Thursday
24 Jan 2019

പുതിയ വെളിച്ചം പകരാന്‍

By: Web Desk | Friday 14 September 2018 2:25 PM IST

അഡ്വ പി വസന്തം
സ്വവര്‍ഗരതി കുറ്റകൃത്യമല്ല എന്ന വിധിയിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി ചരിത്രപ്രധാനമായ മാറ്റമാണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ജന്മസഹജമായ ലൈംഗിക ശീലംകൊണ്ട് കുറ്റവാളികളായി വേട്ടയാടപ്പെടുകയും സമൂഹത്തിന്റെ പരിഹാസത്തിന് വിധേയരാവുകയും ചെയ്തിരുന്ന വലിയൊരു വിഭാഗത്തിന് ഈ വിധി ആശ്വാസം പകരും. ധാര്‍മ്മികമായ അര്‍ത്ഥത്തില്‍ ഇവരുടെ പൗരത്വം അംഗീകരിക്കപ്പെടുകയാണ്.
പ്രകൃതി വിരുദ്ധ ബന്ധമെന്ന നിര്‍വ്വചനത്തിന്റെ മറവില്‍ സ്വവര്‍ഗ ബന്ധത്തെ ക്രിമിനല്‍ കുറ്റമായി പരിഗണിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് കോടതി ഭാഗികമായി റദ്ദാക്കി. പ്രായപൂര്‍ത്തിയായ മനുഷ്യര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ഏതൊരു ലൈംഗികതയേയും 377-ാം വകുപ്പിന്റെ പരിധിയില്‍ കോടതി ഒഴിവാക്കി. അതേസമയം, മൃഗങ്ങളുമായുള്ള ലൈംഗിക വേഴ്ചയും സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധവും കുറ്റകരമായി തുടരുമെന്നും പ്രഖ്യാപിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് , ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന ബഞ്ചാണ് ഈ ചരിത്ര വിധി പുറപ്പെടുവിച്ചത്. നിലവിലുണ്ടായിരുന്ന നിയമം യഥാര്‍ത്ഥത്തില്‍ നിയമത്തിനു മുന്നിലെ തുല്യത (ആര്‍ട്ടിക്കിള്‍ 14) വിവേചനം (ആര്‍ട്ടിക്കിള്‍ 19) ആവിഷ്‌കാര സ്വാതന്ത്ര്യവും കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനുമുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 80) വ്യക്തി സ്വാതന്ത്ര്യത്തിന്റേയും സംരക്ഷണത്തിന്റേയും (ആര്‍ട്ടിക്കിള്‍ 21) ലംഘനമാണെന്നും കോടതി വിലയിരുത്തി.
ഒന്നര നൂറ്റാണ്ട് മുമ്പ് 1837-ല്‍ ബ്രിട്ടീഷ് വൈസ്രോയി കാനിംഗ് പ്രഭുവിന്റെ കാലത്താണ് തോമസ് ബാബിങ്ടണ്‍ മെക്കാളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് രൂപം നല്‍കുന്നത്. ബ്രിട്ടിഷുകാരനായ മെക്കാളെ രൂപം കൊടുത്തതുകൊണ്ടുതന്നെ വിക്‌ടോറിയന്‍ യുഗത്തിലെ ഇംഗ്‌ളണ്ടിന്റെ ആചാരങ്ങളും സദാചാരങ്ങളുമെല്ലാം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കടന്നുകയറിയിട്ടുണ്ട്. 1857-ലെ മഹത്തായ
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷമാണ് സ്വവര്‍ഗ ലൈംഗികത (377) ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പ്രചോദനമായി പറയപ്പെടുന്നത് ഇംഗ്‌ളണ്ടിന്റെ തദ്ദേശ നിയമം ”ഒഫന്‍സസ് എഗന്‍സ്റ്റ് ദ പേഴ്‌സന്‍സ് ആക്ട് 1861” -ലെ അറുപത്തിയൊന്നാം വകുപ്പാണ്. അവിടേയും സ്വവര്‍ഗ രതി ജീവപര്യന്തം ശിക്ഷാര്‍ഹമായിരുന്നു.
മനുഷ്യന്റെ ലൈംഗിക താല്‍പ്പര്യം നിയമത്താല്‍ ചിട്ടപ്പെടുത്തേണ്ടതല്ല എന്ന് ബോധ്യമുണ്ടായിട്ടും നിയമനിര്‍മ്മാണ സഭയും സര്‍ക്കാരും ഗുണപരമായ യാതൊരു തീരുമാനവും എടുത്തിട്ടില്ല. ഇന്ത്യന്‍ ലോ കമ്മീഷന്റെ പതിനേഴാമത്തെ റിപ്പോര്‍ട്ടില്‍ (2000) സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു എങ്കിലും ഒന്നും നടന്നില്ല. ഇന്ത്യന്‍ ജനസംഖ്യയില്‍ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം പേര്‍ വരുമെന്നാണ് 2012-ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇതില്‍ ഇരട്ടിയെങ്കിലും വരുമെന്നാണ്.
