Saturday
23 Jun 2018

ഷാന്‍ഹായ് സഖ്യം ഉച്ചകോടിയുടെ പ്രാധാന്യം

By: Web Desk | Sunday 10 June 2018 10:58 PM IST

യൂറേഷ്യയിലെ രാജ്യങ്ങള്‍ ചേര്‍ന്ന കൂട്ടായ്മയായ ഷാന്‍ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷ (എസ്‌സിഒ – ഷാന്‍ഹായ് സഹകരണ സഖ്യം) ന്റെ ഉച്ചകോടി ചൈനയിലെ ക്വിന്‍ങ്ഡാവോയില്‍ ചേര്‍ന്ന് അംഗരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചാണ് സമാപിച്ചത്. 2002 ജൂലൈ ഏഴിന് ഒപ്പുവച്ച പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതി, കയറ്റുമതി, ചരക്കുകടത്തല്‍ എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, സുതാര്യത വര്‍ധിപ്പിക്കുക, കസ്റ്റംസ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംഘടനകളുമായുള്ള സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഉച്ചകോടിക്കു ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപന (കമ്മ്യൂണിക്കേ) ത്തിലെ പ്രധാന ഉള്ളടക്കം. മേഖലയിലെ വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ തുടരണമെന്ന ബോധ്യവും കമ്മ്യൂണിക്കേ മുന്നോട്ടുവച്ചിട്ടുണ്ട്.
ഈ മേഖലയെ സ്വതന്ത്രമായ ഒരു കൂട്ടായ്മയാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1996 ല്‍ ചൈനയിലെ ഷാങ്ഹായില്‍ വച്ച് ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള സഖ്യത്തിന് രൂപം നല്‍കപ്പെട്ടത്. പിന്നീട് 2001 ജൂണില്‍ ഉസ്‌ബെക്കിസ്ഥാനും കഴിഞ്ഞ വര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയും സഖ്യത്തിന്റെ ഭാഗമായി. 2008 മുതല്‍ ബെലോറുസും 2012 മുതല്‍ അഫ്ഗാനിസ്ഥാനും സഖ്യത്തിന്റെ നിരീക്ഷകരാണ്. സഖ്യത്തിന്റെ ഉച്ചകോടിയില്‍ ആസിയാന്‍, സിഐഎസ്, ഐക്യരാഷ്ട്രസഭ തുടങ്ങിയ കൂട്ടായ്മകളുടെയും തുര്‍കുമേനിസ്ഥാന്റെയും പ്രതിനിധികള്‍ പങ്കെടുത്തുവരുന്നുണ്ട്.
ക്വിന്‍ങ്ഡാവോയില്‍ നടന്ന ഉച്ചകോടിയില്‍ വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത കമ്മ്യൂണിക്കേയ്‌ക്കൊപ്പം തന്നെ ലോകം പ്രത്യേകിച്ച് സഖ്യമേഖല നേരിടുന്ന പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുന്നതിനുള്ള സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കുകയുണ്ടായി. വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് ആരോഗ്യമുള്ളൊരു ജനസമൂഹം ഉണ്ടാകുകയാണെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരത്തിലൊരു പ്രസ്താവന ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് കീഴടക്കിയെന്ന് കരുതുന്നവയ്‌ക്കൊപ്പം പുതിയ രോഗങ്ങള്‍ കൂടി കടന്നു വരികയും സമൂഹത്തിനും ഭരണാധികാരികള്‍ക്കും വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈയൊരു പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പകര്‍ച്ചപ്പനി, പ്ലേഗ്, സാര്‍സ്, വൈറല്‍ പനി, തലച്ചോറിലെ രക്തധമനികളെ ബാധിക്കുന്ന വൈറല്‍ പനി, കോളറ പോലുള്ള അപകടകരമായി തീരുന്ന രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹകരണമാണ് പ്രസ്താവന മുന്നോട്ടുവയ്ക്കുന്നത്.
മേഖലയെ ഇത്തരം രോഗങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ സഹകരണമാണ് എല്ലാ രാജ്യങ്ങളും ലക്ഷ്യം വയ്ക്കുന്നത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതല്‍ എടുക്കുന്നതിനും ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും പൊതുജനാരോഗ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും പരസ്പരം സഹകരിക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഓരോ രാജ്യങ്ങളിലേയും ദേശീയ തലത്തിലുള്ള പരീക്ഷണശാലകള്‍ പരസ്പരം സഹകരിക്കുക, ഗവേഷണഫലങ്ങള്‍ കൈമാറുക, സംയുക്തമായ ഗവേഷണങ്ങള്‍ സംഘടിപ്പിക്കുക, രോഗം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും പുതിയ രീതികള്‍ കണ്ടെത്തുകയും പരസ്പരസഹകരണത്തോടെ അവലംബിക്കുകയും ചെയ്യുക തുടങ്ങിയ ധാരണകളും സംയുക്തപ്രസ്താവനയിലുണ്ട്.
ഷാങ്ഹായി സഖ്യത്തിന്റെ ഉച്ചകോടിയുടെ പ്രധാന്യം വര്‍ധിക്കുന്നത് അവിടെ പുറപ്പെടുവിച്ച കമ്മ്യൂണിക്കേയേക്കാള്‍ സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരിക്കും. കാരണം സഖ്യമുണ്ടാക്കിയത് വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനാണ്. അതുകൊണ്ടുതന്നെ മുഖ്യ പരിഗണന വ്യാപാര കരാറുകളും അതിനെ എളുപ്പത്തിലാക്കുന്നതിനുള്ള വഴികളുടെ അന്വേഷണവുമാണ്. അതാണ് കമ്മ്യൂണിക്കേയായി പുറത്തുവന്നതും. അതോടൊപ്പം സംയുക്ത പ്രസ്താവനയിലൂടെ അതാത് രാജ്യങ്ങളിലെ പൗരസമൂഹത്തിന്റെ ആരോഗ്യപരിപാലനം പോലുള്ള വിഷയങ്ങളും സുപ്രധാനമാണെന്ന തിരിച്ചറിവ് യഥാര്‍ഥത്തില്‍ ഉച്ചകോടിയെ വേറിട്ടതാക്കുകയാണ്.
ഇതുപോലൊരു ഉച്ചകോടിയില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷവും ഭീകരതയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്നും അതിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും പ്രതീക്ഷിച്ചിരുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പ്രസംഗത്തില്‍ അക്കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അതിര്‍ത്തിയിലെ സമാധാനം അനിവാര്യമാണെന്നും മോഡി പറയുകയുണ്ടായി.
എന്നാല്‍ സമകാലിക ലോകം പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ പകര്‍ച്ച വ്യാധികളുടെയും പുതിയതായി കണ്ടെത്തുന്ന രോഗങ്ങളുടെയും കാര്യത്തില്‍ ആശങ്കപ്പെടുന്ന സംയുക്ത പ്രസ്തവനയാണ് ഉച്ചകോടി പുറപ്പെടുവിച്ചത്. അതിനെതിരായ ജാഗ്രതയ്ക്ക് കൈകോര്‍ക്കണമെന്ന സന്ദേശം നല്‍കുകയെന്നത് പുതിയകാലത്തെ ഉള്‍ക്കൊള്ളല്‍ കൂടിയാണ്.