Thursday
24 Jan 2019

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്: ഗൗരവമില്ലാത്ത സാമൂഹ്യ വിമര്‍ശനം

By: Web Desk | Wednesday 29 November 2017 9:38 AM IST

കെ കെ ജയേഷ

കേരള രാഷ്ട്രീയ സംഭവ വികാസങ്ങളെ ഹാസ്യാത്മകമായി നോക്കിക്കണ്ട നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കെ ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലവും സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ സന്ദേശവും വരവേല്‍പ്പുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ ഗണത്തില്‍ പെട്ട ഒരു സിനിമയായിരുന്നു പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മിഥുനം. ദാക്ഷായണി ബിസ്‌ക്കറ്റ് കമ്പനി തുടങ്ങാന്‍ പോയി പുലിവാലു പിടിച്ച ഒരു യുവാവിന്റെ ജീവിതമായിരുന്നു ആ ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം കാലം മാറിയെങ്കിലും കേരളം മാറിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്.

പുണ്യാളന്‍ അഗര്‍ബത്തീസ് നിര്‍മ്മിക്കാന്‍ ഇറങ്ങിയ തൃശ്ശൂര്‍ക്കാരന്‍ ജോയി താക്കോല്‍ക്കാരന്‍ നേരിട്ട പ്രശ്‌നങ്ങളായിരുന്നു ആ ചിത്രത്തിന്റെ ഇതിവൃത്തം. രാഷ്ട്രീയക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നുമെല്ലാം ഹാസ്യാത്മകമായി അവതരിപ്പിച്ച ചിത്രമായിരുന്നു അത്. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ പ്രധാന ആഘോഷ പരിപാടിയെ അതി മനോഹരമായിട്ടായിരുന്നു ചിത്രം വിമര്‍ശിച്ചത്. ബിസിനസ്സ് രംഗത്തെ പ്രതിസന്ധികള്‍ക്കൊപ്പം ജോയിയുടെ കുടുംബ ജീവിതവും ചിത്രം സമര്‍ത്ഥമായി ഇഴചേര്‍ത്തുകൊണ്ടാണ് ഈ ചിത്രമൊരുക്കിയിരുന്നത്.

പുണ്യാളന്‍ അഗര്‍ബത്തിയുടെ രണ്ടാം ഭാഗമായി പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് വരുമ്പോള്‍ ജോയി താക്കോല്‍ക്കാരന്റെ കുടുംബ ജീവിതത്തെക്കുറിച്ചൊന്നും ചിത്രം പറയുന്നില്ല. പകരം ജോയിയുടെ ബിസിനസ്സ് ലോകത്തിന്റെ പശ്ചാലത്തിലാണ് സിനിമ. അഗര്‍ബത്തീസില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് ദുര്‍ബലമാണ് പ്രൈവറ്റ് ലിമിറ്റഡിന്റെ തിരക്കഥ. ഭരണകൂടത്തിനെതിരെയുള്ള ഡയലോഗുകള്‍ കുത്തിനിറച്ചെത്തുന്ന ചിത്രം പലപ്പോഴും നല്ലൊരു കാഴ്ചാനുഭവം ആയി മാറുന്നില്ലെന്ന് പറയേണ്ടിവരും.
ഓരോ കഥാപാത്രത്തെയും വ്യക്തമായി അവതരിപ്പിച്ച് മികച്ച നര്‍മ്മത്തിന്റെ മേമ്പോടി ചേര്‍ത്ത് വര്‍ത്തമാകാല അവസ്ഥകളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കണ്ട ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. എന്നാല്‍ ആ നര്‍മ്മം കൈവിട്ടുപോയതാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പോരായ്മ. അഗര്‍ബത്തിയിലെ കഥാപാത്രങ്ങളെയെല്ലാം ഇവിടെ കയറൂരി വിട്ടിരിക്കുകയാണ്. രാഷ്ട്രീയ ഭരണകൂട സംവിധാനങ്ങളോട് ജോയി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുവാന്‍ ജോയി ഇവിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ തീര്‍ത്തും ഉപരിപ്ലവമായി രാഷ്ട്രീയ സംഭവവികാസങ്ങളെ നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.

സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും ദിനം പ്രതി കാണുന്ന സംഭവങ്ങള്‍ കാരിക്കേച്ചര്‍ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ കുറച്ചുകൂടി ഗൗരവത്തോടെ പ്രശ്‌നങ്ങളെ സമീപിച്ചിരുന്നെങ്കില്‍ പുണ്യാളന്റെ രൂപം തന്നെ മാറിപ്പോവുമായിരുന്നു. ആദ്യപകുതിയിലെ രംഗങ്ങള്‍ പലപ്പോഴും പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ആവര്‍ത്തനമായി അനുഭവപ്പെടുന്നുണ്ടെങ്കിലും കോമഡി രംഗങ്ങള്‍ പലപ്പോഴും ഏശാതെ പോകുന്നുണ്ടെങ്കിലും ലളിതമായ അവതരണത്താല്‍ കണ്ടിരിക്കാവുന്നതാണ്. എന്നാല്‍ സംഭവ ബഹുലമായ രണ്ടാം പകുതിയില്‍ ചിത്രം പലപ്പോഴും അടിമുടി കൃത്രിമത്വം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ രണ്ടാം പകുതിയില്‍ സിനിമ പലപ്പോഴും വിരസവുമാകുന്നു.

