Thursday
18 Oct 2018

ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ല

By: Web Desk | Monday 19 March 2018 1:11 PM IST

(കെട്ടിക്കിടക്കുന്ന വെള്ളത്തിലും അലസമനസുകളിലും മാലിന്യങ്ങള്‍ കാണും)
ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ അഴുക്ക് കെട്ടിനിന്ന് പെരുകുകയില്ല. അതുപോലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മനസുകളിലും ദുര്‍വിചാരങ്ങള്‍ക്കിടമില്ല. അലസമനസുകളിലാണ് മോശം ചിന്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുക. നാം സദാസമയവും കര്‍മനിരതരായിരിക്കാന്‍ ശ്രമിക്കുക. അങ്ങനെയായാല്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യാനുളള പ്രേരണ ഒരിക്കലും ഉണ്ടാവുകയില്ല. നിര്‍മലമായ മനസുള്ളവരായിത്തീരണമെങ്കില്‍ മനസിനെ കര്‍മനിരതമാക്കി നിര്‍ത്തണം. അലസത ദോഷകരമാണ്. മടിയന്റെ മനസ് പിശാചിന്റെ പണിപ്പുരയാണെന്ന ചൊല്ലിന്റെ ആശയവും ഇതുതന്നെ.

ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി

(എന്തെല്ലാം വിശേഷങ്ങളുണ്ടായാലും സാധാരണക്കാരന് യാതൊരു ഗുണവുമില്ല)
സാധാരണക്കാരനെ സംബന്ധിച്ച് എന്തെല്ലാം ഭരണപരിഷ്‌കാരങ്ങളുണ്ടായാലും ഒരു ഗുണവും കണ്ടുവരുന്നില്ല. കോരന്‍ എന്ന പദംകൊണ്ട് സാധാരണക്കാരനായ പാവപ്പെട്ട വ്യക്തി എന്നാണര്‍ഥമാകുന്നത്. ഓണം പിറന്നാല്‍ ആഹ്ലാദവും സമൃദ്ധിയും എല്ലാവരും പ്രതീക്ഷിക്കുന്നു. അതുപോലെ ഒരു കുഞ്ഞ് ജനിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിലും ആഹ്ലാദം പങ്കുവയ്ക്കുന്നു. ഇതൊന്നും പാവപ്പെട്ടവര്‍ക്ക് അനുഭവത്തില്‍ കാണപ്പെടുന്നില്ല. കാരണം അവര്‍ക്കെന്നും കഷ്ടപ്പാടുതന്നെ. അവരുടെ കണ്ണീരൊപ്പാന്‍ ഒരു ഭരണപരിഷ്‌കാരത്തിനും കഴിയുന്നുമില്ല.

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം

(പരസ്പര പൊരുത്തമുണ്ടെങ്കില്‍ ദുഷ്‌കരമായ കാര്യവും നേടാന്‍ കഴിയും)
മാനസികമായ ഐക്യമുണ്ടെങ്കില്‍ എത്ര പ്രയാസമുള്ള അവസ്ഥയേയും തരണം ചെയ്യാന്‍ കഴിയും. ഉലക്കയുടെ മുകളില്‍ കിടക്കുക എന്നത് അസാധ്യമായ കാര്യമാണ്. അത്രയും ക്ലേശകരമായ കാര്യം പോലും ഒരുമയുണ്ടെങ്കില്‍ സാധിക്കാവുന്നതാണ്. സഹകരണമാണ് ഏത് കാര്യത്തിന്റെ വിജയത്തിനും ആവശ്യമായിട്ടുള്ളത്. സമൂഹജീവിയായ മനുഷ്യന് പരസ്പര സഹകരണമില്ലാതെ ജീവിക്കാന്‍ വിഷമമാണ്. ഒത്തൊരുമയോടെ പെരുമാറുകയാണെങ്കില്‍ ഒരു കാര്യത്തിനും ക്ലേശമുണ്ടാവുകയില്ല. ‘ഐകമത്യം മഹാബലം’ എന്ന ചൊല്ലിന്റെ ആശയവും ഇതുതന്നെ.

വിഷ്ണു വി
ക്ലാസ് ഏഴ് ബി,
ജി യുപി സ്‌കൂള്‍, ചുള്ളക്കാട് , മലപ്പുറം