Saturday
18 Nov 2017

കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം; ഗോവ ചലച്ചിത്രമേള ജൂറി ചെയര്‍മാന്‍ രാജിവെച്ചു

By: Web Desk | Tuesday 14 November 2017 9:18 PM IST

ന്യൂഡല്‍ഹി:

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള അന്തിമ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജൂറി തയ്യാറാക്കിയ പട്ടികയില്‍ നിന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
മലയാള സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ, മറാത്തി സംവിധായകന്‍ രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങളാണ് മന്ത്രാലയം പിന്‍വലിച്ചത്. ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. തങ്ങളോടു ചര്‍ച്ച ചെയ്യാതെ രണ്ടു ചിത്രങ്ങളും മന്ത്രാലയം പിന്‍വലിച്ചതില്‍ ഏതാനും ജൂറി അംഗങ്ങള്‍ നേരത്തേ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കഹാനി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഘോഷിന്റെ നേതൃത്വത്തിലായിരുന്നു പതിമൂന്നംഗ ജൂറി ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കുള്ള ചിത്രങ്ങളെല്ലാം തിരഞ്ഞെടുത്തത്. ജോളി എല്‍എല്‍ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ തുടങ്ങിയ മുഖ്യധാര ചിത്രങ്ങളും ഇത്തവണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുര്‍ഗ. ആദ്യം നല്‍കിയ സെക്‌സി ദുര്‍ഗ എന്ന പേര് വിവാദമായതിനെ തുടര്‍ന്നാണ് എസ് ദുര്‍ഗയിലേക്ക് മാറിയത്. ഒരു ആര്‍ട്ട് സ്‌കൂളിലെ ന്യൂഡ് മോഡലായ യുവതിയുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ന്യൂഡ്. ഈ ചിത്രമായിരുന്നു ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ വിനോദ് കാപ്രി സംവിധാനം ചെയ്ത ഹിന്ദി സിനിമ പിഹുവായിരിക്കും ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രം.
153 എന്‍ട്രികളില്‍നിന്ന് അഞ്ച് മുഖ്യധാരാ സിനിമകള്‍ ഉള്‍പ്പടെ 26 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 16 ചിത്രങ്ങളുമുണ്ട്. നവംബര്‍ 20 മുതല്‍ 28 വരെയാണ് രാജ്യന്തര ചലച്ചിത്രേത്സവം നടക്കുന്നത്.

Related News