Sunday
19 Aug 2018

ആര്‍ സുഗതന്‍

By: Web Desk | Wednesday 14 February 2018 10:14 PM IST

കേരളത്തിലെ കമ്മ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അവിസ്മരണീയ നേതാവായ സുഗതന്‍ സാറിന്റെ ഒരു ഓര്‍മദിനം കൂടി കടന്നുപോയി.
കറയറ്റ വര്‍ഗ-രാഷ്ട്രീയത്തിന്റെ എക്കാലത്തെയും പ്രതീകമാണ് അദ്ദേഹം. തൊഴിലാളി യൂണിയനുകളുടെ സംഘാടകനായും പ്രക്ഷോഭവീറുള്ള നേതാവായും ആര്‍ സുഗതന്‍ ജീവിതാന്ത്യംവരെ നിലകൊണ്ടു. പ്രോലറ്റേറിയന്‍ സാഹിത്യത്തിന്റെ ശക്തിസൗന്ദര്യങ്ങളാവാഹിച്ച അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും നീതിക്കുവേണ്ടിയുള്ള സമരാഹ്വാനങ്ങളായിരുന്നു.
ജനങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മറ്റൊരു വേദിയായാണ് ആര്‍ സുഗതന്‍ നിയമസഭയെ കണ്ടത്. അവിടെ അഴിമതിക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനുമെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ചാട്ടുളിപോലെ മൂര്‍ച്ചയുള്ളതായിരുന്നു.
പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍ വീണുപോകാതിരിക്കാനുള്ള വര്‍ഗപരമായ ജാഗ്രതയാണ് മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ ആയുധം. ഋഷിതുല്യമായ ജീവിതത്തിലൂടെ സുഗതന്‍സാര്‍ പഠിപ്പിച്ചത് ആ ജാഗ്രതയുടെ പാഠങ്ങളാണ്. അതിനോട് എന്നും കൂറുപുലര്‍ത്തുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
ജനയുഗം പ്രവര്‍ത്തകര്‍

Related News