Thursday
21 Jun 2018

പുനര്‍നവ സൗജന്യ ആരോഗ്യപദ്ധതി തുടങ്ങി

By: Web Desk | Thursday 24 May 2018 5:52 PM IST

കൊച്ചി: പുനര്‍നവ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ രജതജൂബിലിയോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ ആരോഗ്യ പദ്ധതി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഊരില്‍ ആരംഭിച്ചു. വെള്ളാരംകുത്തിന് ഒരു വര്‍ഷം മുഴുവന്‍ സൗജന്യ വൈദ്യസഹായം നല്‍കുന്നതാണ് പദ്ധതി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളാരംകുത്ത് വാര്‍ഡിലെ പട്ടിക വിഭാഗത്തില്‍പെട്ട 12 വയസിന് താഴെയുള്ള കുട്ടികള്‍, 70 വയസിന് മുകളിലുമുള്ള വയോധികര്‍, ഗര്‍ഭിണികള്‍, കിടപ്പു രോഗികള്‍ തുടങ്ങിയവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

വെള്ളാരംകുത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഗോപി പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെകെ ബൈജു അധ്യക്ഷത വഹിച്ചു. പുനര്‍നവ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ എഎം അന്‍വര്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ അയ്യമ്പിള്ള, ഊരുമൂപ്പന്‍ എന്‍ രാമന്‍, റെജി പൗലോസ് എആര്‍ ഗോപാലന്‍, കുമാരി സോമന്‍ പ്രസംഗിച്ചു. പുനര്‍നവ വൈസ് പ്രസിഡന്‍റ് ഡോ. മാധവചന്ദ്രന്‍ സ്വാഗതവും അസി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി പ്രസാദ് നന്ദിയും പറഞ്ഞു.

രജത ജൂബിലി വര്‍ഷത്തില്‍ നിരവധി സാമൂഹ്യസേവന പദ്ധതികളാണ് പുനര്‍നവ ആരംഭിച്ചിട്ടുള്ളത്. നിരാലംബരായവര്‍ പാര്‍ക്കുന്ന 25 വൃദ്ധസദനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന 25 സ്‌കൂളുകളിലും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നുവരികയാണ്. അനാഥാലങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 പേരെ സൗജന്യമായി ആയുര്‍വ്വേദ തെറാപ്പി കോഴ്‌സ് പഠിപ്പിന്നതാണ് മറ്റൊരു പദ്ധതി. പഠനകാലയളവില്‍ സ്‌റ്റൈപ്പന്റ് നല്‍കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ പുനര്‍നവയുടെ വിവിധ ആശുപത്രികളിലും വെല്‍നെസ് സെന്ററുകളിലും നിയമിക്കും.

Related News