Wednesday
17 Oct 2018

ജനസേവനം ദൈവാരാധന

By: Web Desk | Saturday 9 June 2018 5:56 PM IST

Imam Moulavi Suhaib

മൗലവി സുഹൈബ് വിപി
പാളയം ഇമാം, തിരുവനന്തപുരം

ഒരിക്കല്‍ ഇബ്‌നു അബ്ബാസ് പ്രവാചകന്റെ പള്ളിയില്‍ ഭജനമിരിക്കുകയായിരുന്നു. അപ്പോള്‍ സലാം പറഞ്ഞുകൊണ്ട് ഒരാള്‍ കടന്നുവന്ന് അവിടെ ഇരുന്നു. ഇബ്‌നു അബ്ബാസ് അയാളോടു ചോദിച്ചു: ‘താങ്കള്‍ വളരെ ദുഃഖിതനാണല്ലോ’. അയാള്‍ പറഞ്ഞു: ‘അതെ പ്രവാചകന്റെ പിതൃവ്യപുത്രാ. എനിക്ക് ഒരാളോട് സാമ്പത്തികമായ ചില ബാധ്യതകളുണ്ട്. അതു കൊടുത്തുവീട്ടാന്‍ എനിക്ക് കഴിയുകയില്ല’. ഇബ്‌നു അബ്ബാസ് പറഞ്ഞു: ‘താങ്കളുടെ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചാലോ?’ അയാള്‍ പറഞ്ഞു: ‘താങ്കള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അങ്ങനെയാവാം.’ ഇബ്‌നു അബ്ബാസ് ചെരിപ്പു ധരിച്ച് പള്ളിയില്‍നിന്ന് പുറത്തിറങ്ങി. ആഗതന്‍ ചോദിച്ചു: ‘താങ്കള്‍ ഭജനമിരിക്കുകയാ ണെന്ന കാര്യം മറന്നുപോയതാണോ?’ ഇബ്‌നു അബ്ബാസ് പറഞ്ഞു: അങ്ങനെയല്ല; മറിച്ച്, ഈ ഖബ്‌റില്‍ കിടക്കുന്ന വ്യക്തി ഒരിക്കല്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ഒരുവന്‍ തന്റെ സഹോദരന്റെ ആവശ്യത്തിനുവേണ്ടി പുറത്തിറങ്ങുകയും അക്കാര്യം നിറവേറ്റുകയും ചെയ്താല്‍ അതവന് പത്തുവര്‍ഷം പള്ളിയില്‍ ഭജനമിരിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്. പ്രവാചകന്റെ മരണം കഴിഞ്ഞിട്ട് കുറച്ചു കാലമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതിനാല്‍, ഇത് പറയുമ്പോള്‍ ഇബ്‌നു അബ്ബാസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. റമദാനിലെ അവസാനത്തെ പത്തില്‍ പള്ളിയില്‍ ഭജനമിരിക്കുക എന്ന ശ്രേഷ്ഠമായ അനുഷ്ഠാന കര്‍മ്മത്തെ നിസ്സാരമാക്കാനല്ല ഈ വചനങ്ങള്‍ പറഞ്ഞത്. അതിനേറെ മഹത്വമുണ്ട്. എന്നാല്‍ ജനങ്ങളുടെ വേദനയുടെ പ്രയാസവും അകറ്റുന്നതിനുവേണ്ടി പരിശ്രമിക്കല്‍. ഇത്തരം ആരാധനകളെകാളൊക്കെ മഹത്വമുള്ള പുണ്യ കര്‍മ്മമാണെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ഇത് വ്യക്തമാക്കിയത്.