Monday
17 Dec 2018

അസ്തമിക്കാത്ത സൂര്യന്‍

By: Web Desk | Saturday 6 January 2018 7:40 PM IST

പ്രൊഫ. ആദിനാട് ഗോപി

ചന്ദ്രനും നക്ഷത്രങ്ങളുമുണ്ടെങ്കിലും ഇല്ലെങ്കിലും മിന്നാമിനുങ്ങ് പ്രകാശിച്ചുകൊള്ളും. വേണമെന്നും വേണ്ടെന്നും ആരോടും അത് മിണ്ടുകയില്ല. അത് അതിന്റെ ഇഷ്ടം. കവിതയിലെ തുടക്കക്കാരനായിരുന്നപ്പോഴും മറ്റാരുടെയും ഇഷ്ടം നോക്കാതെ കവിതയെഴുതിയ ആളാണ് പുതുശേരി രാമചന്ദ്രന്‍. എസ്എന്‍ കോളജങ്കണത്തില്‍ പഠിപ്പ് മുടക്കി, കൊടിവീശീനടന്ന പുതുശേരിയെ വിളിച്ച് മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായി നിയമിച്ചത് സമരം നല്ലതുപോലെ അറിയാവുന്ന ആര്‍ ശങ്കര്‍ സാര്‍. ഇവന്‍ കവിതയിലൂടെയും സമരം ചെയ്യുമെന്നും അത് സമൂഹത്തിനും കാലത്തിനും ആവശ്യമായി വരുമെന്നും മനസ്സിലാക്കിയാണ്. ആ പ്രതീക്ഷ വഴിമാറി ഒഴുകിയില്ല.

മാം പൂമണം കൊണ്ടുവന്ന കാറ്റേ! എന്റെ
മാടപ്പിറാവിനെ കണ്ടോ നീ?

ഈ ശീലുകളില്‍ പുതുശേരിയുടെ കാമുകമനസുണ്ട്. അത് ഏറ്റവും തേജസോടെ കണ്ണ് തുറക്കുന്നത് ‘ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍’ എന്ന കവിതയിലാണെന്ന് ദൃഢമായി പറയാം.
ഓണത്തെപ്പറ്റിപാടുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍ക്കാന്‍ ഒരുപാട് സംഗതികള്‍ ഉണ്ട്. അരമനയിലെ ഓണവും ഇല്ലത്തെ ഓണവും. മുന്നൂറ്റിയറുപത്തിനാല് ദിവസവും അരവയര്‍ കഞ്ഞി കണ്ണിമാങ്ങാ അച്ചാറും തൊട്ടുനക്കി ഒറ്റവീര്‍പ്പിന് അകത്താക്കുന്ന അര്‍ധ പട്ടിണിക്കാരനും എല്ലാം ഓണം ഒരു ഉത്സവദിവസമാണ്. അര്‍ധപട്ടിണിക്കാരന് ഒറ്റദിവസത്തെ തിരുവോണമാണ്. ഒരു മാസം ചില്വാനം കഴിഞ്ഞാല്‍ ഓണം വീട്ടിലേയ്ക്ക് കയറി വരും. പിന്നെ വീടെല്ലാം പരമാനന്ദംകൊണ്ട് നിറയും. അമ്മ കരിമുണ്ട് മാറി കരയുള്ള കോടിയുടുക്കും. അവരുടെ സാമ്പാറില്‍ കഷണം അടുപ്പില്‍ കിടന്ന് തിളച്ചുവെന്ത് അവരെക്കാള്‍ പൊക്കത്തില്‍ ചാടും. പതയുന്ന എണ്ണയില്‍ കിടന്ന് മുങ്ങിയും പൊങ്ങിയും പപ്പടം പൊട്ടിച്ചിരിക്കും. (മറ്റൊരു കവിതയുടെ ആശയാനുവാദം). വരേണ്യവര്‍ഗത്തിന്റെ ഓണത്തിന് പുതുമയില്ല. ആണ്ട് മുഴുവന്‍ ഓണമാഘോഷിക്കുന്നവരാണ് അക്കൂട്ടര്‍. കവിക്കും തിരുവോണം വന്നപ്പോള്‍ പല സ്മരണകളും സങ്കല്‍പങ്ങളും ഓണത്തെക്കുറിച്ച് ഉണ്ടാകേണ്ടതാണ്. പക്ഷേ അത് ഒരു കണം പൊട്ടിച്ചിതറിയതുപോലെയാകും. ഇത്രയും സത്യസന്ധമായ ഒരു പ്രേമഗാനമെഴുതി നമ്മെ കേള്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് വിസ്മയം കൊള്ളാം. പക്ഷേ വരാന്‍ പ്രതീക്ഷിക്കുന്ന സാമ്യവാദത്തിന്റെ സുമനസല്ലേ കവി വെളിവാക്കിയത്?

അന്നാണവളെ ഞാനാദ്യമായ്ക്കണ്ടത്-
പൊന്നോണനാളില്‍ പുലര്‍കാലവേളയില്‍-
അപ്പോള്‍ കുളിച്ചിട്ടറബിക്കടലില്‍ നി-
ന്നത്തറും പൂശിയണഞ്ഞ മന്ദാനിലന്‍
പന്തുതട്ടിക്കൊണ്ടുനിന്നു പടിഞ്ഞാറു-
പഞ്ചാരമാവിന്നിളം ചില്ല തോറുമേ
അമ്മരക്കൊമ്പത്തു ഞാലുമൂഞ്ഞാലിന്റെ
ഉമ്മറം ചാരിയിരുന്ന ചാരുത്വമേ!
അന്നാണു നിന്നെ ഞാനാദ്യമായ്ക്കണ്ടത-
പ്പൊന്നോണനാളില്‍ പുലര്‍കാല വേളയില്‍.

