Thursday
24 Jan 2019

കുരുമുളക് കൃഷിക്കാരുടെ ദുരിതത്തിന് അറുതിയില്ല

By: Web Desk | Wednesday 14 March 2018 10:26 PM IST

ബേബി ആലുവ

കൊച്ചി: കുരുമുളക് കൃഷിക്കാരുടെ ദുരിതത്തിന് അടുത്ത കാലത്തൊന്നും ശമനമുണ്ടാകുന്ന ലക്ഷണമില്ല. വിദേശ രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്കുള്ള കുരുമുളകിന്‍റെ കുത്തൊഴുക്ക് ഒരു വെല്ലുവിളിയായി തുടരുമ്പോഴും, വില നിയന്ത്രിച്ച് ഉത്തരവിറക്കിയതിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് കേന്ദ്രം.

ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമായും കുരുമുളക് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നാല് വിദേശ രാജ്യങ്ങളിലെ കുരുമുളകും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. അവിടങ്ങളിലെ കുരുമുളകിന് വിലയും ഗുണനിലവാരവും തീരെ കുറവാണ്. ഇന്ത്യയിലെ കുരുമുളകിനാണെങ്കില്‍ ഗുണനിലവാരത്തോടൊപ്പം വിലയും കൂടുതലാണ്. ഇന്ത്യയിലെ കയറ്റുമതി ലോബി കൊള്ളലാഭം കൊയ്യുന്നതിനു വേണ്ടി വന്‍തോതില്‍ കുരുമുളക് ഇറക്കുമതി ചെയ്യുകയും വിവിധ ഉത്പന്നങ്ങളാക്കി കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ വര്‍ഷങ്ങളായി തുടരുകയാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇറക്കുമതിയുടെ ഒഴുക്ക് നിയന്ത്രണാതീതമായി. കുരുമുളക് ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ അന്താരാഷ്ട്ര കുരുമുളക് സമൂഹത്തില്‍ (ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി) ഇന്ത്യ അംഗമാണെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇറക്കുമതിയുടെ അമിത പ്രവാഹത്തെക്കുറിച്ച് പ്രതികരിക്കാറില്ല. ഇത് രാജ്യത്തെ കുരുമുളക് ലോബിയും സര്‍ക്കാരും തമ്മിലുള്ള കൂട്ടുകച്ചവടത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാജ്യത്തെ കുരുമുളക് കൃഷിക്കാരുടെ നിരന്തരമായ മുറവിളിയുടെ ഫലമായി, ഇറക്കുമതി കുരുമുളകിന്‍റെ വില കിലോ 500 രൂപയില്‍ താഴെയാകരുതെന്ന് നിഷ്‌കര്‍ഷിച്ച് വിദേശ വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയെങ്കിലും ഉത്തരവ് കടലാസിലൊതുങ്ങിയതേയുള്ളൂ. വിദേശ വിപണിയില്‍ മത്സരിക്കണമെങ്കില്‍ ഇറക്കുമതി കുടിയേ തീരൂ എന്നാണ് കയറ്റുമതിക്കാരുടെ സംഘടനയുടെ വാദം. തങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കുരുമുളക് ആഭ്യന്തര വിപണിയില്‍ വില്പന നടത്തുന്നില്ലെന്നും, കുരുമുളക് പൊടി, കുരുമുളക് സത്ത് തുടങ്ങിയ ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുകയാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. ഈ നിലപാടിനൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ ഇറക്കുമതി വില (എംഐപി) നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും അത് പുലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തല പുകയ്ക്കാത്തത് അതുകൊണ്ടാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുരുമുളക് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നില്ല എന്ന വന്‍കിടക്കാരുടെ വാദം പച്ചക്കള്ളമാണെന്നാണ് കൃഷിക്കാരുടെ വാദം. ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്തവ തനിച്ചും, നാടന്‍ ഉത്പന്നവുമായി കുട്ടിക്കലര്‍ത്തിയും ആഭ്യന്തര വിപണിയില്‍ കച്ചവടമുണ്ട്. ഇതുമൂലം വില കൂടിയ നാടന്‍ ഉത്പന്നം വിപണിക്കു പുറത്താകുന്നു, കര്‍ഷകരുടെ ദുരിതമേറുന്നു. കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കുരുമുളകിന് 7,000 ഡോളറിനോടടുത്താണ് വിലയെങ്കില്‍ ശ്രീലങ്ക വഴി ഇന്ത്യയിലേക്കു വരുന്ന ചരക്കിന്‍റെ വില 3,500ഓളം ഡോളര്‍ മാത്രമാണ്. രാജ്യാന്തര വിപണിയില്‍ അതതു കാലങ്ങളില്‍ വിലയില്‍ ചില വ്യത്യാസങ്ങളുണ്ടായേക്കാം. എന്നാലും, ഇന്ത്യന്‍ കുരുമുളകിന്റെ പകുതി വില എന്ന സമ്പ്രദായത്തിന് മാറ്റമുണ്ടാകാറില്ല.

