Monday
25 Jun 2018

‘ക്വിറ്റിന്ത്യാ’ സമരത്തിന് മുക്കാല്‍ നൂറ്റാണ്ട്

By: Web Desk | Wednesday 9 August 2017 12:32 PM IST

u-vikramanയു വിക്രമന്‍

ക്വിറ്റിന്ത്യാ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന അവസാനത്തെ ബഹുജനസമരമാണ്. ‘ഓഗസ്റ്റ് വിപ്ലവം,’ ‘ക്വിറ്റിന്ത്യാ പ്രസ്ഥാനം’, ‘ഓഗസ്റ്റ് കലാപം’, തുടങ്ങിയ പല പേരുകളിലും ഇതറിയപ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്ജ്വല അധ്യായമായ ക്വിറ്റിന്ത്യാ സമരത്തിന് 2017 ഓഗസ്റ്റ് ഒമ്പതിന് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന വേളയാണിത്.

gandhi_1439113557
ഇന്ത്യയ്ക്ക് ഡൊമിനിയന്‍ പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ട ശേഷം ഇന്ത്യയെ ഒരന്ത്യ സമരത്തിനു തയാറാക്കുന്നതിലായിരുന്നു ഗാന്ധിജിയുടെ ശ്രദ്ധ. 1942 മാര്‍ച്ച് ആദ്യം ഗാന്ധിജി ‘ഹരിജന്‍’ വാരികയിലെഴുതിയ ലേഖനത്തില്‍ ബ്രിട്ടനോട് ഇന്ത്യ വിടാനാഹ്വാനം ചെയ്തതോടെ ‘ക്വിറ്റ് ഇന്ത്യാ’ സമരത്തിനുള്ള കാലാവസ്ഥ ആരംഭിച്ചുവെന്നു പറയാം. 1942 ജൂലൈ 6 മുതല്‍ 14 വരെ വാര്‍ധയില്‍ യോഗം ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി ഒരു ബഹുജനപ്രക്ഷോഭം ആരംഭിക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു പ്രമേയം അംഗീകരിച്ചു. വൈദേശികാധിപത്യം അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമല്ല ഇന്ത്യയുടെ രാജ്യരക്ഷയ്ക്കും ലോകരക്ഷയ്ക്കും വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം അവസാനിപ്പിക്കേണ്ടതാണെന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കുന്നതാണെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒരഹിംസാസമരം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായിത്തീരുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രമേയത്തിന്റെ പ്രാധാന്യവും ഗൗരവവും മുന്‍നിര്‍ത്തി അതിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും തീരുമാനിച്ചു. അതനുസരിച്ച് 1942 ഓഗസ്റ്റ് 7, 8 തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചരിത്രപ്രധാനമായ യോഗം നടന്നു.
മൗലാനാ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാനാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു.
”സ്വാതന്ത്ര്യത്തിന് ഇന്ത്യയ്ക്കുള്ള അനിഷേധ്യമായ അവകാശം സ്ഥാപിക്കുന്നതില്‍ ഗാന്ധിജിയുടെ അനുപേക്ഷണീയമായ നേതൃത്വത്തില്‍ അക്രമരഹിതമായ മാര്‍ഗത്തില്‍ക്കൂടിയുള്ള ഒരു ബഹുജനസമരം ആരംഭിക്കാന്‍ കമ്മിറ്റി തീരുമാനിക്കുന്നു”എന്ന് പ്രമേയത്തിന്റെ അവസാനഭാഗത്ത് പ്രസ്താവിച്ചിട്ടുണ്ട്.
അടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ, പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍, ഗാന്ധിജി വൈസ്രോയിയെ കണ്ട് ചര്‍ച്ച നടത്തി സമാധാനപരമായ ഒരു തീരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രത്യാശിച്ചു. ഗാന്ധിജിയുടെ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്യുകയില്ലെന്നായിരുന്നു പൊതുവേയുള്ള ധാരണ. ഗാന്ധിജി തന്നെ ഈ വിശ്വാസം മഹാദേവ ദേശായിയോട് പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഓഗസ്റ്റ് എട്ടാം തീയതി അര്‍ധരാത്രി കഴിയുംമുമ്പ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗങ്ങളെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത പ്രാര്‍ഥനയ്ക്ക് എഴുന്നേറ്റ ഗാന്ധിജിയും അറസ്റ്റിലായി.
നേതാക്കളുടെ കൂട്ടത്തോടെയുളള അറസ്റ്റിന്റെ വാര്‍ത്ത നേരം വെളുത്തപ്പോഴേക്കും ഭാരതമാകെ കാട്ടുതീ പോലെ പടര്‍ന്നു. ജനങ്ങള്‍ അമര്‍ഷംകൊണ്ടു. നിയമലംഘനവും കലാപവും ആരംഭിച്ചു. നേതാക്കള്‍ ജയിലിലായതുകൊണ്ട് ക്രമീകൃതമായ നേതൃത്വം നല്‍കാന്‍ ആളുണ്ടായില്ല. ജനങ്ങള്‍ തന്നെ നേതൃത്വമേറ്റെടുത്തു. അഹിംസയും അക്രമരാഹിത്യവുമൊന്നും ക്ഷുഭിതരായ ജനങ്ങള്‍ കാര്യമാക്കിയില്ല. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളായ ലോഹ്യ, അച്യുത പട്‌വര്‍ധന്‍, അരുണാ ആസഫ് അലി തുടങ്ങിയ നേതാക്കള്‍ ഒളിവില്‍ പോയി സമരത്തിന് നേതൃത്വം നല്‍കി. പ്രമേയം പാസാകുമ്പോള്‍ ഹസാരിബാഗ് ജയിലിലായിരുന്ന ജയപ്രകാശും കൂട്ടുകാരും 1942 നവംബറില്‍ ജയില്‍ ചാടി സമരത്തിന് ഒളിവില്‍ നിന്ന് നേതൃത്വം നല്‍കി.
ഗാന്ധിജി ജനങ്ങള്‍ക്ക് നല്‍കിയ ‘സമരം ചെയ്യുക, അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ജനതയ്ക്ക് ആവേശം പകര്‍ന്നു. പൊലീസും പട്ടാളവും നാടാകെ ഭീകരമര്‍ദനം അഴിച്ചുവിട്ടു. വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും സാര്‍വത്രികമായി പ്രയോഗിക്കപ്പെട്ടു. റൈഫിള്‍, റിവോള്‍വര്‍, യന്ത്രത്തോക്ക് എന്നിവ പ്രയോഗിച്ചു. വിമാനത്തില്‍ നിന്നുള്ള വെടിവയ്പുകളുമുണ്ടായി. പത്രങ്ങള്‍ കണ്ടുകെട്ടി. ഒളിവില്‍ നിന്ന് വിപ്ലവകാരികള്‍ കല്ലച്ചിലും മറ്റും ബുള്ളറ്റിനിറക്കി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ സഹിക്കാനാകാതെ റയില്‍വേകള്‍ നശിപ്പിച്ചു, വണ്ടികള്‍ ആക്രമിച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചു, ഗവണ്‍മെന്റ് സ്വത്തുക്കള്‍ നശിപ്പിച്ചു, ടെലിഫോണ്‍ കമ്പികള്‍ മുറിച്ചു, പാലങ്ങള്‍ പൊളിച്ചു, ഹര്‍ത്താലുകളും പ്രകടനങ്ങളും പൊതുയോഗങ്ങളും സാധാരണമായി. ജനങ്ങള്‍ എല്ലാ സമരമാര്‍ഗങ്ങളും ഉപയോഗിച്ചു.
വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് ക്വിറ്റിന്ത്യാസമരത്തില്‍ മുന്നണിപ്പങ്ക് വഹിച്ചത്. തൊഴിലാളികള്‍ ഒട്ടും പിന്നിലായിരുന്നില്ല. വിദ്യാലയങ്ങളും തൊഴില്‍ശാലകളും തുടര്‍ച്ചയായി ബഹിഷ്‌കരിക്കപ്പെട്ടു. അങ്ങനെ സമരം ഒരു തുറന്ന ലഹളയുടെ രൂപംകൊണ്ടു. 1942 ഓഗസ്റ്റ് ഒമ്പത് മുതല്‍ ഡിസംബര്‍ വരെ ഔദേ്യാഗിക കണക്കനുസരിച്ച് തന്നെ 940 പേര്‍ വെടിവയ്പില്‍ മാത്രം മരിച്ചു. 1630 പേര്‍ക്ക് സാരമായ പരിക്കേറ്റു. 