Wednesday
26 Sep 2018

സമരത്തിനെതിരെ നിയമം: ഗ്രീസ് സ്തംഭിച്ചു

By: Web Desk | Saturday 13 January 2018 10:59 PM IST

ഏതന്‍സ്: ഗ്രീസില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ഏതന്‍സില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധറാലി നടന്നു. സമരം ചെയ്യുന്നതുള്‍പ്പെടെ വിലക്കിക്കൊണ്ടുള്ള നിയമം പാസാക്കുന്നതിനെതിരെയാണ് തൊഴില്‍മേഖല സ്തംഭിപ്പിച്ച് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.
2018ല്‍ ഗ്രീസില്‍ നടക്കുന്ന ആദ്യ പ്രധാന സമരമാണിത്. 9,38,000 ആളുകള്‍ ദിവസേന ഉപയോഗിക്കുന്ന ഏതെന്‍സ് മെട്രോ അടച്ചിട്ടതോടെ 40 ലക്ഷം ആളുകള്‍ സഞ്ചാരം നടത്തുന്ന സിറ്റിയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
നാവികര്‍ സമരത്തിനിറങ്ങിയതോടെ കടല്‍മാര്‍ഗമുള്ള വ്യാപാരവും തടസപ്പെട്ടു. ഡോക്ടര്‍മാര്‍ സമരവുമായി നിരത്തിലിറങ്ങിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും താളംതെറ്റി. തിങ്കളാഴ്ച കൂടുതല്‍ പണിമുടക്കുകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കുടുംബക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ പരിഷ്‌കരിച്ചും മുടങ്ങിക്കിടന്ന വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടുമുള്ള ബില്‍ പാര്‍ലെമെന്റിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ച ബില്‍ പരിഗണിക്കും.
ആധുനിക അടിമത്വത്തം അനുവധിക്കില്ല, ഉയര്‍ത്തെഴുന്നേല്‍ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം നടക്കുന്നത്. കമ്മ്യൂണിസ്റ്റ് സംഘടനയായ പിഎഎംഇയിലെ 20,000പേര്‍ പങ്കെടുത്തതായാണ് കണക്ക്.
പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചത് പൊലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സമരം ചെയ്യുന്നതിനെ വരെ വിലക്കിക്കൊണ്ടുള്ള നിയമമാണത്. 1967-74 കാലഘട്ടത്തെ പട്ടാളഭരണമാണ് ഓര്‍മവരുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
രാജ്യത്തിന്റെ കടവായ്പ കൊടുത്ത് തീര്‍ക്കാന്‍ സമരങ്ങളും പണിമുടക്കും അവസാനിപ്പിച്ച് ഉത്പാദനനിരക്ക് 20 ശതമാനം കൂടി വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.

Related News