Tuesday
22 Jan 2019

സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ അദ്ധ്യാപകര്‍ വ്യാപകം

By: Web Desk | Saturday 15 December 2018 9:07 PM IST

കണ്ണൂര്‍: ജില്ലയിലെ വിവിധ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് റെയ്ഡില്‍ നിരവധി പേരെ പിടികൂടി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ട്യൂഷന്‍ സെന്ററുകളില്‍ റെയ്ഡ് നടത്തിയത്.
ഇരിട്ടിയിലെ മൂന്ന് സെന്ററുകളിലും പയ്യന്നൂരില്‍ രണ്ടിടത്തുമാണ്  ഒരേ സമയം റെയ്ഡ് നടത്തിയത്. വിവിധ സ്‌ക്വാഡുകളിലായി തിരിഞ്ഞാണ് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി റെയ്ഡ് നടത്തിയത്. പയ്യന്നൂര്‍ വണ്‍സീറോ ട്യൂഷന്‍ സെന്ററില്‍ നിന്നും ഇരിട്ടി എംയിസ്, പ്രഗതി കോളേജുകളില്‍ നിന്നുമായി ക്ലാസെടുക്കുകയായിരുന്ന സര്‍ക്കാര്‍ അധ്യാപകരെയാണ് പിടികൂടിയത്. കോറോം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കടമ്പൂര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകരെയുള്‍പ്പെടെയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകര്‍ പാരലല്‍ കോളേജുകളിലോ ട്യൂഷന്‍ സെന്ററുകളിലോ ക്‌ളാസെടുക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന ഉത്തരവ് നിലനില്‍ക്കെയാണ് അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നത്. അദ്ധ്യാപക സംഘടനയുടെ നേതാക്കള്‍ പോലും ഇത്തരം സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകര്‍ ഭാര്യയെയും മക്കളെയും സഹോദരങ്ങളെയും ബിനാമികളാക്കി ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ബിനാമി പേരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ക്ലാസെടുത്ത അദ്ധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് വിജിലന്‍സ് കൈമാറും. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിയുണ്ടായേക്കും. സിഐമാരായ ജി ബാലചന്ദ്രന്‍, ടി പി സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Related News