Friday
14 Dec 2018

വൈവിധ്യത്തെ സംരക്ഷിക്കാം; ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാം

By: Web Desk | Tuesday 20 February 2018 10:34 PM IST

 ഫെബ്രുവരി 21. ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാദിനമാണ്. 1999ലാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യുനെസ്‌കോ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി പ്രഖ്യാപിക്കുന്നത്. ലോകത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ മാതൃഭാഷകളും പ്രാദേശികഭാഷകളും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് ഐക്യരാഷ്ട്രസഭ അതിന്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. രണ്ടായിരാമാണ്ട് മുതലാണ് ലോകരാജ്യങ്ങള്‍ മാതൃഭാഷാ സംരക്ഷണദിനമായി ആചരിച്ചുവരുന്നത്.

അന്താരാഷ്ട്ര മാതൃഭാഷാ ദിനാചാരണം 19-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സുസ്ഥിരവികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഭാഷാ അടിസ്ഥാനത്തില്‍ വൈവിധ്യത്തെ സംരക്ഷിക്കുകയും ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നതാണ് 2018-ലെ ഭാഷാസംരക്ഷണദിനത്തിന്റെ സന്ദേശം.
ഭൂമിയില്‍ ഇന്ന് ഏതാണ്ട് ഏഴായിരത്തോളം ഭാഷകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. പക്ഷേ അതില്‍ പകുതിയും സംസാരിക്കാന്‍ പതിനായിരത്തില്‍ താഴെ മാത്രം മനുഷ്യര്‍ വീതമാണുള്ളത്. അതില്‍ പകുതിയും സംസാരിക്കാന്‍ ആണെങ്കില്‍ ആയിരത്തില്‍ താഴെ മാത്രം മനുഷ്യരും. ഭൂമുഖത്ത് നിലനില്‍ക്കുന്ന ഭാഷാ വൈവിധ്യത്തിന്റെ ഗതി അല്‍പം പരുങ്ങലിലാണെന്ന് പറയുന്നു, യുനെസ്‌കോ. അതുകൊണ്ട് 2008 ഭാഷകള്‍ക്കായുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിച്ചു.