വിദേശ രാജ്യങ്ങളിലെ കുരുമുളക് ശ്രീലങ്ക വഴിയാണ് പ്രധാനമായും ഇന്ത്യയിലേക്കെത്തുന്നത്. ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാര കരാറിന്‍റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് എട്ടു ശതമാനം നികുതിയേയുള്ളു. ഈ ആനുകൂല്യം വിദേശ രാജ്യങ്ങളും ഇന്ത്യയിലെ കുത്തകകളും ഒപ്പം മുതലാക്കുന്നു. ശ്രീലങ്കയില്‍ നിന്ന് പ്രതിവര്‍ഷം 2,500 ടണ്‍ കുരുമുളക് വീതം അഞ്ചു ശതമാനം നികുതിയില്‍ ഇറക്കുമതി ചെയ്യാമെന്ന കരാറും നിലവിലുണ്ട്. ഈ കരാര്‍ റദ്ദുചെയ്യണമെന്നത് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്.

ഈയിടെ, കുരുമുളക് കര്‍ഷകര്‍, വില്പനക്കാര്‍, കയറ്റുമതിഇറക്കുമതി രംഗങ്ങളിലുള്ളവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ യോഗം സ്‌പൈസസ് ബോര്‍ഡ് വിളിച്ചു ചേര്‍ത്തിരുന്നു. അതില്‍ ,ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്‍റെയും കയറ്റി അയയ്ക്കുന്ന കുരുമുളക് ഉത്പന്നങ്ങളുടെയും കൃത്യമായ കണക്ക് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും കയറ്റുമതിക്കാരുടെ സംഘടനയ്ക്ക് അവ ഹാജരാക്കാനോ ന്യായമായ വിശദീകരണം നല്‍കാനോ കഴിഞ്ഞില്ല. നിലവാരമില്ലാത്ത കുരുമുളകാണ് വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്ന ആക്ഷേപം ശക്തമായതിനാല്‍, അവയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന യോഗത്തിന്‍റെ അഭിപ്രായത്തെ അവര്‍ ശക്തിയായി ചെറുക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയുടെ ബലത്തിലായിരുന്നു ഈ നിലപാടെന്നാണ് കര്‍ഷകരുടെ പരാതി.
ഇന്ത്യയില്‍ ഒരു വര്‍ഷം 20,000 ടണ്ണിനടുത്ത് കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വസ്തുത അതിനെയും കവച്ചുവയ്ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 45,000 ടണ്ണോളമായി രുന്നു ഉത്പാദനം. ഇക്കൊല്ലം അതു 60,000-80,000 ടണ്ണായി ഉയരുമെന്നാണ് കണക്ക്. ആഭ്യന്തര ഉത്പാദനം ഉയരുകയും ഇറക്കുമതിക്ക് നിയന്ത്രണങ്ങളില്ലാത്ത സ്ഥിതി തുടരുകയും ചെയ്യുമ്പോള്‍, ഉത്പന്നത്തിന്‍റെ വില പിന്നെയും ഇടിയുകയും കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാവുകയും ചെയ്യും.