Wednesday
22 Aug 2018

മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കി

By: Web Desk | Friday 26 January 2018 7:36 PM IST

മലപ്പുറം: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് അവകാശപ്പെട്ടു കൊണ്ട് മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കി. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്കാരം.

മുസ്ലീം സമുദായത്തില്‍ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ഇത്തരം കീഴ്വഴക്കം ഖുറാനില്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം.

“സ്ത്രീക്കും പുരുഷനും ഖുറാനില്‍ തുല്യപ്രധാന്യമാണ് നല്‍കുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ ഭര്‍ത്താവ് എന്ന് പോലും ഖുറാനില്‍ പരാമര്‍ശിച്ചിട്ടില്ല,” ജാമിദ പറഞ്ഞു.

എന്നാല്‍, ഒരു സ്ത്രീ നമസ്കാരത്തിന് നേതൃത്വം നല്‍കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വധഭീഷണി ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ജാമിദയ്ക്ക് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിലെ മുസ്ലീം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്കാരത്തിന് നേതൃത്വം നല്‍കിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയില്‍ നടപ്പാക്കാനാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.

Related News