Tuesday
24 Oct 2017

സൗജന്യം നല്‍കേണ്ടത് പി ടി ഉഷയ്ക്കല്ല

By: Web Desk | Monday 2 October 2017 8:30 PM IST

കോഴിക്കോട്: ഒളിംപ്യന്‍ പി.ടി.ഉഷയ്ക്ക് സൗജന്യമായി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിനിതിരെ നയം വ്യക്തമാക്കി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സംസ്ഥാനത്ത് മികവ് തെളിയിച്ച ആയിരക്കണക്കിന് കായികതാരങ്ങളും പരിശീലകരുമുണ്ട്. ഇവരില്‍ വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങിവീടും വെച്ചുകൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പി.ടി.ഉഷയ്ക്ക് സ്വന്തമായി വീടും ഭൂമിയുമുണ്ടെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായി തീരുമാനമെടുക്കുമെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.ടി.ഉഷയ്ക്ക് ഒപ്പമായിരുന്നു എല്ലാകാലവും സര്‍ക്കാര്‍. ഉഷ മികവു തെളിയച്ച് നാടിന്റെ അഭിമാനമായ കാലത്ത് ജന്മ നാടായ പയ്യോളിയില്‍ സര്‍ക്കാര്‍ വീടുവെച്ചുകൊടുത്തു. അന്ന് മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ള കാറും നല്‍കിയിട്ടുണ്ട്. അതൊക്കെ കായികതാരം എന്ന നിലയില്‍ അവരുടെ മികവിനുള്ള അംഗീകാരം തന്നെയായിരുന്നെന്നും ടി.പി.ദാസന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പി.ടി.ഉഷയ്ക്ക് കോഴിക്കോട് നഗരത്തില്‍ വീടുവെക്കാനായി 10 സെന്റ് സ്ഥലം വാഗ്ദാനം ചെയ്തത്. അതിനായി പി.ടി.ഉഷ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഹില്‍ എന്‍ജിനിയറിംങ് കോളജ് കോംമ്പൗണ്ടിനുള്ളില്‍ 10 സെന്റ് ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ കോഴിക്കോട്ട് വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. കോളജിന്റെ ആവശ്യത്തിനുപോലും ഭൂമിയില്ലാത്തപ്പോള്‍ ഉഷയ്ക്ക് അവിടെ ഭൂമി നല്‍കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും കോളജ് അധികൃതരും വിദ്യാര്‍ഥികളും രംഗത്തെത്തി. സംഭവം വിവാദമായതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലും നഗരത്തിലെ കണ്ണായസ്ഥലം പി.ടി.ഉഷയ്ക്ക് എഴുതിക്കൊടുക്കുന്നതിനിതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ഇതിനിടെ ഉഷയ്ക്ക് നഗരത്തില്‍ തന്നെ കോടികള്‍ വിലവരുന്ന ഭൂമിയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. ഇതോടെ സ്വന്തമായി നഗരത്തില്‍ ഭൂമിയുണ്ടായിട്ടും ഉഷ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കുകയാണെന്നും ഇതനുവദിക്കരുതെന്നും പറഞ്ഞ് നിരവധി സംഘടനകള്‍ രംഗത്തെത്തി. പുതിയ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍കൂടി നയംവ്യക്തമാക്കിയതോടെ സര്‍ക്കാര്‍ ഉഷയ്ക്ക് ഭൂമി നല്‍കുന്നതില്‍ നിന്ന് പിറകോട്ട് പോകുമെന്നാണ് വിവിരം.