Wednesday
20 Jun 2018

മടിയില്‍ കുഞ്ഞുമായി അമ്മ വാര്‍ത്തവായനക്ക്

By: Web Desk | Thursday 11 January 2018 8:36 PM IST

മടിയില്‍ കുഞ്ഞുമായി അവതാരക വാര്‍ത്തവായനക്ക് എത്തിയത് ചര്‍ച്ചയായി.   പാക് ടെലിവിഷന്‍ സമാ ടി വിയില്‍ വാര്‍ത്താ വായനയ്ക്കായി എത്തിയ  അവതാരക കിരണ്‍ നാസിന്റെ മടിയില്‍ അവരുടെ പെണ്‍കുഞ്ഞുമുണ്ടായിരുന്നു. പാകിസ്ഥാനിലെ കസൂറില്‍ എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് തന്റെ പെണ്‍കുഞ്ഞിനെയും അവര്‍ കൂടെ കൂട്ടിയത്.

”ഇന്ന് ഞാന്‍ അവതാരക കിരണ്‍ നാസ് അല്ല. ഞാനൊരു അമ്മയാണ്. അതിനാലാണ് എന്റെ മകളുമായി  എത്തിയിരിക്കുന്നത്.” ബുള്ളറ്റിന്‍ ആരംഭിക്കും മുന്‍പ് കിരണ്‍ പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ച്‌ ഒന്നരമിനിട്ട് അവര്‍ സംസാരിച്ചു. പെണ്‍കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ രാജ്യമാകെ അപമാനഭാരത്തിലാവുകയാണെന്നും കിരണ്‍ പറഞ്ഞു. ഇത് കേവലം ഒരു പെണ്‍കുട്ടിയുടെ കൊലപാതകം മാത്രമല്ല, സമൂഹമാകെ കൊലചെയ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യത്വമാണ് മരിച്ചിരിക്കുന്നത് എന്ന പ്രസ്താവനയോടെയാണ് കിരണ്‍ നാസ് വാര്‍ത്ത വായന അവസാനിപ്പിച്ചത്.

പഞ്ചാബ് പ്രവിശ്യയിലെ റോഡ്കോട്ടില്‍ എട്ടുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കുപ്പത്തൊട്ടിയില്‍ തള്ളിയ സംഭവത്തില്‍ പാകിസ്ഥാനിലാകെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പൊലീസിനു നേര്‍ക്കുനടന്ന മാര്‍ച്ചിനുനേരെ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.ഒരു വര്‍ഷത്തിനിടെ കസൂറില്‍ നടക്കുന്ന 12-ാമത് ബാലപീഡനമാണിതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയുമായി ബന്ധപ്പെട്ട് വലിയൊരു ബാലപീഡന ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News