Tuesday
25 Sep 2018

ശൈശവ വിവാഹത്തിനെതിരെ 15 വയസ്സുകാരിയുടെ യുദ്ധം

By: Web Desk | Thursday 12 October 2017 2:31 PM IST

ആൽവാർ സ്വദേശി പ്രിയ ജംഗിദ് എന്ന 15 വയസ്സുകാരി ശൈശവ വിവാഹത്തിനെതിരെ നിലകൊള്ളുന്ന ഒരു പോരാളിയാണ്. പത്താം വയസ്സിൽ തന്നെ തേടി വിവാഹം എത്തിയപ്പോഴാണ് പ്രിയ ആദ്യമായി ഇതിനെതിരെ പ്രതികരിക്കുന്നത്. എന്നാൽ ഇന്ന് സ്വന്തം ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട പ്രിയ തന്റെ ഗ്രാമത്തിൽ നിന്നും ശൈശവ വിവാഹം തുടച്ചുനീക്കുക എന്ന വലിയ സ്വപ്‌നം യാഥാർഥ്യമാക്കി കൊണ്ടിരിക്കയാണ്. ഇതിനെതിരെ യുദ്ധം ചെയ്യാൻ ജാൻജിദിന്‌ പ്രചോദനവും പിന്തുണയും നല്കുന്നതാവട്ടെ നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥിയുടെ ബച്ച്പൻ ബച്ചാവോ ആന്ദോളൻ.

“ശൈശവ വിവാഹം പാപമാണ് പെൺകുട്ടി അനുഗ്രഹവും” എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ലോക ബാലികാ ദിനത്തിൽ പ്രിയ പൊതുയോഗങ്ങൾ വിളിച്ചു ചേർത്തു.
2015 ൽ യുഎസ് മുൻ പ്രസിഡൻറ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സ്വീഡനിൽ സത്യാർത്ഥിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രിയ പങ്കെടുത്തിരുന്നു. അങ്ങനെ ഈ മിടുക്കിക്ക് പ്രശസ്തിയും താരപരിവേഷം ലഭിക്കുകയായിരുന്നു. ഇതിലൂടെ ലഭിച്ച പ്രശസ്തി ആളുകളിലേക്ക് എത്താനും അവരുടെ വിശ്വാസം നേടിയെടുക്കാൻ സഹായകരമാകുന്നുവെന്ന് പ്രിയ പറയുന്നു.

തന്റെ മുതിർന്ന സഹോദഹരിക്കൊപ്പം താനും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പ്രിയ ഞെട്ടലോടെയാണ് കേട്ടത്. ഒരു സ്ത്രീക്ക് തന്റെ വിവാഹക്കാര്യത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല എന്ന പരമാർത്ഥം ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച പ്രിയക്ക് അറിയാമായിരുന്നു. ” ഈ വാർത്ത കേട്ട് ഞാൻ വളരെയധികം വിഷമിച്ചു. പക്ഷെ വിവാഹം ഉറപ്പിച്ചതുകൊണ്ടല്ല ഞാൻ വിഷമിച്ചത്, എനിക്ക് നന്നായി പാചകം അറിയില്ല എന്ന ഒറ്റ കാരണത്താലാണ്. എല്ലാരെയുംപോലെ എന്നെയും വിവാഹം തേടി വരും എന്ന യാഥാർഥ്യം എനിക്ക് അറിയാമായിരുന്നു,”-പ്രിയ പറയുന്നു.

തന്റെ വിവാഹ വിവരം പ്രിയ സ്കൂളിലെ തന്റെ സുഹൃത്തുക്കളെയും അധ്യാപകരെയും അറിയിച്ചു. ഈ വിവരം അറിഞ്ഞ പ്രിയയുടെ അധ്യാപികയാണ് ബച്ച്പൻ ബചാവോ ആന്ദോളൻ അംഗങ്ങളെ വിവരം അറിയിക്കുന്നത്. ശൈശവ വിവാഹം നിയമവിരുദ്ധമാണെന്നും അങ്ങനെ നടത്തിയാൽ തന്റെ പിതാവ് ജയിലഴിക്കുള്ളിലാകുമെന്നും, ആന്ദോളൻ വോളന്റീയർമാർ പ്രിയയ്ക്ക് മനസിലാക്കികൊടുത്തു.
ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുന്നതുകൊണ്ട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും അഞ്ചുമണിക്കൂർ നീണ്ട ക്ലാസ്സിൽ പ്രിയയ്ക്ക് അവർ പറഞ്ഞു കൊടുത്തു.

ഈ അറിവിൽ നിന്ന് ധൈര്യമുൾക്കൊണ്ട പ്രിയ അച്ഛനോട് കല്യാണത്തിലുള്ള തന്റെ എതിർപ്പ് അറിയിച്ചു. പക്ഷെ അച്ഛൻ കല്യാണം നടത്താൻ തന്നെ തീരുമാനിച്ചു. പ്രിയ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയും അവസാനം തന്റെ വീട്ടുകാരെ കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.

കല്യാണം വേണ്ടാന്നു വച്ച വിവരം കാട്ടുതീപോലെ ആ ഗ്രാമം ഒട്ടാകെ പടർന്നു. തുടർന്ന് പ്രിയക്ക് അറിയാവുന്ന കുടുംബങ്ങളിലേക്കും തന്റെ പ്രവർത്തനങ്ങൾ പ്രിയ നടത്തി. ഇതിനായി ഛാത്ര സൻസദ് എന്ന ഒരു സ്റ്റുഡൻറ് പാർലമെന്റും പ്രിയ രൂപികരിച്ചു.

Related News