Tuesday
11 Dec 2018

‘രാഷ്ട്രപതിക്ക് സുപ്രിംകോടതിയുടെ മുകളില്‍ ഭരണഘടനാപരമായ യാതൊരു ഉത്തരവാദിത്വങ്ങളുമില്ല’

By: Web Desk | Saturday 13 January 2018 10:28 PM IST

കൊച്ചി: സുപ്രിംകോടതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരമായിക്കഴിഞ്ഞുവെന്നാണ് തന്റെ വിശ്വാസം. നീതീക്കും നീതിപീഠത്തിനും വേണ്ടിയാണ് സുപ്രിം കോടതിയിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലുടെ പുറത്തറിയിക്കുകയെന്ന നിലപാട് സ്വീകരിച്ചത്. സുപ്രിം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രശ്‌നം ഉന്നയിക്കപ്പെട്ടു, ആ പ്രശ്‌നം ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കും.ഭാവിയില്‍ ഇനിയും ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ല.ജുഡീഷ്യറിക്കുളളില്‍ നിന്നുകൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്.പുറത്തുള്ളവര്‍ ഇതില്‍ ഇടപേണ്ട യാതൊരു ആവശ്യവുമില്ല. ഇത് സ്ഥാപനത്തിനകത്തുളള വിഷയമാണ് അതിനാല്‍ സ്ഥാപനം തന്നെ വേണ്ട നടപടികള്‍ എടുക്കുകയാണ് വേണ്ടത്.സ്ഥാപനത്തിനുള്ളില്‍ ഒരു തിരുത്തലാണ് ആവശ്യം.വിഷയം രാഷ്ട്രപതിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടു പ്രത്യേകിച്ച് കാര്യമില്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ സമീപിക്കാതിരുന്നത്.ജഡ്ജിമാരെ നിയമിക്കുന്നതിനപ്പുറം രാഷ്ട്രപതിക്ക് സുപ്രിം കോടതിയുടെ മുകളിലോ സുപ്രിംകോടതി ജഡ്ജിമാരുടെ മുകളിലോ ഭരണഘടനാപരമായ യാതൊരു ഉത്തരവാദിത്വങ്ങളുമില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
ജുഡീഷ്യറിയിലുളള വിശ്വാസം കൂടുതല്‍ മോശമാകാതിരിക്കാനാണ് തങ്ങള്‍ വിഷയം മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്.തങ്ങള്‍ സ്വീകരിച്ച നിലപാട് ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം കൂട്ടുമെന്നാണ് വിശ്വാസം.അതിനുവേണ്ടിയാണ് ഈ നിലപാട് സീകരിച്ചത്.ഒരു അച്ചടക്കവും ഇതിലൂടെ ലംഘിക്കപ്പെട്ടിട്ടില്ല.ഇതിലൂടെ കൂടുതല്‍ സുതാര്യമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റേണ്ട കാര്യമില്ല കോടതിയിലെ വിശ്വാസ്യത സംബന്ധിച്ച കാര്യങ്ങളും തങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനവും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല.വാര്‍ത്താ സമ്മേളനവും വിശ്വാസ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രികോടതിയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി,മദന്‍ ലോകൂര്‍,കുര്യന്‍ ജോസഫ് എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് ചരിത്രം സൃഷ്ടിച്ചത്.

Related News