പലതരം കാട്ടുപൂക്കള്‍ കണ്ണുതുറന്ന പുള്ളിപ്പാവാടയും, പിന്നാതെ മുന്നോട്ടുകെട്ടിച്ചരിവിട്ട മിന്നും മുടിയിലെ തൂമുല്ലമാലയും മാലയ്ക്കുമീതേ പാറിപ്പറക്കുന്ന നീലക്കരിങ്കൂവളപ്പൂവിതളുകളും, പൂങ്കവിള്‍ത്തട്ടില്‍ കലാശത്തിനൊപ്പിച്ചു ചേങ്കിലകൊട്ടുന്ന സുവര്‍ണലോലക്കും ചെമ്പഴുക്കച്ചുണ്ടില്‍ നിന്നൂറി തന്റെ കാതിലിമ്പമിയറ്റിയ മാവേലി ഗാനവും കമ്പം പിടിപ്പിക്കുന്ന ശാലീന കൗമാരം അയ്മ്പണിയിക്കുന്ന വദനസരോജവും അതില്‍ വണ്ടിനെപോലെ വട്ടം പറക്കുന്ന ഇരുപുറത്തുമുള്ള അളകങ്ങളും മഞ്ഞക്കണിക്കൊന്ന പൂത്തപോലുള്ള മന്ദസ്മിതാര്‍ദ്രമധുരഭാവങ്ങളും.
”എന്‍ മുന്നിലോമനേ! നൃത്തമാണിന്നുമാ
പൊന്നോണമെന്നോ മറഞ്ഞുപോയെങ്കിലും”
കവി ആ സുന്ദരിയിലേക്ക് ചുരുങ്ങിപ്പോയി ഇളംപിറപോലെ മങ്ങി മറഞ്ഞില്ലാതാകുന്നു. ഈ പ്രേമസങ്കല്‍പവും പ്രണയപൂജയും അനന്വയമാണ്. പുതിയ കൊല്ലനും പുതിയൊരാലയും’ എന്ന പുസ്തകത്തിലെ, ‘കിനാവുകള്‍ നുള്ളുമ്പോള്‍’ എന്ന കവിതയിലും കവിയും കവിയുടെ ഉദ്ധൃതി പ്രതീക്ഷകളും ആണ് മയില്‍പ്പീലിയായി, മഴവില്ലായി, വര്‍ണമേഘങ്ങളായി ക്രമത്തില്‍ ഉയരുന്നത്.
താഴെ വീഴായ്‌വാന്‍, തകര്‍ടിവായ്‌വന്‍
എന്ന് മോഹിച്ചിട്ട് ആ സങ്കല്‍പങ്ങള്‍ പൊന്നിന്‍കിനാക്കളായി കടശിയില്‍ സ്വയം സമ്മതിച്ചു കവി പിന്മാറുന്നു. ഈ സമാഹാരത്തിലെ സ്വപ്നത്തില്‍ എന്ന കവിതയും കവിയുടെ അഴലോര്‍മകള്‍ മേയുന്ന, ഇടം പോരാത്ത ഒരു പ്രേമഗാനം ആണ്.
പുതുശേരിയുടെ കത്തും മറുപടിയും എന്ന കവിത വേണ്ടതില്‍പരം സംസ്‌കാരവും പഠനഗുണവും ഉള്ള ഒരു കാമുകിയുടെയും കാമുകന്റെയും വിവാഹപ്പന്തലിലേയ്ക്ക് കയറാന്‍ ഉള്ള മര്യാദാപരമായ ആഗ്രഹത്തിന്റെ അടയാളമാണ്.

ഇത്ര മധുരമായും ധീരമായും ദിവ്യമായും അത് ആവിഷ്‌കരിക്കാന്‍ പ്രേമകവിതകള്‍ എഴുതുന്നവരില്‍ വളരെ കുറച്ചുപേര്‍ക്കേ സാധിക്കൂ. ആ കത്തും മറുപടിയും നമുക്കും വായിക്കാം. കത്തെഴുതുന്നത് കവിയുടെ മെയ്യില്‍പ്പാതി പകുത്തു വാങ്ങിയിരിക്കുന്ന പ്രിയ തന്നെയാണ് അവള്‍ക്ക് അയാളോട് പറയാനുള്ളത് മുഴുവന്‍ പ്രകൃതിയിലെ ചില പ്രണയകലഹങ്ങളുടെ രംഗങ്ങള്‍ ചിത്രീകരിച്ച് അവര്‍ നിര്‍വഹിക്കുന്നു.

1. അക്കരമരക്കൊമ്പില്‍ തുമ്പിലിരുന്നു തമ്മില്‍
കൊക്കുരുമ്മുന്നു രണ്ടിണപ്പിറാക്കള്‍.
2. താലികെട്ടടുത്തൊരിപ്പാതിവിളഞ്ഞപാടം
ആയതുകണ്ടോ തലകുനിച്ചുപോയ്.
3. മുറ്റത്തെമാവിന്‍മാറില്‍ പറ്റിനിന്ന മുല്ല-
മൊട്ടുകള്‍ പൊട്ടിച്ചിരികടിച്ചമര്‍ത്തി വേഗം.

ഈ ഒന്നാംഘട്ടം വലിയ വ്രീളാവൈശ്യം ഇല്ലാതെ അവള്‍ എഴുതി ഒപ്പിച്ചു. എന്നാല്‍ ഇനി എഴുതാന്‍ പോകുന്നതിന് കുറേക്കൂടി പുലരിച്ചെമപ്പുണ്ട്. അതിന് ഒരു മുന്‍കൂര്‍ അനുമതി അവള്‍ ചോദിക്കുന്നു. സംബോധന ‘നാഥാ’ എന്നായി.

‘നാണമില്ലാത്തോളെന്നു നീ പറയുമോ നാഥാ!
ഞാനറയിക്കാം ചില വിശേഷവാര്‍ത്ത.
താലികെട്ടിയ വള്ളിപ്പാലയുമൊത്തുകാവില്‍
രാവുറങ്ങീടാറുള്ള കുസൃതിത്തെന്നല്‍
രാവിലെയിന്നും മൂളിപ്പാട്ടുമായ് പോയിതിലേ
പാഴ്മുളങ്കാടുനിന്നു പിറുപിറുക്കെ”