60,229 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ലാത്തിത്തല്ലും മറ്റ് മര്‍ദന നടപടികളുംകൊണ്ട് ദുരിതമനുഭവിച്ച ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാത്തത്ര വര്‍ധിച്ചതായിരുന്നു. കൂട്ടപ്പിഴകള്‍ ദുസഹമായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നാട്ടില്‍ നടന്ന അക്രമസംഭവങ്ങളെ ഗാന്ധിജി തള്ളിപ്പറയുകയുണ്ടായില്ല; പരോക്ഷമായി അവയെ ശരിവയ്ക്കുകയും ചെയ്തു. നാട്ടില്‍ ഗാന്ധിജിയുടെ അനുയായികള്‍ നടത്തുന്ന അട്ടിമറി തുടങ്ങിയ അക്രമ പ്രവൃത്തികളെപ്പറ്റി തെളിവുകള്‍ സഹിതം വൈസ്രോയി ജയിലില്‍ കഴിയുന്ന ഗാന്ധിജിക്കെഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ”സ്വാതന്ത്ര്യസമര ഭടന്‍മാര്‍ നടത്തുന്നതായി പറയപ്പെടുന്ന ഹിംസയെപ്പറ്റി സംസാരിക്കും മുമ്പ്, പ്രസ്ഥാനത്തെയാകെ ചോരയും ഇരുമ്പുമുപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ അവരുടെ മൃഗീയ ഹിംസ ആദ്യം നിര്‍ത്തട്ടെ” എന്നാണ്.
ക്വിറ്റിന്ത്യാ സമരത്തെ കമ്മ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചുവെന്ന് ഇന്നും പ്രചരിപ്പിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കുക: ക്വിറ്റിന്ത്യാ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയില്‍ എഴുതിവച്ചിട്ടുണ്ട്. ചില സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് പറ്റി എന്നത് ശരിയാണ്. ഒരു വിപ്ലവ പാര്‍ട്ടി എന്ന നിലയ്ക്ക് ധൈര്യമായി തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി. ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും പാര്‍ട്ടിക്ക് ആണയിടാനാവുമോ? ജനങ്ങളുടെ മുമ്പില്‍ തെറ്റ് ഏറ്റുപറയാന്‍ ഏതെങ്കിലും പാര്‍ട്ടി ധൈര്യം കാണിച്ചിട്ടുണ്ടോ?
ജനങ്ങളോടുള്ള വിശ്വാസവും അവരുമായുള്ള അടുത്ത ബന്ധവും അവരുടെ സമരങ്ങളിലെ സജീവപങ്കാളിത്തവും പ്രത്യയശാസ്ത്രത്തിലുള്ള അചഞ്ചലമായ വിശ്വാസവും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിച്ചു.
ക്വിറ്റ് ഇന്ത്യാ സമരത്തിലെ ധീരസഖാവായ അരുണാ ആസഫ് അലി അവരുടെ ഇടത് സോഷ്യലിസ്റ്റ് ഗ്രൂപ്പിനോടൊപ്പവും ക്രാന്തി സിന്‍ഹ നാനാപതി അദ്ദേഹത്തിന്റെ സായുധ സഖാക്കളോടൊപ്പവും രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആയിരക്കണക്കിന് മറ്റ് സഖാക്കളും ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും അതിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയുമുണ്ടായി.
ഒരു സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കാനുള്ള തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ മാത്രമേ കഴിയൂവെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. വമ്പിച്ച സമരങ്ങളുടെ ദശകങ്ങളായിരുന്നു നാല്‍പതുകള്‍. അധികാരക്കൈമാറ്റത്തിനു വേണ്ടിയുള്ള ജനകീയ മുന്നേറ്റം വളര്‍ന്നുവരികയായിരുന്നു. ഈ സമരങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കാളിത്തവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ത്യാഗങ്ങളും പ്രതേ്യകം എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനുള്ള സ്ഥാനം സര്‍വപ്രധാനമാണ്.

Related News