കുന്ന വിദ്യാഭ്യാസം കുട്ടികള്‍ക്ക് ആവശ്യമാണെന്ന് ദേശീയനയത്തില്‍ പറയുന്നുണ്ട്.
സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ സി ഡി എസ്) ഭാഗമായി പ്രധാനമായും മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ളവരുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ മറ്റ് ഏജന്‍സികള്‍ക്കും ഈ കാര്യത്തില്‍ ഇടപെടാന്‍ അവസരമുണ്ട്. ഏതുവിധേനയും ഈ ലക്ഷ്യം കൈവരിക്കാനാണ് സര്‍ക്കാര്‍ പരിപാടി. രാജ്യത്താകമാനം 1.4 ദശലക്ഷം അങ്കണവാടികള്‍ ഐസിഡിഎസിന്റെ ഭാഗമായി നിലകൊള്ളുന്നു. കുട്ടികളുടെ ശൈശവ കാല വിദ്യാഭ്യാസം, അവരുടെയും അമ്മമാരുടെയും ആരോഗ്യ പരിരക്ഷ എന്നിവയാണ് അങ്കണവാടികളുടെ മുഖ്യ ചുമതല.
എന്നാല്‍, ദേശീയ സാഹചര്യമല്ല കേരളത്തിലുള്ളത്. അഞ്ചാംവയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ത്തു പഠിപ്പിക്കുന്ന രീതിയാണ് നമ്മുടേത്. അതിനാല്‍ മൂന്നു മുതല്‍ 5 വയസ്സുവരെയുള്ളവരുടെ വിദ്യാഭ്യാസത്തിനാണ് നാം ഊന്നല്‍ നല്‍കുന്നത്. ഇതിനായി മൂന്നു വിധത്തിലുള്ള സ്ഥാപനങ്ങളെയാണ് നമ്മുടെ രക്ഷിതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത്. അങ്കണവാടികള്‍, പൊതുവിദ്യാലയങ്ങള്‍ക്കൊപ്പമുള്ള പ്രീ പ്രൈമറികള്‍, സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവയാണവ. ഇതില്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണ് ബഹുഭൂരിപക്ഷം കുട്ടികളെയും ഏറ്റെടുത്തിട്ടുള്ളത്. വിദ്യാഭ്യാസ മനഃശാസ്ത്രരീതി അവലംബിച്ചുള്ള പരിശീലനമോ, യോഗ്യരായ അധ്യാപകരോ, ഉചിതമായ പഠനസാമഗ്രികളോ ഇല്ലാതിരുന്നിട്ടും ഈ മേഖലയിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ കൂട്ടത്തോടെ പറഞ്ഞുവിടുന്നതാണ് കേരളത്തിലെ കാഴ്ച. ജാതിമതശക്തികളും വിദ്യാഭ്യാസ വണിക്കുകളുടെ തന്ത്രങ്ങളും ഫലപ്രദമായി ഇവിടെ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്ര പണം മുടക്കിയാലും നല്ല വിദ്യാഭ്യാസം ഇതാണെന്ന ധാരണയോടെ കുട്ടികളെ അവിടേക്ക് രക്ഷിതാക്കള്‍ പറഞ്ഞുവിടുന്നു. ഇതിന് മറ്റൊരു കാരണവുമുണ്ട്. രക്ഷിതാക്കള്‍ക്ക് മറ്റൊരവലംബ സ്ഥാപനമില്ലാത്തതു കൂടിയാണത്. ഇത്തരം അണ്‍ എയ്ഡഡ് സ്ഥാപനങ്ങളല്ലാതെ, വ്യാപകമായി നിലനില്‍ക്കുന്നവ അങ്കണവാടികളാണ്. പക്ഷേ, അവ വേണ്ടത്ര സ്വീകാര്യമാവുന്നില്ല. കേരളത്തില്‍ 33,115 അങ്കണവാടികളുണ്ട്. അവിടെ നടക്കുന്ന ശിശുക്കളുടെയും മാതാപിതാക്കളുടെയും പരിപോഷണ പരിപാടിയില്‍ മധ്യവര്‍ഗസമൂഹം വേണ്ടത്ര ആകര്‍ഷിക്കപ്പെട്ടിട്ടില്ല. മൂന്നാം വയസില്‍ തന്നെ കുട്ടിയെ മെഡിക്കല്‍ എന്‍ട്രന്‍സിന് പ്രാപ്തമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് വേണ്ടതൊന്നും അവിടെ നിന്ന് ലഭിക്കുന്നില്ല എന്നാണ് സാരം! മാത്രമല്ല, പാഠ്യപദ്ധതി സംബന്ധമായി ഏറെയൊന്നും ചെയ്യാനവര്‍ക്ക് ആകുന്നുമില്ല. അങ്കണവാടികളുടെ ഭൗതികാന്തരീക്ഷം പൊതുവേ തൃപ്തികരമല്ല. 8,000 – ത്തോളം അങ്കണവാടികള്‍ക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലെന്ന് കേരളത്തില്‍ ഇതിന്റെ ചുമതല വഹിക്കുന്ന സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ തന്നെ പറഞ്ഞിട്ടുണ്ട്. അതിനായി കേന്ദ്ര സഹായത്തിന് കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ആകര്‍ഷകമല്ലാത്ത ഒരു സംവിധാനത്തിലേക്ക് കേരളം പോലെയൊരു സംസ്ഥാനത്ത് കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കുക പ്രയാസമാണ് എന്നതിന്റെ ഉദാഹരണമാണ് നിലവിലുള്ള അങ്കണവാടികള്‍.