പിന്നെ പ്രാണനാഥന്‍ രാത്രിയില്‍ എത്തുന്നതിന്റെയും കാണുന്നതിന്റെയും പുണരുന്നതിന്റെയും ശ്രദ്ധയും അങ്കലാപ്പുമാണ്. കേള്‍ക്കുന്ന ശബ്ദങ്ങളെല്ലാം അദ്ദേഹത്തിന്റെ കാലൊച്ചയാണ്. തന്നെത്തന്നെ അവള്‍ പരിഹസിച്ചതായി കരുതുന്നു. അയാളുടെ മാറില്‍പ്പറ്റി കിടന്നുറങ്ങാനുള്ള പൂതിയും അടങ്ങാത്ത ദാഹവുമായി കാത്തുകാത്തു കുഴഞ്ഞു ആ പ്രിയപ്പെട്ടവള്‍ മയങ്ങിപ്പോയി. അടുത്ത ദിവസം കത്തിന്റെ മറുപടി വന്നു. അയാള്‍ അവളുടെ കാമുകന്‍ മാത്രമല്ല ഇപ്പോള്‍. സ്വന്തം ഗ്രാമത്തിന്റെ, രാജ്യത്തിന്റെയും കൂടി കാമുകനാണ്. ആ നിലയ്ക്കുള്ള തന്റെ കടമകള്‍ അടിയന്തര പ്രാധാന്യത്തോടെ നിറവേറ്റേണ്ടതുണ്ട്. എന്നാല്‍ അവളെ അയാള്‍ ഉപേക്ഷിക്കുകയില്ല. സ്വപ്നങ്ങള്‍ ചൂടുന്ന അയാളുടെ കരള്‍ത്തട്ടിലെ പൊന്‍കവിള്‍ മണ്ഡപത്തിലേക്ക് ധീരയായി, കാലിടറാതെ കടന്നുവന്നാല്‍ അയാള്‍ അവളെ താളമേളങ്ങളോടെ തന്നെ ഒരു ശുഭമുഹൂര്‍ത്തില്‍ സ്വീകരിക്കും.

”പുല്ലാണെതിര്‍പ്പെനിക്കുല്‍-
ഫുല്ലമാം നിന്‍ മുഖത്തിലുല്ലാസമോളം
പൊട്ടിച്ചിരിച്ചുനിന്നാല്‍.”

ചുരണ്ടിനോക്കേണ്ടാത്ത ഒരു സാംസ്‌കാരികലേപനം പുതുശേരി കവിതയെഴുതാന്‍ ഉപയോഗിക്കുന്ന വാക്കിലും അതിന്റെ പൊരുളിലും ഉണ്ട്. ഇത് ജുഗുപ്‌സ ഒരിക്കല്‍പോലും വായിക്കുന്നവര്‍ക്ക് ഉണ്ടാകുകയില്ല. ഒരു ‘അഭിസാരിക’യുടെ പശ്ചാത്താപം ആത്മാവിന്റെ തേങ്ങലായി പുറത്തുകേള്‍ക്കുമ്പോള്‍ വിചാരം മലിനമാകാന്‍ നല്ല സാധ്യതയുണ്ട്. പക്ഷേ നെറ്റി ചുളിക്കാതെയും മൂക്കില്‍ ചൂണ്ടുവിരല്‍ വയ്ക്കാതെയും ആര്‍ക്കും വായിക്കാവുന്ന അഭിസാരികയെയാണ് പുതുശേരി കണ്ടത്. അവള്‍ക്ക് പേരുപോലും കവി കൊടുത്തില്ല. പുതുശേരിയുടെ ഏറ്റവും നല്ല കവിതകളിലൊന്നെന്ന് തിരുനെല്ലൂര്‍കരുണാകരന്‍ ആസ്വാദകസാക്ഷ്യം പറയുന്ന കവിതയാണ് ‘തെരുവിലെ പെണ്ണ്’ യദൃച്ചയാ വഴിതെറ്റി കവി ഒരു യുവാവിന്റെ മുന്നിലെത്തി. തിരുനെല്ലൂര്‍ തന്നെ പറയട്ടെ- ”ഉന്മാദമാക്കാവുന്ന അന്തരീക്ഷവും കാമവാസനോദ്ദീപകവുമായ വര്‍ണനത്തിന് വഴങ്ങികൊടുക്കുന്ന ചഞ്ചല താരുണ്യവും അടുത്തുണ്ടായിരുന്നിട്ടുകൂടി കവി തന്റെ മേലും വാക്കുകളുടെമേലും ഏര്‍പ്പെടുത്തിയ നിയന്ത്രണം,” കവി അപ്പോള്‍ ആ കപട സാംസ്‌കാരികന്‍ അല്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ടു. തന്റെ സമീപത്ത് എന്തുംചെയ്യാന്‍ സ്വാതന്ത്ര്യം തന്നിട്ടുള്ള ഒരു സന്ദര്‍ഭത്തില്‍ അവള്‍ എത്തിച്ചേര്‍ന്നത് മാത്രമല്ല, അവള്‍ കണ്‍കളാല്‍ ചുണ്ടുകള്‍ കോര്‍ക്കും വിരുതുള്ളവളാണെന്ന് കവി കണ്ടുറപ്പിക്കുകയും തല കുനിച്ച് കാലിലെ തള്ളവിരല്‍കൊണ്ട് തറയില്‍ എഴുതുന്നത് കാണുകയും ചെയ്തിരിക്കുന്നു. എന്നിട്ടും.

തെരുവിലെക്കൊച്ചുപെങ്ങളായീ ഞാന്‍
ഒരു വകയില്‍ നിന്നാങ്ങളയല്ലേ?

എന്ന് ഉറപ്പുപറഞ്ഞുകൊണ്ട് കവി ആ നിരാധാരയായ പെണ്ണിനെ പെങ്ങളാക്കി തന്റെ ഹൃദയത്തിന്റെ തറയില്‍ കാലിഞ്ച് ഭൂമിയും കൊടുത്തു. ഒരു ബലാല്‍സംഗനാടകത്തിന്റെ യവനിക ഉയരാന്‍ കവിയുടെ പിത്രാര്‍ജിത സംസ്‌കാരം അനുവദിച്ചില്ല. തന്റെ കവിത്വം സാര്‍ഥകമാകണമെങ്കില്‍ ഇവളെപ്പോലെ അനാഥകള്‍ നാട്ടിലുണ്ടാകില്ലെന്നും അതിനുവേണ്ടിക്കൂടി തന്റെ കവിത്വശക്തി ഉപയോഗിക്കുമെന്നും കവി പ്രതിജ്ഞയെടുക്കുന്നു.
കവിയുടെ ജീവിതാഭിരതിയെ ഉദ്ദീപിപ്പിക്കുന്നതും സ്വാനുഭവാനുഭൂതി ഉളവാക്കുന്നതുമായ മറ്റൊരു കവിതയാണ് ‘നിത്യകാമുകന്‍’. ഒരിക്കല്‍ കവി ക്ഷയരോഗബാധിതനാണെന്ന് വൈദ്യശാസ്ത്രം പ്രഖ്യാപിച്ചു. പഴുത്ത ഇല കൊഴിയാറായി എന്ന് കവിയുടെ ഹൃദയം ആത്മാലാപം ചെയ്തു. ജീവിതത്തെ അത്രയേറെ സ്‌നേഹിക്കയാല്‍ ജീവിതം കവിക്ക് നിത്യകാമുകിയായി.

