Friday
21 Sep 2018

ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ്: പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

By: Web Desk | Thursday 23 November 2017 9:07 AM IST

ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് തസ്തികയില്‍ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം പിഎസ്‌സി നടത്തുന്ന ലബോറട്ടറി അറ്റന്‍ഡേഴ്‌സ് ടെസ്റ്റും വിജയിച്ചിരിക്കണം. ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിക്കുന്ന സമയത്ത് ലബോറട്ടറി അറ്റന്‍ഡേഴ്‌സ് ടെസ്റ്റ് വിജയിച്ചിരിക്കണം എന്ന് നിര്‍ബന്ധമില്ല. പ്രൊബേഷന്‍ കാലയളവിനുള്ളില്‍ ടെസ്റ്റ് വിജയിച്ചാല്‍ മതി.

പ്രായപരിധി 18-36. ഉദ്യോഗാര്‍ഥികള്‍ 02-01-1981നും 01-01-1999നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ശമ്പള സ്‌കെയില്‍ 17,500 – 39,500. ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയതിനുശേഷം അപേക്ഷ സമര്‍പ്പിക്കുക. ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ തങ്ങളുടെ യുസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്തശേഷം സ്വന്തം പ്രൊഫൈല്‍വഴി അപേക്ഷ നല്‍കുക. ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറ് രാത്രി 12 വരെ.

ലാബ് അസിസ്റ്റന്റ് തസ്തികയുടെ പുതിയ വിജ്ഞാപനപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നും 1750 പേര്‍ക്ക് നിയമനം പ്രതീക്ഷിക്കാം. 14 ജില്ലകളിലുമായി നിലവില്‍ വരുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് നിയമനം ലഭിക്കുക. വിജ്ഞാപനസമയത്ത് ലാബ് അസിസ്റ്റന്റ്മാരുടെ 27 ഒഴിവുകളാണ് പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയില്‍ നിന്നാണ്– 12. ഏറ്റവും കുറവ് ഒഴിവുകള്‍ വന്നത് പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ നിന്ന്. രണ്ടു വീതം ഒഴിവുകളാണ് ഈ ജില്ലകളില്‍ നിന്നും പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊല്ലം ജില്ലയില്‍ ആറും തൃശൂരില്‍ മൂന്നും ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കി ജില്ലകളില്‍ നിന്നും ലാബ് അസിസ്റ്റന്റ് തസ്തികയുടെ ഒഴിവുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്നും 1523 പേര്‍ക്കാണ് നിയമനശുപാര്‍ശ ലഭിച്ചത്. ഏറ്റവും കൂടതല്‍ പേര്‍ക്ക് നിയമനശുപാര്‍ശ നല്‍കിയത് തിരുവനന്തപുരം ജില്ലയിലാണ്– 164. ഏറ്റവും കുറവ് നിയമനങ്ങള്‍ വയനാട് ജില്ലയിലും–32. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 100ല്‍ കൂടുതല്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്.

 

Related News