Monday
17 Dec 2018

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം

By: Web Desk | Sunday 7 January 2018 10:29 PM IST

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴേയ്ക്കും നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലായിരിക്കുന്നു. ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിന് സാധിക്കുമെന്നതിന്റെ ഉദാഹരണമാണിത്.
കേരളത്തില്‍ ഏറ്റവുമധികം പൊതുമേഖലാ സംരംഭങ്ങള്‍ സ്ഥാപിതമായത് 1969 മുതല്‍ പത്തുവര്‍ഷം കേരളം ഭരിച്ച സിപിഐ നേതൃത്വത്തിലുള്ള മുന്നണിയുടെ കാലത്തായിരുന്നുവെന്നത് ചരിത്രമാണ്. രാജ്യം ടെലിവിഷന്‍ കാണുന്നതിന് മുമ്പ് ഇലക്‌ട്രോണിക് രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ കെല്‍ട്രോണ്‍ പോലുള്ള വ്യവസായങ്ങള്‍ എടുത്തുപറയേണ്ടവയാണ്. വ്യവസായ വകുപ്പിന് കീഴിലും കൃഷിവകുപ്പിന് കീഴിലും നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിച്ചതിനു പുറമേ സഹകരണ വകുപ്പിന് കീഴില്‍ കേരള ദിനേശ് ബീഡി പോലെ ലോകത്തിന് തന്നെ മാതൃകയായ സ്ഥാപനങ്ങള്‍ ആരംഭിച്ചതും അക്കാലത്തായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളും ഇച്ഛാശക്തിയോടെയുള്ള ഭരണ നടപടികളും കൊണ്ടാണ് അക്കാലത്തെ സര്‍ക്കാരുകള്‍ക്ക് ഇത്രയധികം പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത്. ദീര്‍ഘകാലം ലാഭത്തില്‍ പ്രവര്‍ത്തിച്ച പല പൊതുമേഖലാ സ്ഥാപനങ്ങളും നടത്തിപ്പിലെ പോരായ്മകള്‍ കൊണ്ട് ചില ഘട്ടങ്ങളില്‍ നഷ്ടത്തിലാകുന്ന സ്ഥിതിയുണ്ടാകാറുണ്ടെങ്കിലും പൊതുമേഖലയെന്നത് കേരള സമ്പദ്ഘടനയുടെ അടിത്തറയായി നിലക്കൊണ്ടിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായും അവ നിലക്കൊണ്ടു.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ കാതലായിരുന്നു പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമെന്നത്. അതുകൊണ്ട് തന്നെ യുഡിഎഫ് ഭരണ കാലത്ത് നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി അവഗണനയും സ്വകാര്യവല്‍ക്കരണ ശ്രമങ്ങളുമാണ് പിന്തുടര്‍ന്നത്. അതുകൊണ്ടുതന്നെ യുഡിഎഫ് അധികാരത്തില്‍ നിന്നൊഴിയുമ്പോഴെല്ലാം പൊതുമേഖല നഷ്ടത്തിലാണെന്ന കണക്കുകളാണ് പുറത്തുവന്നിരുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മിക്കവാറും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായിരുന്നുവെങ്കില്‍ ഓരോ വര്‍ഷവും നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായത്. 2011-12 ല്‍ 207.40 കോടി രൂപ നഷ്ടമുണ്ടായിരുന്നത് 2013-14 ല്‍ 717.03 കോടിയായി ഉയര്‍ന്നു. 2014-15 വര്‍ഷത്തെ (യുഡിഎഫ് സര്‍ക്കാരിന്റെ ) കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി)ന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായിരുന്നു. തൊട്ടടുത്ത വര്‍ഷം അതായത് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം നഷ്ടം 2,030.05 കോടി രൂപയായി ഉയര്‍ന്നു.
ഈയൊരു സാഹചര്യത്തിലാണ് ഒന്നര വര്‍ഷം പിന്നിടുമ്പോഴേയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടിരൂപ ലാഭം നേടിയെടുത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ വര്‍ഷത്തില്‍ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തില്‍ 71 കോടി രൂപയിലധികം നികത്താന്‍ സാധിച്ചിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്ത് കനത്ത നഷ്ടത്തിലായിരുന്ന പല സ്ഥാപനങ്ങളും ചെറിയ കാലയളവുകൊണ്ട് ലാഭത്തിലേയ്ക്ക് മാറുന്ന സ്ഥിതിയുണ്ടായി എന്നത് ഭരണ രംഗത്തെ സുശക്തമായ ഇടപെടലിന്റെ ഫലം തന്നെയാണ്.
കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ ആദ്യപാദത്തില്‍ വന്‍ നേട്ടം കൊയ്തു. 136 കോടി രൂപയുടെ ലാഭം നേടിയ കെഎംഎംഎല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഈ കാലയളവില്‍ 15 കോടി മാത്രമായിരുന്നു കെഎംഎംഎലിന്റെ ലാഭം.
പൊതുമേഖലയെന്നത് സംസ്ഥാന സമ്പദ്ഘടനയുടെയും തൊഴില്‍ദായകശക്തിയെന്ന നിലയിലും അനിവാര്യഘടകമെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 100 കോടിയില്‍ നിന്ന് 270 കോടിയാക്കി ഉയര്‍ത്തിയിരുന്നു. കമ്പനികളുടെ പുനരുദ്ധാരണത്തിനായി മാനേജ്‌മെന്റ് വൈദഗ്ധ്യവും സാങ്കേതിക മേന്മയും ചേര്‍ത്തുകൊണ്ടുള്ള നടപടികള്‍ സ്വീകരിച്ചതാണ് ഇതിന് കാരണമായതെന്ന് വ്യവസായ വകുപ്പ് മന്ത്രി വിശദീകരിച്ചിട്ടുണ്ട്.
തീര്‍ച്ചയായും ഇത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. വ്യവസായങ്ങള്‍ ലാഭത്തിലാകുമ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിന് ഇച്ഛാശക്തിയുള്ള ഭരണ നടപടികളിലൂടെ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ നേട്ടങ്ങള്‍.