വര്‍ത്തമാനകാല സംഭവങ്ങളോട് ധൈര്യപൂര്‍വ്വം പ്രതികരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു മേന്മ. നോട്ട് നിരോധനത്തെയും തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധിച്ച് കേള്‍പ്പിക്കുന്നതിനെയും ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെയുമെല്ലാം സിനിമ ശബ്ദമുയര്‍ത്തുന്നു. എന്നാല്‍ വെറുമൊരു പറഞ്ഞ് പോക്കായി മാത്രം ഇതെല്ലാം അനുഭവപ്പെടുന്നു എന്നതാണ് നിരാശ.

ആനപ്പിണ്ടത്തില്‍ നിന്ന് അഗര്‍ബത്തി ബിസിനസ്സ് പൊളിഞ്ഞ് ഫാക്ടറി ജപ്തി ചെയ്ത അവസ്ഥയിലാണ് ജോയി താക്കോല്‍ക്കാരന്‍. രാഷ്ട്രീയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന പുള്ളിയുടെ പുതിയ ആശയം ആനമൂത്രത്തില്‍ നിന്ന് കുടിവെള്ളം നിര്‍മ്മിക്കാനുള്ള ഫാക്ടറിയാണ്. ഈ ശ്രമത്തിനിടയില്‍ കോര്‍പ്പറേഷനുമായും ഒരു രാഷ്ട്രീയ നേതാവുമായും കെ എസ് ആര്‍ ടിസിയുമായും അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടിവരുന്നു. ഈ ഏറ്റുമുട്ടല്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ശക്തന്‍ രാജശേഖരന്‍ (വിജയരാഘവന്‍) മായുള്ള പോരാട്ടമായി മാറുന്നു. ഷങ്കറിന്റെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം മുതല്‍വനെപ്പോലെ ഒരു ദിവസം മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കാന്‍ ജോയിയ്ക്ക് അവസരം ലഭിക്കുകയാണ്. ഈ ഒരു ദിവസം കൊണ്ട് ജോയി മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതാണ് സിനിമ.

റോഡിലെ കുഴി, മാലിന്യ പ്രശ്‌നം എന്നിവയെല്ലാം ഉന്നയിച്ച് ജോയി മുഖ്യമന്ത്രിയെ നേരിടുന്നു. തമിഴ് ചിത്രങ്ങളുടേത് മാതിരി സംഭാഷണങ്ങളിലൂടെയുള്ള ഏറ്റുമുട്ടലാണ് പിന്നീട്. ഓരോ സാധാരണക്കാരനും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങളാണ് ജോയി ചോദിക്കുന്നതെങ്കിലും പലതും ഫേസ് ബുക്ക് കമന്റുകളുടെ തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്.

ജോയിയ്ക്ക് ചിത്രത്തില്‍ നായികയില്ല. ആദ്യഭാഗത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ട നൈല ഉഷ പ്രസവത്തോടെ മരിച്ചുവെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്തും ജയസൂര്യ ഷോ ആണ് ചിത്രം. ഒരു വിധം എല്ലാ രംഗങ്ങളിലും താരത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെല്ലാം വിഡ്ഢിക്കഥാപാത്രങ്ങള്‍ പോലെയാണ് സ്‌ക്രീനില്‍ എത്തുന്നത്. അഭയകുമാര്‍, ജിബ്രൂട്ടന്‍ എന്നിവരെല്ലാം ജോയിയ്‌ക്കൊപ്പം ഇപ്പോഴുമുണ്ട്. ഗ്രീനുവാകട്ടെ ഗള്‍ഫിലാണ്. അതുകൊണ്ട് തന്നെ അജുവര്‍ഗീസിന്റെ ഗ്രീനു വീഡിയോ ലൈവില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഗ്രീനുവിന് പകരമായി പീര്‍ തനീഷ് എന്ന അഭിഭാഷകനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തുണ്ട്. എന്നാല്‍ ഈ വക്കീല്‍ കഥാപാത്രം തീര്‍ത്തും അനാവശ്യമായ കൂട്ടിച്ചേര്‍ക്കല്‍ മാത്രമായി അനുഭവപ്പെടുന്നു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ അഭയനായി തകര്‍ത്ത് അഭിനയിച്ച ശ്രീജിത്ത് രവിയെക്കൊണ്ട് അനാവശ്യമായി കോമഡി സൃഷ്ടിക്കാന്‍ ശ്രമമിച്ചത് തിരിച്ചടിയാകുന്നു. ജയരാജ് വാര്യര്‍, സുനില്‍ സുഗത, വിഷ്ണു ഗോവിന്ദ്, ആര്യ, ഗിന്നസ് പക്രു തുടങ്ങിയവരാണ് മറ്റുള്ളവര്‍. ആദ്യഭാഗത്തേതില്‍ നിന്ന് വ്യത്യസ്തമായി നര്‍മ്മം പലപ്പോഴും ഏശാതെ പോകുന്നതും കൃത്രിമത്വം നിറഞ്ഞ രാഷ്ട്രീയ സംവാദമായി മാറുന്നതുമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന പോരായ്മ.