Sunday
24 Jun 2018

ഒഴുകി മറഞ്ഞ ഗാനം

By: Web Desk | Monday 14 August 2017 8:31 PM IST

 

സ്വരമാധുരികൊണ്ട് സമ്പന്നമായിരുന്നു രാധികാ തിലകിന്റെ പാട്ടുകള്‍. പതിഞ്ഞതും ലാളിത്യം നിറഞ്ഞതുമായ ആ ശബ്ദഭംഗി പാട്ട് ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഈ ശബ്ദ സൗന്ദര്യം പാരമ്പര്യമായി കിട്ടിയതായിരുന്നു. എറണാകുളത്ത് രവിപുരത്തെ സംഗീത കുടുംബമായ ശ്രീകണ്ഠത്തെ അംഗമായിരുന്നു രാധികാതിലക്. പ്രശസ്ത ഗായകരായ സുജാതയും ജി വേണുഗോപാലും ബന്ധുക്കളായിരുന്നു. ഇങ്ങനെ കുടുംബപരമായി സിദ്ധിച്ച സംഗീത വാസന സ്‌കൂള്‍തലം മുതല്‍ വളര്‍ത്തിയെടുത്താണ് ഈ ഗായിക പ്രശസ്തയായത്. എന്നാല്‍ പാട്ടുകാരിയുടെ കഴിവിനും സര്‍ഗസിദ്ധിക്കും അനുസരിച്ച് അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ നല്ല പാട്ടുകളെ സ്‌നേഹിക്കുന്ന ശ്രോതാക്കള്‍ ഈ ഗായികയുടെ കാര്യത്തില്‍ ഒരു പരിധിവരെ നിരാശരായിരുന്നു. രാധികാതിലകിന്റെ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടേതാണെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ പാട്ടിന്റെ പണിപ്പുര ശില്‍പികളെക്കുറിച്ച് അറിയുമ്പോഴാണ് ചിത്രയല്ല രാധികാ തിലകിന്റേതാണ് പാട്ടുകള്‍ എന്ന് ബോധ്യമാകുന്നത്. അത്രയ്ക്ക് സമാനത ഇരുവരുടെയും പാട്ടുകളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അടക്കവും ഒതുക്കവും ശാലീനതയും നിറഞ്ഞ് ആസ്വാദ്യമധുരമായിരുന്നു രാധികാതിലകിന്റെ ഓരോ പാട്ടുകളും.

ഏതാണ്ട് എഴുപതോളം ചലച്ചിത്രങ്ങളിലാണ് രാധികാ തിലക് പാടിയിട്ടുളളത്. അവയില്‍ ഏറെയും ഹിറ്റുകളായിരുന്നു. പ്രശസ്തരായ ചലച്ചിത്രശില്‍പികള്‍ സംവിധാനം ചെയ്ത സിനിമകളിലാണ് അവര്‍ പാടിയിട്ടുളളത്. ലോഹിതദാസ്, രഞ്ജിത്ത്, കമല്‍ തുടങ്ങിയവരുടെ പടങ്ങളിലൂടെ പുറത്തുവന്ന ഗാനങ്ങള്‍ ഒരിക്കലും മരിക്കാതെ ശ്രോതാക്കള്‍ മൂളിനടക്കുന്നു. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ, തിരുവാതിര തിരനോക്കിയ (കന്മദം), മായാമഞ്ചലില്‍ ഈ വഴി, വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി വെളളിപ്പൂത്തിങ്കള്‍(പട്ടാളം), ദേവസംഗീതം നീയല്ലെ (ഗുരു), നിന്റെ കണ്ണില്‍ വിരുന്നുവന്നു (ദീപസ്തംഭം മഹാശ്ചര്യം) തുടങ്ങി ഈ അനുഗ്രഹീത ഗായിക ശബ്ദംകൊടുത്ത പാട്ടുകള്‍ അനവധിയാണ്. എല്ലാം ഹിറ്റ്‌ലിസ്റ്റിലാണ് ആസ്വാദകര്‍ ഇടംകൊടുത്തിട്ടുളളത്.
അതുപോലെതന്നെ അവരുടെ പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചവരും ഈ മേഖലയിലെ മികച്ച പ്രതിഭാശാലികളാണ്. ജോണ്‍സണ്‍, ഇളയരാജ, മോഹന്‍ സിത്താര, ശരത് എന്നിവരാണ് ആ ഹിറ്റുഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുളളത്. മോഹന്‍സിത്താര ട്യൂണ്‍ ചെയ്ത സിനിമയില്‍ മീനയും മോഹന്‍ലാലും ചേര്‍ന്നുപാടുന്ന കാനനക്കുയിലെ കാതിലിടാനൊരു മോതിരക്കല്ലുതരാമോ എന്ന യുഗ്മഗാനം ഏറെ ചടുലവും മധുരമനോഹരവുമായി നിലനില്‍ക്കുന്നു. നാളുകള്‍ പലത് കഴിഞ്ഞിട്ടും പുതിയ പാട്ടുകള്‍ ഏറെ ഉണ്ടായിട്ടും ഇത്തരം ഗാനങ്ങള്‍ അതിജീവിച്ചുനില്‍ക്കുന്നത് തീര്‍ച്ചയായിട്ടും പാടിയ പാട്ടുകാരിയുടെയും കഴിവ് കൊണ്ടുകൂടിയാണ്. 1989ല്‍ സംഘഗാനം എന്ന ചിത്രത്തില്‍ പുല്‍ക്കൊടിത്തുമ്പിലും… എന്ന ഗാനം ആലപിച്ചുകൊണ്ടാണ് രാധികാ തിലക് ഈ രംഗത്തേയ്ക്ക് വരുന്നത്.