‘തുടരെത്തുടരെ ഞാന്‍ നിന്‍ ചുണ്ടില്‍ നിന്നും നൂറു-
ചുടുചുംബനത്തിന്റെ പൂവുകളിറുത്തിട്ടും
പിന്നെയും തുരുതുരെ മൊട്ടിട്ടു നില്‍ക്കുന്നവ
ഒന്നൊന്നായിത്തകര്‍ത്തു ഞാന്‍ നിന്‍മാറിലമരുമ്പോള്‍
തെണ്ടിയി…ബ്ഭീരുച്ചെക്കന്‍ പതുങ്ങിപ്പതുങ്ങിയി
ചെണ്ടറുക്കുവാന്‍ നാളെയരിവാള്‍ കൊണ്ട്വന്നാലും
ഓമനേ! യവനേറിവരുമത്തേരിന്‍ ചാവി-
യാണിയൂരിനീ ദൂരേക്കെറിയാന്‍ മറക്കല്ലേ”

ചങ്ങമ്പുഴയെപോലെ എന്തുവന്നാലും മുന്തിരിച്ചാറുപോലുള്ള ജീവിതം പുതുശേരിക്കും ആസ്വദിക്കണമത്രേ.
പുതുശേരിയുടെ ദേശീയബോധത്തിനും പല മുഖങ്ങള്‍ ഉണ്ട്. അവയിലൊന്ന് ഭാരതത്തിലെ പൗരാണിക മഹത്ത്വത്തോടുള്ള ആദരവാണ്. വള്ളത്തോള്‍ക്കവിതകളും മറ്റും പഠിച്ചുനേടിയ സംസ്‌കാരത്തിന്റെ ഫലമാണതെന്ന് നിര്‍വിവാദമായിപ്പറയാം.

ജടയുടെ പനയോലക്കെട്ടൊക്കെ സംസ്‌കാര-
പ്പൊടിപ്പറ്റി പുഴുകുത്തി ചിതലു മുറ്റി-
ചികയുന്നോ? ചിരിവരും; ചിലതിനിയുമുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയൂ വേഗം…

എന്ന് അട്ടഹസിക്കാന്‍ പുതുശേരി തയാറായില്ല. ”സുഖജീവിതത്തിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്നും രക്ഷപ്പെട്ട് അത്യുന്നതങ്ങളായ ആധ്യാത്മിക സംസ്‌കാരമണ്ഡലങ്ങളിലേയ്ക്കുയര്‍ന്ന് സുസൂക്ഷ്മമായ അനുഭവവൈവിധ്യവും സെന്‍സിറ്റിവിറ്റിയും നിവേദനകലയും വശമാക്കുന്ന യന്ത്രയുഗത്തിലെ കവിമനസ്- ഇന്നത്തെ റോക്കറ്റ് യുഗത്തിലെ-ലോകത്തെ കെട്ടിവരിഞ്ഞെടുത്ത് ദഹിപ്പിച്ചുരുക്കി കവിതയുടെ കമനീയരൂപങ്ങള്‍ നിര്‍മിക്കാന്‍ വെമ്പുന്നു. ഇതിന് ആ പഴയ താമരനൂല്‍ പോരാ. ഹൃദയം ഒരു ഇരുമ്പു ചങ്ങലയാക്കിയിട്ട് വേണം ഈ ഇരമ്പുന്ന യന്ത്രലോകത്തെ കെട്ടിവരിയാന്‍. എന്നാലും ആ താമരനൂല്‍ കളവാനും വയ്യ. അതാണ് സാക്ഷാല്‍ കവികല്‍പനയുടെ സുഷുമ്‌നാ നാഡി. താമരനൂലും ചങ്ങലയും ചേര്‍ത്ത് പിരിച്ചെടുക്കാന്‍ സാധിക്കുമോ? അതാണ് പ്രശ്‌നം. പുതിയൊരു കൊല്ലന്‍, പുതിയ തരത്തിലുള്ള ആല-പ്രശ്‌നമവതരിപ്പിച്ചു കരഞ്ഞു ചിരിച്ചുകൊണ്ട് കവി വിരമിക്കുന്നു”. വൈലോപ്പിള്ളിയുടെ ആസ്വാദനവാക്കുകളിലെ ‘കരഞ്ഞു’ ചിരിച്ചുകൊണ്ട് എത്തിയ പദങ്ങള്‍ ശ്രദ്ധിച്ചാല്‍ പുതുശേരി പുതിയ ആലയ്ക്ക് പുറത്തുനിന്നിട്ടും ആലയിലേയ്ക്ക് തന്നെ പോയ കാര്യം വൈലോപ്പിള്ളി സമ്മതിക്കുന്നു. വൈലോപ്പിള്ളി മൂടിപ്പറഞ്ഞത് ജി ശങ്കരക്കുറുപ്പ് തുറന്നു പറഞ്ഞു- ”ആത്മീയമായ പരിവേഷത്തോടു കൂടിയ നിങ്ങളുടെ ഭൗതികവാദം എനിക്ക് സ്പൃഹണീയമായിത്തോന്നുന്നു.”
വീട്ടിന്റെ വാതായനം തുറന്ന് നിസ്തന്ദ്രമായി പുറത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പുതിയ വ്യക്തിയെയാണ് ‘പുതിയ കൊല്ലനും പുതിയ ഒരാലയും’ എന്ന കവിതയിലും മറ്റും നമ്മള്‍ ഇനി കാണുന്നത്. ആ കൊല്ലന്‍ സമരമുഖം തുറന്ന വിദ്യാര്‍ഥി രാഷ്ട്രീയക്കാരന്റെ കൂടെക്കൂടി, പിന്നെ പോകാത്തിടമില്ല. വിലങ്ങുകളും വിലക്കുകളുമെവിടെല്ലാം ഉണ്ടായിരുന്നോ അവിടേയ്‌ക്കെല്ലാം കൊടിയുമായിപോയി. ആരോടോ എല്ലാം മുദ്രാവാക്യങ്ങള്‍ വിളിച്ചുനീങ്ങി. വയലുകള്‍, ഫാക്ടറികള്‍, റോഡുകള്‍ അങ്ങനെ തടസ്സം കണ്ടിടത്തെല്ലാം കളനിലുകള്‍ ചുറ്റികയ്ക്കടിച്ചുതകര്‍ത്തു ആ പുതിയ കൊല്ലന്‍.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വിലങ്ങുവയ്ക്കുകയും അഖണ്ഡതയെ തകര്‍ക്കുകയും ചെയ്യുന്ന എല്ലാ ശക്ത്യാഭാസങ്ങളോടും കൊല്ലന്‍ പ്രതികരിച്ചു. ‘കടക്കു പുറത്ത്’ എന്ന കവിത ആ ജനുസില്‍ വരുന്നതാണ്. ‘തെങ്ങുകളുടെ വിഡ്ഢിത്തം’ എന്ന ചങ്ങമ്പുഴക്കവിതയെ വെല്ലുന്നതാണ് ഈ കവിത. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കടന്നുകയറി കേരളത്തിലെ കൊച്ചി തുടങ്ങിയ രാജ്യങ്ങളുടെ ഏകതയെ തകര്‍ക്കാന്‍ ശ്രമിച്ചതുകൊണ്ടുള്ള അമര്‍ഷത്തിന്റെ തീപ്പന്തമാണ് ഈ കവിത. ആ വിദേശഭൂതം കടലും മലയും ആറും കടന്ന് വിശന്നുവലഞ്ഞ് തളര്‍ന്ന് നമ്മുടെ നാട്ടിലെത്തിയപ്പോള്‍ കേരളം സൗഹാര്‍ദ്ദപൂര്‍വം കൊടുത്ത ചെങ്കരിക്കുകളില്‍ നിന്ന് അവന്‍ ഊറിക്കുടിച്ചത് വാസ്തവത്തില്‍ മാതൃഭൂമിയുടെ രക്തമായിരുന്നു. സാമൂതിരിക്ക് വാളും കുരിശുമണിഞ്ഞ ആ കൈകളിലെ വിഷം കാണാന്‍ (അയാള്‍ ഉണ്ടാക്കാവുന്ന അപകടം കാണാന്‍) കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ വെറ്റിക്കൊടികളില്‍ നിന്ന് പെപ്പറും ജിഞ്ചറും വിഴുങ്ങി. ക്ഷേത്രത്തിലെ കാളിയെ കന്യാമറിയമാണതെന്ന് കാണിച്ച് നമ്മളെ തെറ്റിദ്ധരിപ്പിച്ചു.