കേരളത്തിലെ പൊതുവിദ്യാലയങ്ങളോടൊപ്പം മികവുറ്റ നിലയില്‍ പ്രീ-പ്രൈമറി ആരംഭിച്ചാല്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കാനാവും. ഇത്തരം പ്രീ-പ്രൈമറികള്‍ക്ക് നന്നായി കുട്ടികളെ ആകര്‍ഷിക്കാനാവുന്നുണ്ട്. എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 55 പ്രീ പ്രൈമറി സ്‌കൂളുകള്‍ മാത്രമാണുള്ളത്. പൊതുവിദ്യാലയങ്ങളോടൊപ്പം 2519 പ്രീ-പ്രൈമറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവ സ്‌കൂളുകളിലെ അധ്യാപക രക്ഷാകര്‍ത്തൃസമിതികള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്തുന്നവയാണ്. സര്‍ക്കാര്‍ തന്നെ നല്‍കുന്ന തുച്ഛമായ വരുമാനമേ ഇവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്നുള്ളൂ. 2012 ഓഗസ്റ്റ് മാസത്തിനുശേഷം പൊതുവിദ്യാലയങ്ങളില്‍ ആരംഭിച്ചിട്ടുള്ള പ്രീ-പ്രൈമറികളിലാകട്ടെ സര്‍ക്കാരിന്റെ സാമ്പത്തിക സഹായമൊന്നും ലഭിക്കുന്നുമില്ല. ഈ സ്ഥാപനങ്ങളിലേക്കും രക്ഷിതാക്കള്‍ താല്‍പര്യപൂര്‍വം കുട്ടികളെ അയയ്ക്കുന്നുണ്ടെങ്കിലും, കുട്ടികള്‍ ഫീസ് നല്‍കി പഠിക്കേണ്ട അവസ്ഥയാണുള്ളത്. പഠിപ്പിക്കുന്ന അധ്യാപകര്‍ വളരെ തുച്ഛമായ വരുമാനം മാത്രമുള്ളവരുമാണ്. 1000-1500 രൂപ മാത്രമാണവരുടെ വരുമാനം. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യാപകര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. സംതൃപ്തരായ അധ്യാപകര്‍ക്കുമാത്രമാണ് കുട്ടികളെ സര്‍ഗ്ഗാത്മകമായി നയിക്കാനാവുക എന്ന് ആര്‍ക്കാണ് അറിയാത്തത്?
ഐസിഡിഎസ് നിയന്ത്രണത്തിലുള്ള അങ്കണവാടികള്‍ക്ക് കുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹിക സുരക്ഷയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനുള്ള കേന്ദ്ര സഹായം ലഭ്യമാകുന്നുണ്ട്. അവകൂടി ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും വിധം പൊതുവിദ്യാലയങ്ങളോടൊപ്പമുള്ള പ്രീ-പ്രൈമറികള്‍ മാറ്റിയെടുക്കലാണ് കേരളത്തില്‍ ഈ മേഖല മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല ഉപാധി. അങ്കണവാടികള്‍ സാമൂഹിക നീതി വകുപ്പിന് കീഴെയുള്ള ശക്തമായ സംവിധാനമാണ്. അവിടെ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരുമുണ്ട്. അവരെക്കൂടി ഉള്‍ക്കൊണ്ടു പോകാന്‍ നമ്മുടെ പ്രീ-പ്രൈമറികള്‍ക്ക് കഴിയണം. പൊതുവിദ്യാഭ്യാസ വകുപ്പും സാമൂഹിക നീതി വകുപ്പും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണത്. അനാവശ്യ അഭിമാനബോധം മാറ്റിവെച്ച് വകുപ്പുകള്‍ തമ്മില്‍ ഇത്തരം കൂടിയിരുപ്പ് നടക്കാതെ പോയാല്‍ വിദ്യാഭ്യാസ കച്ചവടക്കാരുടെ കീശ വളരുകയാകും ഫലം. കേരള സര്‍ക്കാര്‍ ഇക്കാര്യത്തെ തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ സമീപിക്കുമെന്ന് പ്രതീക്ഷിക്കാം.

 

Related News