Saturday
15 Dec 2018

പദ്ധതികളില്‍ മുതലെടുപ്പ് നടത്തുന്നവരോട് സന്ധിയില്ല: മുഖ്യമന്ത്രി

By: Web Desk | Tuesday 14 November 2017 8:36 PM IST

നഗരപാത വികസന പദ്ധതി ഒന്നാംഘട്ട പൂര്‍ത്തീകരണോദ്ഘാടനം

കോഴിക്കോട്: നാടിന്റെ വികസനപദ്ധതികള്‍ക്കെതിരെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്തുന്നവരോട് സന്ധി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചേവരമ്പലം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കോഴിക്കോട് നഗരപാത വികസന പദ്ധതി ഒന്നാംഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസത്യപ്രചാരണം അഴിച്ചുവിടാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു.
നാടിന്റെ പുരോഗതിയെ ബാധിക്കുന്ന തരത്തിലുള്ള കുപ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കില്ല. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പൊതുതാല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്താനാവില്ല. സ്വന്തം വിഷമതകള്‍ നാടിന്റെ വികസനത്തിനായി സഹിക്കുന്ന സംസ്‌ക്കാരം വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ വാഹനപ്പെരുപ്പം കണക്കിലെടുത്താണ് നഗരപാത വികസന പദ്ധതി നടപ്പിലാക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള റോഡുകളാണ് പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. പദ്ധതി നടപ്പാക്കിയ യു.എല്‍.സി.സി.എസ് തന്നെ റോഡിന്റെ 15 വര്‍ഷത്തെ സംരക്ഷണവും പരിപാലനവും ചുമതലയായി ഏറ്റെടുത്തിട്ടുണ്ട്. നാട്ടില്‍ വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് റോഡുകള്‍ക്ക് താങ്ങാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ടര ലക്ഷം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഗതാഗത കുരുക്കും സമയനഷ്ടവും പൊതുജനം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡിലെ വാഹനത്തിന്റെ എണ്ണം വര്‍ധിക്കുന്നതോടടൊപ്പം അപകടങ്ങളും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 4287 പേര്‍ വിവിധ അപകടങ്ങളിലായി മരിച്ചിട്ടുണ്ട്. 20 നും 25 നും ഇടയ്ക്ക് പ്രായമുള്ളവരാണ് മരിച്ചവരിലേറെയുമെന്നത് വേദനാജനകമായ സത്യമാണ്. നഗരവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഗതാഗതക്കുരുക്കില്ലാത്ത റോഡ്. റോഡ് വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന നഗരങ്ങളിലെ റോഡുകളെല്ലാം വികസിപ്പിക്കും. സംസ്ഥാനത്തില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും കാലാനുസൃതമായ വളര്‍ച്ച നേടാന്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തും. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം റോഡുകളെക്കുറിച്ച് പരിതാപകരമായ അവസ്ഥയാണെന്ന് പറയിപ്പിക്കാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ റോഡ് വികസനത്തിനായി 2550 കോടിയുടെ പദ്ധതിയുണ്ട്. കോഴിക്കോട്ടെ നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡും ഉടന്‍ പണി പൂര്‍ത്തീകരിക്കും. ഇതോടെ കോഴിക്കോട്ടെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള വികസന പദ്ധതികള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ്- തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, വി.കെ.സി. മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കെ.ആര്‍.എഫ്.ബി സി.ഇ.ഒ പി.സി. ഹരികേഷ്, പ്രൊജക്ട് മാനേജര്‍ എ.പി. പ്രമോദ്, കോ-ഓര്‍ഡിനേറ്റര്‍ കെ.ലേഖ തുടങ്ങിയവര്‍ സംസാരിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ സ്വാഗതവും യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശ് പാലേരി നന്ദിയും പറഞ്ഞു.

 

Related News