കണ്ണുപായിച്ചു മലനാട്ടുപെണ്ണിലും
‘പൊന്ന്’ കായ്ക്കും മുളകിന്‍കൊടിയിലും

മാടഭൂപതിയുടെ വീരകേരളം അദ്ദേഹത്തിന്റേതല്ലാതാക്കാന്‍ ശ്രമിച്ചു;

പോര്‍ട്ടുഗീസുകാരന്റെ
വെള്ളിക്കുരിശില്‍, വെടിക്കോപ്പില്‍, വെണ്‍നര-
തുളും കടലിന്റെ കുഞ്ചിരോമങ്ങളില്‍
തുള്ളിക്കളിക്കും കൊടിക്കൂറയില്‍ യന്ത്ര-
വള്ളങ്ങളില്‍ നോക്കിയദ് ഭുതനേത്രനായ്

‘നീയേ ഗതി’ എന്ന് വേദനയോടെ ചിന്തിച്ച് മാട ഭൂപതിക്ക് നിസ്സഹായനായിരിക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ കേരളം അങ്ങനെ ഒരു വിദേശിയുടേയും സ്വേച്ഛാധിപത്യത്തിന് കളിക്കാനുള്ള നാടകശാലയാകരുത്. കവി വെല്ലസ്ലി പ്രഭുവിനെ ചുറ്റിച്ച പഴശിരാജാവിനെപ്പോലെ അലറിവരൂ പുറത്ത്” കാല്‍
നെഞ്ചില്‍ തൊഴിച്ചാല്‍ മിഴിച്ചുനില്‍ക്കില്ലയ-
ക്കുഞ്ഞാലികളും പരപ്പനങ്ങാടിയും
കവിയുടെ ഈ വീറും ശൗര്യവും ഉമിത്തീയായി നീറിനീറിക്കിടന്നു. കാറ്റുപിടിച്ചപ്പോള്‍ അത് ‘ഖാണ്ഡവദാഹം’ ആയി വളര്‍ന്നു.
പുതുശേരിയിലെ കവി വിപ്ലവകാരിയായി മാറി. ഇനി ആ മാറ്റത്തിന്റെ ചരിത്രഗാഥ കേള്‍ക്കാം.
ആ ഗാഥയിലെ ഒന്നാമധ്യായമാണ് ‘പുതിയ കൊല്ലനും പുതിയൊരാലയും’ ശീര്‍ഷക കവിതതന്നെ തന്റെ നോവുകളെ അമര്‍ത്തിയൊപ്പിയ ചോരകൊണ്ട് എഴുതിയതാണ്. സ്വര്‍ണ്ണക്കൂടിന്റെ കമ്പിമുറിച്ചിട്ടാണ് അസ്വാതന്ത്രനായ കവി സ്വാതന്ത്ര്യത്തിന്റെ വെളിച്ചമുള്ള പുറം ലോകം തേടിയത്. എന്നാല്‍ ഫലം വിപരീതമായിരുന്നു.
വടി വെട്ടുന്നു, വലകെട്ടുന്നു
വനവേടന്മാര്‍ താഴെ,
കഴുകുകള്‍ കണ്ണില്‍ത്തീപ്പന്തവുമായ്
ഉഴറി നടന്ന, മേലേ,
പാമ്പുകള്‍ സ്വര്‍ണ്ണക്കമ്പിച്ചുരുളില്‍
പത്തിനിവര്‍ത്തു പോട്ടില്‍
ഉതിര്‍മണി കാണാതിരുളില്‍ പറവകള്‍
പരതികടന്നു ചോട്ടില്‍
എവിടെയും കവി കണ്ടത് പേടിപ്പെടുത്തുന്ന രംഗങ്ങളായിരുന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ പുതിയ ഒരു ആലയുണ്ടാക്കാനും പുതിയ ഒരു കൊല്ലനാകാനും കവി തനിക്ക് നാദവും ഗാനവും പറക്കാന്‍ പൊന്നിന്‍ തളികയും തന്നവരോട്
ഇരുമ്പുകമ്പിയൊടിത്താമരതന്‍
ഇലയെയുമിയപ്പെടുത്തീടാമോ?
എന്ന് ചോദിച്ചുകൊണ്ട് കവിത അവസാനിപ്പിക്കുന്നു. അവസാനിപ്പിച്ചത് ആവുന്നത്ര ഉച്ചത്തില്‍ പ്രതിഷേധിക്കാനാണ്.
ചോറു ചോദിക്കുന്ന തക്രമം, മെയ് വേര്‍ത്ത
കൂലി ചോദിക്കുന്ന തട്ടിമറിപ്പുകള്‍
പിള്ളേര്‍ക്ക് വിശക്കുന്ന തക്രമം!
പെണ്ണിന് മുണ്ടില്ലാത്ത തക്രമം!
കവിയുടെ ഞരമ്പുകളിലൊഴുകുന്ന ചോര ഭിത്തിതകര്‍ത്ത് പുറത്തേയ്‌ക്കൊഴുകി, പുതുശേരിക്കവിതകള്‍ പൂര്‍ണമായും ജനകീയമായി.
മലകള്‍ തുരപ്പോര്‍, മണ്ണ് ചുമപ്പോര്‍
അലകടല്‍ താണ്ടിത്തള്ളുന്നോര്‍
ഖനികള്‍ കുഴിപ്പോര്‍, കാടു കിളപ്പോര്‍
കതിരും കുലയും വിളയിപ്പോര്‍
വിത്തുവിതപ്പോര്‍, വിളകൊയ്യുന്നോര്‍
പട്ടിണിയാല്‍ പശിയാറ്റുന്നോര്‍
പണിശാലകളില്‍ പകലും രാവും
പണി ചെയ്‌വോര്‍, വിടുപണി ചെയ്‌വോര്‍
എല്ലാവരെയും കവി മോചനരണനവജയകാഹളമൂതാന്‍ വിളിച്ചു.
പ്രായം തൊണ്ണൂറ്റൊന്നു കഴിഞ്ഞേയ്ക്കാവുന്ന പതുശേരിയുടെ ആ സമര സ്വരത്തില്‍ ഇന്നും ഏറ്റുവിളിക്കാന്‍ ലോകത്തെങ്ങും ധീരഭടന്മാരുണ്ട്. അദ്ദേഹം ആ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുന്നു. സഫലമീജീവിതം.

