Saturday
21 Jul 2018

എട്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

By: Web Desk | Saturday 28 October 2017 11:01 PM IST

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ദുര്‍ബലവിഭാഗത്തില്‍പ്പെടുത്തി രാജ്യത്തെ എട്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര നീക്കം. കിട്ടാക്കടം പെരുകുന്ന ബാങ്കുകളെയാണ് ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. മൊത്തം ആസ്തിയും കിട്ടാക്കടവും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് വിഭാഗീകരണം നടത്തിയിരിക്കുന്നത്. ആസ്തിയുടെ 15 ശതമാനമോ അതില്‍ കൂടുതലോ കിട്ടാക്കടമുള്ളവയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.
15 ശതമാനത്തില്‍ കൂടുതല്‍ കിട്ടാക്കടമുള്ള ബാങ്കുകള്‍ ഐഡിബിഐ, യൂകോ, യുബിഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയാണ്.
സര്‍ക്കാര്‍ അടുത്തിടെ പൊതുമേഖലാബാങ്കുകള്‍ക്കായി പ്രഖ്യാപിച്ച മൂലധന പുനര്‍ വിന്യാസത്തില്‍ മുഖ്യമായും പ്രമുഖ ബാങ്കുകളെ മാത്രം പരിഗണിക്കുകയും ദുര്‍ബല വിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്യും. അതുകഴിഞ്ഞ് ഈ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നില്ലെങ്കില്‍ സ്വകാര്യവല്‍ക്കരിക്കുകയുമാണ് ലക്ഷ്യം.
ആദ്യഘട്ടമായി ഐഡിബിഐ ബാങ്കിനെയാണ് സ്വകാര്യവല്‍ക്കരിക്കുക. 24 ശതമാനമാണ് ഈ ബാങ്കിന്റെ കിട്ടാക്കടം. കമ്പനി നിയമപ്രകാരമാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യവുമില്ല.
‘ശക്തമായ ബാങ്കുകളെ മാത്രമാണ് മൂലധന പുനര്‍വിന്യാസത്തിന് പരിഗണിക്കുന്നത്. കൂടുതല്‍ പണം ഈ ബാങ്കുകള്‍ക്കാണ് നല്‍കുക. ദുര്‍ബല ബാങ്കുകള്‍ക്ക് ഭാഗികമായി മാത്രമേ പണം അനുവദിക്കുകയുള്ളൂ. അതുകഴിഞ്ഞ് അവരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും മെച്ചപ്പെടുന്നില്ലെങ്കില്‍ മറ്റ് നടപടികള്‍ ആലോചിക്കുകയും ചെയ്യും’ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശക്തമായ ആവശ്യത്തെ തുടര്‍ന്ന് 1969 ലാണ് ബാങ്ക് ദേശസാല്‍ക്കരണം രാജ്യത്ത് നടപ്പിലാക്കിയത്. ഉടമകള്‍ ലാഭം വര്‍ധിപ്പിക്കുകയും വായ്പകളും മറ്റും ഇഷ്ടക്കാര്‍ക്കു മാത്രം നല്‍കുകയും ചെയ്തുവന്ന സാഹചര്യത്തിലാണ് ദേശസാല്‍ക്കരണമെന്ന ആവശ്യം ശക്തമായത്. ചെറുകിട ബാങ്കുകളെ മറ്റു ബാങ്കുകളില്‍ ലയിപ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.