Monday
17 Dec 2018

അവിസ്മരണീയം  ആ സമരകാലം

By: Web Desk | Wednesday 25 October 2017 12:01 PM IST

 എ കെ ബാവ 
ആലപ്പുഴ: പുന്നപ്രയിലെ യന്ത്രത്തോക്കിന്റെ ശബ്ദം എ കെ ബാവയെന്ന കമ്മ്യൂണിസ്റ്റുകാരന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ സുലേഖ കോട്ടേജില്‍ എ കെ ബാവ എന്ന 92 കാരന്‍ സമരാനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് കാലത്തിന് മായ്ക്കാനാവാത്തതായിരുന്നു. 14-ാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തെ നോക്കാനുള്ള ചുമതല ബാവയിലായി. പിന്നീട് വിദ്യാഭ്യാസം നിര്‍ത്തി ഒ എല്‍ എം എം കമ്പനിയില്‍ കയര്‍ഫാക്ടറി തൊഴിലാളിയായി ജോലിക്ക് കയറി. ഇവിടെ വരുമാനം തീരെ കുറവായതിനാല്‍ പിന്നെ ഡാറാസ് മില്ലിലേയ്ക്ക് മാറി. നാട് നേരിടുന്ന മുഴുവന്‍ വിഷയങ്ങളിലും ശക്തമായ പ്രതികരണം ഉയര്‍ത്തിയവരായിരുന്നു അക്കാലത്തെ കയര്‍ഫാക്ടറി തൊഴിലാളികള്‍. വിലക്കയറ്റത്തിനും ദിവാന്‍ഭരണത്തിനുമെതിരെ തൊഴിലാളികള്‍ നടത്തിയ ഘോഷയാത്രകളില്‍ ബാവയും പങ്കാളിയായി. അന്ന് എല്ലാ ബുധനാഴ്ചകളിലും കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ ജനറല്‍ബോഡി യോഗങ്ങള്‍ ചേരുമായിരുന്നു. കയര്‍ തൊഴിലാളികളെ രാഷ്ട്രീയമായി പ്രബുദ്ധരാക്കുക എന്നതായിരുന്നു ഇത്തരം യോഗങ്ങളുടെ ലക്ഷ്യം. എന്‍ കെ സുകുമാരനും എം ടി ചന്ദ്രസേനനുമെല്ലാം ഇത്തരം യോഗങ്ങങ്ങളില്‍ പങ്കെടുത്തു പറയുന്ന രാഷ്ട്രീയം എ കെ ബാവയുടെ മനസ്സിനേയും സ്വാധീനിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി അദ്ദേഹം മാറി. പിന്നീട് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായി. അപ്പോഴാണ് പുന്നപ്ര സമരം നടക്കുന്നത്. ആലപ്പുഴ പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസിന് സമീപം കേന്ദ്രീകരിച്ചാണ് ബാവ ഉള്‍പ്പെടെയുള്ളവര്‍ പുന്നപ്രയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ഇവര്‍ പങ്കെടുത്ത മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. കൂടെ നിന്ന പലരും വെടിയേറ്റ് വീണു. നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം കമഴ്ന്ന് കിടന്നതിനാലാണ് ബാവ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ യന്ത്രത്തോക്കുകളുടെ പിടിയില്‍ നിന്നും രക്ഷപെട്ടത്. പിന്നീട് നാലുമാസത്തോളം കോട്ടയത്തുള്ള ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ താമസിച്ചു. ഇതിന് ശേഷം വീണ്ടും ആലപ്പുഴയില്‍ കയര്‍ഫാക്ടറിയില്‍ എത്തിയപ്പോള്‍ ബാവയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ നിരവധി ദിവസം വിചാരണ പോലും ഇല്ലാത്തതിനാല്‍ കിടക്കേണ്ടിവന്നു. 18 വയസ്സില്‍ താഴെയുള്ളതിനാലാണ് ഇവിടെവെച്ചുള്ള മര്‍ദ്ദനത്തില്‍ നിന്നും ബാവ കഷ്ടിച്ച് രക്ഷപെട്ടത്. പിന്നീട് രണ്ട് വര്‍ഷത്തോളം ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായിരുന്നു. ഏറെ മൃഗീയമായ മര്‍ദ്ദനങ്ങളാണ് അന്ന് ബാവയും കൂട്ടരും ഏറ്റുവാങ്ങിയത്. സി പി ഐ ആലപ്പുഴ പോര്‍ട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആലപ്പി പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ്, തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.