പുതുശേരി രാമചന്ദ്രന്‍ സാഹിത്യരംഗത്തില്‍ പ്രവേശിക്കാനും ഒരു കവിയാകാനും പ്രേരണയായത് രണ്ട് ശക്തികളാണ്. ഒന്ന് കാലം. സ്വാതന്ത്ര്യസമരം ജയിച്ച് ഇന്ത്യ മോചിതയായെങ്കിലും ഒരുപാട് ദുരിതങ്ങള്‍ ഇന്ത്യയെ വീണ്ടും ആക്രമിച്ച് കീഴടക്കാന്‍ ശ്രമിച്ചിരുന്നു. ഗാന്ധിജിയുടെ സഹനവും നെഹ്‌റുജിയുടെ നേതൃത്വവും യഥാര്‍ത്ഥ ദേശീയ നേതാക്കളുടെ പിന്‍ബലവും ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ കരകയറാന്‍ പിന്നെയും ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുമായിരുന്നു. കവി ആവുന്നത്ര ഉച്ചത്തില്‍ പാടിയ ഈ കവിത ബ്രിട്ടീഷുകാരില്‍ നിന്ന് വിടുതല്‍കിട്ടാന്‍ സഹനസമരം നടത്തി ജയിലിലടയ്ക്കപ്പെട്ട രാഷ്ട്രപിതാവിനെ വയലാര്‍ രാമവര്‍മ്മ പുതുശേരിയെ കാണിച്ചുകൊടുക്കുന്നു.
അറിയില്ലെന്നോയിന്നുമായുവാവിനെ? ഗാന്ധി-
ജയിലിന്നിരുമ്പഴിയോടു ചോദിക്കൂ നിങ്ങള്‍-
ആ സ്വാതന്ത്ര്യസമരത്തിന്റെ ഒരു കീശപ്പതിപ്പാണ് വയലാര്‍ സമരമെങ്കിലും അത് തോക്കിന്റെ മുന്നിലെ വാരിക്കുന്തപ്പോരാട്ടമായിരുന്നു.

അരിയും തുണിയുമില്ലാത്തവരൊരായിരം-
ഒരുമിച്ചൊരുമിച്ച് മാര്‍ച്ച് ചെയ്യുവാന്‍നില്‍ക്കെ
വെടിവെച്ചൊരാ ദുഷ്ടനീതികളുടെ നേരേ
അരിവാളുയര്‍ത്തിയ നാടുനാം മറക്കാമോ?
ഇടിവണ്ടികളുടെ ചാടുകളുരുണ്ടിട്ടും
ഉടയാത്തൊരാച്ചരല്‍ക്കല്ലിന്റെ വാരിക്കുന്തം
ചീര്‍ത്തുനില്‍ക്കുകയാണ് നാളത്തെ സര്‍ക്കാരിന്റെ
സ്റ്റീം റോളരുളുന്ന കാഴ്ച കാണുവാന്‍ വേണ്ടി.