ഭാഷയുടെ ശേഷി ശോഷിക്കുന്നത് നന്നായി തിരിച്ചറിയുന്നവരാണ് മലയാളികള്‍. ജീവിതത്തിന്റെ ഓരോ സാധ്യതകളില്‍ നിന്നും മാതൃഭാഷയുടെ സാന്നിധ്യം ഒഴിഞ്ഞുപോകുന്നത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഓരോ മലയാളിയും ജീവിക്കുന്നത്. ഓരോ ജനതയുടേയും ആത്മാവ് നിലനില്‍ക്കുന്നത് അവരുടെ മാതൃഭാഷയിലാണ്.
ഭാഷകളുടെ മരണം പുതിയ പ്രതിഭാസമൊന്നുമല്ല. മനുഷ്യചരിത്രത്തില്‍ ഇന്നുവരെ അരദശലക്ഷം ഭാഷകളെങ്കിലും ജനിച്ചതിനുശേഷം നിലനിന്നിരുന്നതിനെക്കുറിച്ച് ഒരു തെളിവും അവശേഷിപ്പിക്കാതെ നശിച്ചുപോയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. രണ്ടായിരത്തിലേറെ വര്‍ഷം നിലനിന്ന ഭാഷകളുടെ എണ്ണം വളരെ കുറവാണ്. കോപ്റ്റിക്, ചൈനീസ്, ഗ്രീക്ക്, സംസ്‌കൃതം, ലാറ്റിന്‍, ഹീബ്രു, പേര്‍ഷ്യന്‍, തമിഴ് തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, മനുഷ്യചരിത്രത്തില്‍ ഇന്നുവരെ വന്നുപെട്ടിട്ടില്ലാത്ത സാഹചര്യത്തിലേക്കാണ് മനുഷ്യസമൂഹങ്ങള്‍ വളരുന്നത്. വേഗത്തില്‍ ചെറുതായിക്കൊണ്ടിരിക്കുന്ന, ആശയവിനിമയത്തിന്റെ അതിരുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുതിയ ലോകക്രമം ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഭാഷാവൈവിധ്യത്തിനും ബഹുസ്വരതകള്‍ക്കും നേരെയാണ്. സംസാരിക്കാന്‍ ശീലിക്കുന്നതു മുതലുള്ള മനുഷ്യപരിണാമഗതിയില്‍ ഇത് തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ഭാഷയെ കേവലം മാനസിക വിജ്ഞാനീയത്തിനകത്ത് നിര്‍ത്തി പഠിക്കാതെ മനുഷ്യപരിണാമത്തിന്റെ ജീവശാസ്ത്രത്തിന്റെ പരിധിയിലേക്കുകൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ആഴത്തിലുള്ള ജ്ഞാനാനേ്വഷണങ്ങള്‍ക്കുള്ള സാധ്യതകള്‍ തെളിഞ്ഞുവരുന്ന കാലം കൂടിയാണിത്. പറക്കാനുള്ള ശ്രമം ഉരഗങ്ങളുടെ മുന്‍കാലുകളെ വിപ്ലവകരമായി പരിഷ്‌കരിക്കുകയുണ്ടായി. മുന്‍കാലുകള്‍ ചിറകുകളായി പരിണമിച്ചു. പക്ഷികളുണ്ടായി. പറക്കാന്‍ ഉരഗങ്ങളുടെ മുന്‍കാലുകളോട് ചെയ്തത് തന്നെയാണ് ഭാഷ പ്രൈലേറ്റുകളുടെ മസ്തിഷ്‌കത്തോടും ചെയ്തത്. മനുഷ്യപരിണാമത്തിന്റെ കേവലം ഉജ്ജ്വലമായ ദശയാണ് സംസാരത്തിന്റെ ആരംഭം. അത് നമ്മുടെ മനസിനെ, മസ്തിഷ്‌കത്തെ അടിമുടി മാറ്റിമറിച്ചു; അതീവ സങ്കീര്‍ണമാക്കി. മനുഷ്യന്‍ എന്തിനു സംസാരിക്കാന്‍ തുടങ്ങി എന്ന ചോദ്യം നമുക്ക് മുന്നില്‍ തുറന്നുതരുന്ന അനവധി സാധ്യതകള്‍ ഉണ്ട്. അത് മുഴുവനും മനുഷ്യന്റെ പരിണാമ വികാസങ്ങളെ സംബന്ധിക്കുന്ന അറിവുകളിലേക്ക് തുറക്കുന്ന സാധ്യതകളാണ്.
ഉപകരണങ്ങളുടെ ഉപകരണമായിട്ടാണ് ഭാഷ വളര്‍ന്നുവന്നത്. ഓരോ സമൂഹവും സമാഹരിക്കുന്ന അനുഭവസമ്പത്തും വിജ്ഞാനവും അടുത്ത തലമുറയിലേക്ക് പകര്‍ന്നുതരുന്നതിനായി ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ് ഭാഷ. പക്ഷേ, നിഷ്‌ക്രിയമായ ഒരു മാധ്യമമായി മാത്രമല്ല ഭാഷ വര്‍ത്തിക്കുന്നത്. അതിന് ക്രിയാത്മകമായ മറ്റൊരു വശം കൂടിയുണ്ട്. സമൂഹത്തിലെ അനുഭവസമ്പത്ത് മുഴുവന്‍ ക്രോഡീകരിച്ച് വയ്ക്കുന്നതോടെ ഭാഷയുടെ കര്‍ത്തവ്യം അവസാനിക്കുന്നില്ല. അങ്ങനെ സമാഹരിക്കപ്പെട്ട അനുഭവങ്ങള്‍ തമ്മില്‍ പുതിയ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ അത് സഹായിക്കുന്നു.
ഭാഷ കൂടാതെ സാഹിത്യം സൃഷ്ടിക്കാനാവില്ല. പക്ഷേ, സാഹിത്യം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഭാഷ ഉണ്ടായിരുന്നു. ഭാഷയെ ആശയങ്ങളില്‍ നിന്ന് വേര്‍പെടുത്താനാവില്ല. ഭാഷയുടെ അടിസ്ഥാനത്തിലാണ്, ശബ്ദങ്ങളുടേയും വാക്കുകളുടേയും സഹായത്തോടുകൂടിയാണ്, മനുഷ്യന്റെ ചിന്തകളും ആശയങ്ങളും രൂപവല്‍ക്കരിക്കപ്പെടുന്നത്. കാള്‍മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചതുപോലെ, ചിന്തയുടെ പ്രത്യക്ഷ പ്രകടനമാണ് ഭാഷ. സ്ഥൂലമായ ഭാഷയില്ലെങ്കില്‍ സൂക്ഷ്മമായ ചിന്തയില്ല. ഭാഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ സാഹിത്യകാരന് തന്റെ ആശയങ്ങള്‍ക്ക് രൂപം നല്‍കാന്‍ കഴിയൂ. ഭാഷയും ആശയങ്ങളും മനുഷ്യന്റെ സാമൂഹ്യോല്‍പാദന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്.
വാക്കുകളാണ് ഭാഷയുടെ അസ്ഥിവാരം. പക്ഷേ വാക്കുകള്‍ മാത്രമായാല്‍ ഭാഷയാവില്ല. ഒരു പ്രതേ്യകരീതിയില്‍ ഘടിപ്പിക്കാതെ, കേവലം അരാജകമായ മട്ടില്‍ കുറേ വാക്കുകള്‍ ഉച്ചരിക്കുകയോ എഴുതി നിറയ്ക്കുകയോ ചെയ്താല്‍ ആശയവിനിമയം നടക്കില്ല. ആശയവിനിമയം സാധിക്കണമെങ്കില്‍ വാക്കുകളെ ഒരു വിശേഷരീതിയില്‍ ചില പ്രതേ്യക നിയമങ്ങളനുസരിച്ച് സംഘടിപ്പിക്കണം. ഇവിടെയാണ് വ്യാകരണത്തിന്റെ പ്രാധാന്യം കിടക്കുന്നത്.

