Wednesday
19 Dec 2018

വീടിനുള്ളില്‍ വെന്തുമരിച്ച സഹോദരങ്ങള്‍ക്ക് യാത്രാമൊഴി

By: Web Desk | Friday 7 December 2018 8:28 PM IST

സാന്‍ഫലീസ് സെലസ്മിയ

വടക്കാഞ്ചേരി: മലാക്കയില്‍ വീടിന് തീപിടിച്ച് വെന്തുമരിച്ച രണ്ട് കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മലാക്ക ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്‌സ് ജോയുടെ മക്കള്‍ സാന്‍ഫിലിസ് (7) സലസ്മയ (ഒന്നര) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. പാചക വാതക സിലിണ്ടറില്‍ നിന്നോ, റഗുലേറ്ററിന്റെ ഭാഗത്ത് നിന്നുള്ള ചോര്‍ച്ചയാകാം വന്‍ അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

കുട്ടികള്‍ കിടന്നിരുന്ന മുറി കത്തി നശിച്ചു. ഡാന്‍ഡേഴ്‌സ് ജോ (46), ഭാര്യ ബിന്ദു (30), മൂത്ത മകള്‍ സലസ് നിയ (12) എന്നിവര്‍ക്ക് പൊള്ളലേറ്റു. സാരമായി പരിക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു പുറകുവശത്തെ ഗ്യാസ് അടുപ്പില്‍ വെള്ളം തിളപ്പിച്ചിരുന്നുവെന്നും ഇതില്‍ നിന്നും മുറിക്കുള്ളിലേക്ക് ഗ്യാസ് പരന്നതാകാമെന്നുമാണ് സംശയം. മുറിക്കുള്ളില്‍ കുടുങ്ങിയ രണ്ടു കുട്ടികളും കത്തി കരിഞ്ഞ നിലയിലായിരുന്നു.

വെള്ളിയാഴ്ച കുന്നംകുളം പൊലിസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി എസ് സിനോജിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്‌റ്റേഷന്‍ ഓഫീസര്‍ പി എസ് സുരേഷ്, എസ്‌ഐ കെ സി രതീഷ്, എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ദുരന്തം നടന്ന വീട്ടിലെത്തി വിശദപരിശോധന നടത്തി. സയന്റിഫിക് ഓഫീസര്‍ റിനി തോമാസ്, വിരലയാള വിദഗ്ദന്‍ കെ പി ബാലകൃഷ്ണന്‍ എന്നിവരും ലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മുളങ്കുന്നത്ത്കാവ് ഗവ.മെഡി്ക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആയിരങ്ങളെ സാക്ഷി നിര്‍ത്തി സെന്റ് മച്ചാട് ആന്റണീസ് ദേവാലയത്തില്‍ സംസ്‌കരിച്ചു.
കുട്ടികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അനുശോചിച്ചു. കുട്ടികളുടെ ദാരുണമായ മരണം ഏറെ വേദനിപ്പിക്കുന്നതായും കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക്‌ചേരുന്നതായും മന്ത്രി പറഞ്ഞു.

Related News