പുതുശേരിക്കവിതകള്‍ പലതും നാമ്പിട്ടു തളിരായി, ശാഖവീശി പടര്‍ന്നുപന്തലിച്ച് പൂത്ത് കായ്ച്ച കനിയായത്, നല്ല മണ്ണും വളവും ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ്. പ്രതിഷേധിക്കുകയും കലഹിക്കുകയും ചെയ്യേണ്ടിവന്നാല്‍ ഉടന്‍ പ്രതികരിക്കുന്ന മണ്ണില്‍ ഉറച്ചുനിന്നാണ് കവിക്ക് എഴുതേണ്ടിവന്നത്. ഇന്നത്തെപ്പോലെ അന്നും (1950 – 1960 കാലങ്ങളില്‍) കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥികളും കുറേയെല്ലാം അധ്യാപകരും പുടവയ്ക്ക് തീ പിടിച്ച കുട്ടിയെപ്പോലെ ഉഴറുമായിരുന്നു. പുതുശേരിക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞില്ല. കാമ്പിശ്ശേരി കരുണാകരന്‍, തോപ്പില്‍ഭാസി തുടങ്ങിയ വിപ്ലവകാരികള്‍ ഇടതും വലതും നിന്നപ്പോള്‍ ആ കവിതകള്‍ക്ക് ആളിക്കത്താന്‍ ഇന്ധനവുമായി. പുതുശേരിയുടെ കവിതയെ വിലയിരുത്തുമ്പോള്‍ ഇവരെ നാം നന്ദിയോടെ ഓര്‍ക്കണം.
ഗൃഹാതുരത കവിതകളിലൂടെ ‘തറവാട്ടിലേയ്ക്കുള്ള വഴി മറന്ന കവിതയില്‍ കവിക്ക് തന്റെ കവിത ഒരു വിശേഷാല്‍ പ്രതിയില്‍ അച്ചടി മഷി പുരണ്ടുകണ്ടപ്പോള്‍ കവിഞ്ഞ സന്തോഷം കൊണ്ട് ശിരസുയര്‍ന്നെങ്കിലും പണ്ടെന്നോ ആ വിശേഷാല്‍ പ്രതിതന്നെ കാണിച്ച് സന്തോഷിച്ചത് തന്നെക്കാള്‍ തന്റെ അച്ഛനാണെന്നറിഞ്ഞ അത്യാഹ്‌ളാദം കവിമനസിനെ പണം പൊഴിയുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചു. അച്ഛന്റെ പാദത്തില്‍ തളച്ചിട്ടു.

”എന്റെ സ്വന്തം തറവാട്ടിലേയ്ക്കുള്ള വഴി
എന്റെ കാലുകളുടെയോര്‍മ്മയിലുണ്ടിപ്പോഴും
എന്റെ നാവഴിചൊല്ലിയാവഴി ചൂണ്ടിത്തന്ന-
തെന്റെയച്ഛനാണച്ഛന്‍ മാത്രമാണെന്നതോര്‍ക്കുന്നേന്‍

ഇത് ആ താവഴി തേടാന്‍ വായനക്കാരെക്കൂടി പ്രചോദിപ്പിക്കുന്നു
(കവിത – തറവാട്ടിലേയ്ക്കുള്ള വഴി”
വള്ളിക്കുന്നത്തെ സായാഹ്നങ്ങള്‍ എന്ന കവിതയില്‍ ആ ഗൃഹാതുരത്വം ഏറെ കാല്‍പനിക ഭംഗിയുടെ നിറം വച്ചുവരുന്നതായി അനുമാനിക്കാം. വള്ളിക്കുന്നത്തെ പ്രകൃതിയില്‍ യഥാതഥത്വവും ഭാവഭാവനകളും ഒരേ ദിശയില്‍ സഞ്ചരിക്കുന്നു. കഷണ്ടികേറി കുടവയര്‍ തള്ളിച്ച പാഴ്ക്കുന്നുകള്‍, വെള്ളിപ്പൂങ്കസവിട്ട പൂത്തുവയല്‍ തുള്ളുന്ന പുഴക്കള്ളികള്‍.

”വള്ളിക്കെട്ടുകള്‍ നീളെ വായ്കുരവയി-
ട്ടാര്‍ക്കും കിളിച്ചാര്‍ത്തുകള്‍
വള്ളിക്കുന്നുമതിന്‍ വയല്‍ക്കരകളില്‍
പൂക്കുന്ന ഹര്‍ഷോന്മാദം”

ഇതിനെക്കാള്‍ കാല്‍പ്പനിക ചാരുത്വം ഇനി വരുന്ന വരികള്‍ക്കുണ്ട്.

നീലച്ചേലഞെറിഞ്ഞുടുത്തഴകുനോക്കീടുന്ന പാടങ്ങളെ-
പ്പീലിക്കണ്ണെഴുതിയ തോട്ടത്തിലായ് നില്‍ക്കും വയലിഞ്ചിയെ
നീവിക്കുത്തു വലിച്ചഴിച്ചു വിളയാടീടാനടുക്കുന്നൊരാ
കോടക്കാറ്റോടുമത്സരിച്ചുഴറിയോടുന്നു നീര്‍ച്ചോലകള്‍

