Wednesday
12 Dec 2018

മോഡിക്ക് ഒമാനില്‍ കൂവലും പ്ലക്കാര്‍ഡും

By: Web Desk | Monday 12 February 2018 10:26 PM IST

മോഡി അഭിസംബോധന ചെയ്ത പൊതുസമ്മേളനത്തിലെ ഭൂരിഭാഗം ഒഴിഞ്ഞ സീറ്റുകള്‍ ജാള്യം മറയ്ക്കാന്‍ മോഡി സ്റ്റേഡിയത്തെ വലംവയ്ക്കുന്നു

പ്രസംഗം ഒഴിഞ്ഞ കസേരകളെയും ശുഷ്‌കമായ സദസിനേയും നോക്കി
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശത്ത് പ്രവാസി പ്രതിഷേധം നേരിടുന്നത് ഇതാദ്യം

കെ രംഗനാഥ്

മസ്‌ക്കറ്റ്: ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രവാസി സമൂഹം പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പ്രതിഷേധമുദ്രാവാക്യങ്ങളും കൂക്കുവിളിയും.  സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ മോഡി പ്രസംഗിക്കാനെണീറ്റതോടെ ശുഷ്‌കമായ സദസിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു. മോഡിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
പ്രധാനമന്ത്രിക്ക് വിദേശത്ത് പ്രവാസി പ്രതിഷേധം നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് സമ്മേളനത്തിന് കനത്ത സുരക്ഷാ സംവിധാനമൊരുക്കിയിരുന്ന റോയല്‍ ഒമാന്‍ പൊലീസ് നന്നേ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ ശാന്തമാക്കിയത്. ഇതേത്തുടര്‍ന്ന് സദസില്‍ നല്ലൊരുഭാഗം ചടങ്ങ് ബഹിഷ്‌കരിച്ച് സ്റ്റേഡിയത്തിന് പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്യുന്നത് കാണാമായിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായതോടെ മോഡി ഒരു ഇലക്ട്രിക് കാറിന്റെ പുറത്ത് തൂങ്ങിപ്പിടിച്ച് സ്റ്റേഡിയത്തെ വലംവച്ച് സദസിനെ കൈവീശി അഭിവാദ്യം ചെയ്തപ്പോഴും മോഡിയുടെ ‘അഛേദിന്‍’ നാളുകള്‍ എണ്ണിക്കഴിഞ്ഞുവെന്ന സൂചനയായി കാണികളില്‍ നിന്ന് തണുത്ത പ്രതികരണം. ഇതേത്തുടര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് നല്‍കിയ അത്താഴവിരുന്നിനിടയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ മോഡി കടുത്ത ഭാഷയില്‍ ശകാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മോഡി പങ്കെടുത്ത ചടങ്ങ് ശുഷ്‌കമായതിനേയും പ്രതിഷേധ പ്രകടനങ്ങളേയും കുറിച്ച് ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള പത്രങ്ങളടക്കമുള്ളവയുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വിശദമായ വാര്‍ത്തകളുണ്ട്. ‘പ്രതീക്ഷിച്ചത് 30,000 വന്നത് 13,000. ആളില്ലാ കസേരകളോട് മോഡിയുടെ പ്രസംഗം’ എന്നായിരുന്നു ‘മലയാള മനോരമ’ ഓണ്‍ലൈനിലെ വാര്‍ത്തയുടെ തലക്കെട്ട്.
ഒമാനിലെ ഒരു പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയെയാണ് എട്ട് ലക്ഷം ഇന്ത്യന്‍ പ്രവാസികളും അവരില്‍ അഞ്ച് ലക്ഷത്തിലേറെ മലയാളികളുമുള്ള ഒമാനിലെ മോഡിയുടെ പൊതുസമ്മേളനത്തിലേയ്ക്ക് ആളെക്കൂട്ടാനുള്ള ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിനുപുറമെ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികളെയും സദസില്‍ അണിനിരത്താന്‍ ഇന്ത്യന്‍ എംബസി ഉത്തരവിട്ടിരുന്നു. ഒമാനിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്ഥാനപതി ഇരുമണി പാണ്ഡേ നേരിട്ടെഴുതിയ കത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചയ്ക്കുശേഷം അരദിവസത്തെ അവധി അനുവദിച്ച് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രവര്‍ത്തി ദിവസമായതിനാല്‍ കമ്പനികളൊന്നും സ്ഥാനപതിയുടെ കത്ത് കണ്ടഭാവം നടിച്ചില്ല. മുപ്പതിനായിരം പേര്‍ക്ക് ക്ഷണക്കത്ത് നല്‍കിയെങ്കിലും 40,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന സ്റ്റേഡിയത്തില്‍ എത്തിയത് 13,000 ന് താഴെ ആള്‍ക്കാര്‍ മാത്രം. ഇവരിലേറെയും നിര്‍ബന്ധിച്ച് ഉത്തരവിറക്കിക്കൊണ്ടുവന്ന സ്‌കൂള്‍കുട്ടികളും. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി മോഡി സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലാകെ പുരോഗതി കൊണ്ടുവന്നത് താനാണെന്ന് ഗീര്‍വാണമടിച്ചതോടെയായിരുന്നു പ്ലക്കാര്‍ഡുകള്‍ വീശി പ്രതിഷേധം.
പ്രവാസികളെ പ്രകീര്‍ത്തിച്ച മോഡിക്ക് പക്ഷേ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് മിണ്ടാട്ടമില്ലായിരുന്നു. മസ്‌ക്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബുമായി സഹകരിച്ചായിരുന്നു പൊതുസമ്മേളനത്തിന്റെ സംഘാടനം. കാല്‍ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ക്ലബിലെ അംഗങ്ങളില്‍ അഞ്ച് ശതമാനത്തെപ്പോലും പങ്കെടുപ്പിക്കാനായില്ലെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തെ ഏറ്റവും വലിയ ‘ക്രൗഡ്പുള്ളര്‍’ എന്ന വിശേഷണമുള്ള മോഡിയുടെ ഒമാനിലെ പൊതുസമ്മേളനം പാളിയത് പ്രവാസികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.
എന്നാല്‍ സംഘാടകരും ബിജെപി – സംഘപരിവാറുകാരുമായ പ്രവാസികള്‍ ഇപ്പോള്‍ പഴിചാരുന്നത് ഇന്ത്യന്‍ പ്രതിപക്ഷ കക്ഷികളെയെന്നതാണ് രസകരം. കോണ്‍ഗ്രസുകാരും സിപിഐക്കാരും സിപിഎമ്മുകാരും കാലേക്കൂട്ടി പാസുകള്‍ വാങ്ങിയശേഷം മോഡിയെ തോല്‍പ്പിക്കാന്‍ പൊതുസമ്മേളനം ബഹിഷ്‌കരിച്ചതാണെന്നാണ് ഇക്കൂട്ടരുടെ ആക്ഷേപം. എന്നാല്‍ യുഎഇയിലും ഒമാനിലും പ്രവാസികള്‍ക്കുവേണ്ടി മോഡി എന്ത് പ്രഖ്യാപിച്ചുവെന്നാണ് പ്രവാസികളുടെ മറുചോദ്യം.

Related News