കപട സദാചാരക്കാരും മതമേധാവികളും ഉയര്‍ത്തിപ്പിടിക്കുന്ന കപട സംസ്‌കാരത്തെ ഭയന്ന് പലരും ഇത് പുറത്ത് പറയുന്നില്ല. ലോകത്ത് മുപ്പതോളം രാജ്യങ്ങള്‍ സ്വവര്‍ഗ രതിക്ക് നിയമ സാധുത നല്‍കി. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാഷ്ട്രങ്ങളും പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. വിദേശ രാജ്യങ്ങളില്‍ സ്വവര്‍ഗ രതി നിയമപരമായി അംഗീകരിച്ചതോടെ ഇത്തരം വിഭാഗങ്ങളുടെ ഇടയിലുണ്ടായ ആത്മഹത്യകള്‍ കുറഞ്ഞതായി പഠനങ്ങള്‍ രേഖപ്പെടുത്തുന്നു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പല രാജ്യങ്ങളും നിയമവിധേയമാക്കിയത്.
ഇന്ത്യയില്‍ വര്‍ഷങ്ങളായി ഈയൊരാവശ്യം ഉയര്‍ന്നുവരികയായിരുന്നു. 2009-ല്‍ ഡല്‍ഹി ഹൈക്കോടതി 377-ാം വകുപ്പ് മൗലികാവകാശ ലംഘനമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മത സംഘടനകള്‍ സുപ്രിം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി അത് അസാധുവാക്കുകയും ചെയ്തു. എന്നാല്‍ വിധി പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും 377-ാം വകുപ്പ് കോടതിക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2018 സെപ്തംബര്‍ ആറിന് കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.
പാപം, സദാചാര വിരുദ്ധത, പ്രകൃതി വിരുദ്ധത തുടങ്ങിയ കാര്യങ്ങള്‍ക്കുപരി കോടതി പരിഗണിക്കേണ്ടത് ഭരണഘടനാധിഷ്ഠിത സദാചാരമാണെന്നും അത് ഇന്ത്യയിലെ എല്‍ ജി ബി ടി വ്യക്തികള്‍ അടങ്ങുന്ന പൗരന്മാര്‍ക്ക് നല്‍കുന്ന സംരക്ഷണമാണെന്നും കോടതി വിധിയിലൂടെ വ്യക്തമാക്കുന്നു. സദാചാരത്തെ കുറിച്ച് വിധിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധിന്യായത്തില്‍ ഇങ്ങനെയും രേഖപ്പെടുത്തി. ” നൂറ്റാണ്ടുകളായി അനുഭവിച്ച മാനഹാനിക്കും അയിത്തത്തിനും പരിഹാരം ഉണ്ടാക്കുന്നതില്‍ ഉണ്ടായ കാലതാമസത്തിന് എല്‍ ജി ബി ടി സമൂഹത്തോടും അവരുടെ കുടുംബാംഗങ്ങളോടും ചരിത്രം മാപ്പ് ചോദിക്കണം. അടിച്ചമര്‍ത്തലിന്റേയും പീഡനത്തിന്റേയും ഭീതി നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം”.
കോടതി നിര്‍ദ്ദേശങ്ങളിലൂടെ മാത്രമാണ് ഇന്ത്യയിലെ ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് പൊതുസമൂഹത്തിലേക്ക് ഇറങ്ങി വരാന്‍ കഴിഞ്ഞത്. പാത്തും പതുങ്ങിയും ജീവിക്കേണ്ടിവന്ന വിഭാഗമായിരുന്നു അവര്‍. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇവരെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒട്ടേറെ നയസമീപനങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇനിയും തൊഴിലിലും പൊതുജീവിതത്തിലും നേതൃതലങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും അംഗീകാരവും ലഭിക്കേണ്ടതായുണ്ട്.
നിലവിലുള്ള മനുഷ്യാവകാശ ലംഘന നിയമങ്ങള്‍ ഇല്ലാതാക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാരിനാണെന്നും കോടതി സര്‍ക്കാരിനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറല്ല എന്നും പറഞ്ഞു മതസംഘടനകളെ താലോലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ സ്വവര്‍ഗ രതിക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിക്കപ്പെട്ട സ്വകാര്യ ബില്‍പോലും അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ല. വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട് 377-ാം വകുപ്പ് അസാധുവാക്കപ്പെട്ടാല്‍ മനുഷ്യന്‍ മൃഗസാമാനമാകും എന്നാണ്. ഇത്തരം അന്ധവിശ്വാസങ്ങളും അന്ധ സങ്കല്‍പ്പങ്ങളും യാഥാസ്ഥിതികതയേയും പ്രോല്‍സാഹിപ്പിക്കുന്ന ശക്തികള്‍ക്ക് എതിരെയുമാണ് ഈ വിധി. ഇന്നലെവരെ ഇരുളില്‍ കഴിഞ്ഞവര്‍ക്ക് ഒരു പുതുജീവന്‍ നല്‍കുന്നതാണ് ഈ വിധി. പുതിയ വെളിച്ചം പകരാന്‍ നമ്മള്‍ സമൂഹത്തിന്, പ്രസ്ഥാനങ്ങള്‍ക്ക്, കുടുംബങ്ങള്‍ക്ക് എല്ലാം ഉത്തരവാദിത്വമുണ്ട്.