നളിനപ്പെണ്ണ് നാണം വെടിഞ്ഞ് കളിപ്പന്തുമായി പിടഞ്ഞെണീക്കുന്നതും കുയില്‍പ്പേടയാല്‍ വീണക്കമ്പിമുറുക്കി നായകന് നല്‍കുന്നതും കോകിലങ്ങള്‍ക്കാണല്ലോ അക്ഷര സ്ഫുടതയും അര്‍ഥഘനവും ഇല്ലെങ്കിലും മാകന്ദാഗ്രത്തിലിരുന്ന് കൊക്കുതുറന്ന് സംഗീതം പൊഴിക്കാന്‍ അറിയാവുന്നത്. കവിതകള്‍ക്ക് അന്തരീക്ഷം കൊണ്ട് മാത്രമല്ല, വായ്‌മൊഴി വാക്കുകള്‍ കൊണ്ടും ഗാര്‍ഹിക ഗ്രാമീണ ഭംഗിനിറയ്ക്കുന്നതാണ് പുതുശേരിയുടെ മിക്ക കവിതകളും. ‘പാല്‍ക്കാരി’ എന്ന കവിതയില്‍ പല ഭാവത്തില്‍, പല ചിന്തയില്‍, പല താല്‍പര്യങ്ങളില്‍ പല സാഹചര്യങ്ങളില്‍ നമുക്ക് കവിയെക്കാണാം. കല്‍പനകള്‍ കൊണ്ട് കസവണിയിച്ച കവിതയാണത്. ഏത് വരിയും ആസ്വാദ്യം തന്റെ കിടപ്പമുറിയിലുള്ള പുറം ജനാലയില്‍ കവി ആദ്യം കാണുന്നത്, കേള്‍ക്കുന്നത് ഉഷഃസന്ധ്യപോലെ നിര്‍മ്മലയും സുന്ദരിയുമായ പാല്‍ക്കാരിപ്പെണ്ണിനെയാണ്.
‘ഒരു പാണപ്പാട്ടി’ല്‍ കവി കേരളത്തിലെ വിവിധ സാഹചര്യങ്ങള്‍ ആരോ എല്ലാം പാടിയ ഓണപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള പാട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് മാവേലിക്കരക്കാരനായി കവി, തന്നെ വെളിപ്പെടുത്തിക്കൊണ്ട് പാടുന്നത് കേള്‍ക്കുമ്പോള്‍ താനും മഹാബലിയും ഏതോ ഒരു ബിന്ദുവില്‍ ഒന്നിക്കുന്ന പ്രതീതി. മഹാബലിയെ മാത്രമേ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയുള്ളൂ. പക്ഷെ കവിയും കൂടെയുണ്ട്.
അല്ലലെഴാതെ, ചതിയറിയാതെ
കള്ളമെഴാതെ, കളമൊഴിയാതെ
എള്ളോളം പൊളിമൊഴി മൊഴിയാതെ
എങ്ങും നിര്‍ഭയരായേ വാണൂ
ഞങ്ങള്‍ മാനവര്‍ – ദാനവര്‍ – വാനോര്‍
പക്ഷേ നമുക്കിപ്പോഴും ‘മാവേലി നാടു വാണീടും കാലം’ എന്ന പാട്ടെഴുതിയതാരെന്ന് അറിഞ്ഞുകൂടാ.
കാവ്യഭംഗി കുറഞ്ഞ കവിതയാണ്. ‘യാത്രയുടെ ഒടുവില്‍’. എന്നാല്‍ കവിയെ തനിമയില്‍ക്കാണാന്‍, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പച്ചയായിത്തന്നെ കാണാന്‍ സഹൃദയന് സാധ്യമാകുന്ന കവിതയാണ്. പല വണ്ടികള്‍ കയറി, യാത്രാദുരിതമറിഞ്ഞ് പലവഴിയിലൂടെ സഞ്ചരിച്ചുവെങ്കിലും
നോവുകള്‍ക്കൊരു ഗാനനീരേറ്റി
ഞാന്‍ നടപ്പൂ കൃഷിവലനായി.
എന്ന് കവി വിഷമിച്ചു. ഒടുവില്‍ വള്ളികുന്നത്തെ കര്‍ഷകനായി തന്റെ സ്വത്വം വെളിപ്പെടുത്തുന്നു.
‘മഴവെയിലിനോടു’ എന്ന കവിത ‘കൃഷിക്കാരന്റെ പാട്ട്’ എന്ന കവിതയും മറ്റ് ചില കവിതകളുമെല്ലാം ഈ സത്യത്തിന്റെ മൂടിമാറ്റി കവി ആസ്വാദകരെ കാണിക്കുന്നതാണ്.
‘പാല്‍ക്കാരി’ എന്ന കവിതയില്‍, പല ഭാവങ്ങളില്‍, പല ചിന്തകളില്‍, പല കല്‍പ്പനകളില്‍ പലതുമായി ചേര്‍ന്നുനില്‍ക്കുന്ന തന്നെയും തുറന്നുകാട്ടുന്നു. കല്‍പനകള്‍ കൊണ്ട് കസവുപുടവയണിയിച്ച ഒരു കവിതയാണത്. മുച്ചൂടും ആസ്വാദ്യം. തന്റെ കിടപ്പുമുറിയുടെ പുറം ജനാലയില്‍ കവി ആദ്യം കാണുന്നത് ഉഷഃസന്ധ്യ സ്വര്‍ണത്താമ്പാളത്തില്‍ വെള്ളപ്പൂക്കളുമായി വന്നതാണ്. ഉടനെ തന്നെ ഉഷഃസന്ധ്യയേയും തോല്‍പ്പിക്കുന്നത് മന്ദഹാസവുമായി വന്ന പാല്‍ക്കാരിപ്പെണ്ണിനെ കണ്ടു. അവളുടെ പാദസര കിലുക്കം കൂടി കേട്ടപ്പോള്‍ പിന്നെ ഒന്ന് ഉറങ്ങാന്‍ തോന്നിയില്ല. ഈ രണ്ട് പെണ്‍പിള്ളേരുടേയും വരവ് നിത്യമാണ്. പതിവ് കാഴ്ച്ച. ഉറക്കമുറിയുടെ മുന്‍വാതിക്കല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പത്രക്കാരനെത്തും. ചൂടുവാര്‍ത്ത, ചൂട് ചായ, തന്റെ മുന്നില്‍ നൃത്തലോലുപയായി.
പൈങ്കിളി നാദം പെയ്തു, കാവ്യമാംഗല്യത്തിന്റെ പഞ്ചാരപ്പൈമ്പാല്‍പ്പത തുളിമ്പിച്ചെത്തുന്നോളെയാണ് കവിക്ക് മതിതീരാതെ കാണാന്‍ തോന്നിയതും. അവളുടെ മണിശിഞ്ജിതം കൂടിയുള്ള നൃത്ത കുശലത കവിക്ക് പിന്നെയും പിന്നെയും കണ്ടേ മതിയാവൂ. പക്ഷേ, എല്ലാ വിഭൂതികളെയും വകഞ്ഞുമാറ്റിക്കളഞ്ഞുകൊണ്ട് തന്റെ സര്‍ഗചൈതന്യം തുളുമ്പുന്ന വാസനാശക്തി മൊത്തം എടുത്തുതീര്‍ത്ത മഞ്ജുശില്‍പം പോലെ, തന്റെ സര്‍ഗശക്തിയുടെ ഫലമായ മഹാകാവ്യം പോലെ കവിയുടെ മടിത്തട്ടില്‍ തന്റെ മണിക്കുഞ്ഞ് എത്തിയിരിക്കുന്നു! നേരത്തേകണ്ട എല്ലാവരിലൂടെയും എന്നാല്‍ അവരിലുമുപരിയായി ഒരിക്കലും മായാത്ത, എവിടെയുമില്ലാത്ത, എന്നാല്‍ എല്ലായിടവുമുള്ള തന്റെ ഉണ്ണികൃഷ്ണനാണത്.
നിന്റെ പുഞ്ചിരിപ്പാലും മുലപ്പാലുമുണ്ടുണ്ട-
തിന്റെ പ്രാണനുമുണ്ണമുണ്ണികൃഷ്ണനുമല്ലോ നീ
ആത്മബോധം കൊക്കൂണില്‍ നിന്ന് പുറത്തേയ്ക്ക് ശലഭമായി മാറിവരുന്ന ദര്‍ശനീയത! ഇവിടെ ജയിലില്ല, വിലങ്ങില്ല, ബയണറ്റില്ല, വാരിക്കുന്തമില്ല, കവിയും തന്റെ ഉണ്ണികൃഷ്ണനും മാത്രം. ഭാവം മാറി ശബ്ദംമാറി.