എന്തുകൊണ്ട് വാക്കുകളില്‍ നിന്ന് വാക്യങ്ങളിലേക്ക് ഭാഷ വികസിച്ചു? ആശയങ്ങള്‍ പൂര്‍ണമായി പ്രകടിപ്പിക്കുകയും കൈമാറുകയും ചെയ്യണമെങ്കില്‍ വാക്കുകള്‍ മാത്രം പോര, വാക്കുകളെക്കൊണ്ട് വാക്യങ്ങളുണ്ടാക്കണം. ‘പുഴ’ എന്ന പദം മാത്രം ഉച്ചരിച്ചാല്‍ പുഴയെപ്പറ്റി പൂര്‍ണമായി ഒരു ചിത്രം കിട്ടുകയില്ല. ‘പുഴ ഒഴുകുന്നു’, ‘പുഴ നിറഞ്ഞു’, ‘പുഴവറ്റി’ എന്നൊക്കെ പുഴയുടെ സ്ഥിതിവിശേഷങ്ങളെപ്പറ്റി പറയണം. പുഴ എന്ന വാക്കിലടങ്ങിയിട്ടുള്ള അമൂര്‍ത്ത സങ്കല്‍പത്തെ മൂര്‍ത്ത ചിത്രമാക്കാന്‍ വേണ്ടിയാണ് മുകളില്‍ പറഞ്ഞ വാചകങ്ങളുണ്ടാക്കുന്നത്.
മറ്റൊരു ഭാഷയുടേതുമല്ലാത്ത മൂലപദ ഭണ്ഡാരവും ബീജരൂപത്തിലുള്ള വ്യാകരണവ്യവസ്ഥയും മലയാളഭാഷയ്ക്ക് തുടക്കം മുതല്‍ക്കുതന്നെ ഉണ്ട്. എന്നാല്‍, മലയാളം, തമിഴ് എന്നീ ഭാഷകളുടെ മൂലപദങ്ങളിലും വ്യാകരണ വ്യവസ്ഥയിലും ധാരാളം സാദൃശ്യങ്ങളുണ്ട്. അതിനര്‍ഥം മലയാളവും തമിഴും ഒരൊറ്റ മൂലഭാഷയില്‍ നിന്ന് വേര്‍തിരിഞ്ഞുണ്ടായതാണെന്നോ തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ് മലയാളമെന്നോ അല്ല, രണ്ടും ഒരേ ഭാഷാ കുടുംബത്തില്‍ പെട്ടവയാണെന്ന് മാത്രമേ അത് കാണിക്കുന്നുള്ളൂ. രണ്ട് ഭാഷകള്‍ തമ്മിലുള്ള സംജാത്യങ്ങള്‍ മാത്രം കണ്ടാല്‍ പോര; അവയ്ക്ക് സ്വന്തമായ വ്യക്തിത്വം നല്‍കുന്ന സവിശേഷതകളും കൂടി കാണണം.

ഭാഷ ഒരിക്കലും മാറ്റമില്ലാതെ നില്‍ക്കുന്നില്ല. സമൂഹത്തോടൊപ്പം അത് വളരുകയും വികസിക്കുകയും ചെയ്യുന്നു. പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനും കൈമാറുന്നതിനും പുതിയ വാക്കുകള്‍ ഉണ്ടാകുന്നു. പഴയ വാക്കുകള്‍ക്ക് പുതിയ അര്‍ഥം കിട്ടുന്നു. മറ്റ് ജനതകളും രാജ്യങ്ങളുമായുള്ള വാണിജ്യപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളിലൂടെ അന്യഭാഷകളില്‍ നിന്ന് വാക്കുകള്‍ സ്വീകരിക്കുകയും ശൈലികളെയും വ്യാകരണത്തെയും നവീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നു. നമ്മുടെ ഭാഷ തന്നെ ഇതിന് തെളിവാണ്.
മലയാളം പഠിക്കുക എന്ന് പറഞ്ഞാല്‍ ഒരു ഭാഷ പഠിക്കുക എന്നു മാത്രമല്ല അര്‍ഥം. നമ്മുടെ മാതൃസംസ്‌കാരത്തിന്റെ സത്ത് ആസ്വദിക്കുക എന്നതാണ്. ആ സംസ്‌കാരത്തെ- ആ സംസ്‌കാരത്തിന്റെ ഭാഷയായ മലയാളത്തെ- അവഗണിക്കുക എന്നു പറഞ്ഞാല്‍ നാടും മൂടും മറക്കുക എന്നാണ് അര്‍ഥം. അതില്‍ മാതാപിതാക്കന്മാര്‍ അഭിമാനിക്കുകയും കൂടി ചെയ്യുക എന്ന് പറഞ്ഞാല്‍ അതില്‍പരം ഒരധഃപതനം നമുക്ക് സംഭവിക്കാനില്ല. മലയാളത്തെ അവഗണിക്കുന്ന മലയാളി നമുക്കൊരു അപമാനമാണ്. ഈ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ‘അമ്മമലയാളത്തെ നമുക്ക് സംരക്ഷിക്കാം.