സ്‌കൂള്‍ പഠനകാലത്താണ് സംഗീതത്തില്‍ കഴിവുണ്ടെന്ന് രാധികാ തിലക് തിരിച്ചറിയുന്നത്. ഒരു ഗായികയ്ക്ക് വേണ്ടതായ ആലാപന മികവും ശബ്ദസംവരണവും ഉണ്ടെന്ന് മനസിലാക്കുന്നതോടെ വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യാസവും ഒരുമിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നു. റ്റി എസ് രാധാകൃഷ്ണന്റെ സംഗീത ട്രൂപ്പില്‍ ഭജന പഠിക്കാന്‍ ചേരുന്നു. തുടര്‍ന്ന് ലളിത ഗാനങ്ങളിലായി അടുത്ത ശ്രദ്ധ. ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും ഒട്ടേറെ ലളിതഗാനങ്ങള്‍ രാധികാ തിലകിന്റേതായി വന്നിട്ടുണ്ട്. തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍… എന്ന് തുടങ്ങുന്ന ലളിത ഗാനാലാപനത്തിന് ഒരുപാട് അഭിനന്ദനങ്ങളും പാരിതോഷികങ്ങളും പാട്ടുകാരിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഈണം നല്‍കി ആര്‍ കെ ദാമോദരന്‍ രചന നടത്തിയ ദ്വാപുരയുഗത്തിന്റെ ഹൃദയങ്ങള്‍… എന്ന ഗാനം പാടിയതിനും ഏറെ പ്രശംസ നേടിയെടുക്കുകയുണ്ടായി. ഇങ്ങനെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും കാസറ്റുകളിലൂടെയും ലളിതഗാനം പാടി പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് സിനിമയിലേയ്ക്ക് വിളിവരുന്നത്. അങ്ങനെയാണ് രാധികാ തിലക് എന്ന ഗായികയുടെ ശബ്ദം കൊത്തിയ സിനിമാഗാനങ്ങള്‍ പിറവിയെടുക്കുന്നത്. ഈ രംഗത്ത് അധികം തിരക്കുണ്ടായില്ല എങ്കിലും നല്ല പാട്ടിനെ സ്‌നേഹിക്കുന്ന സിനിമാ സംവിധായകരും നിര്‍മാതാക്കളും രാധികാ തിലകിന് അവസരം കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയാണ് മലയാള സിനിമാ പാട്ടുകുടുംബത്തിലേയ്ക്ക് മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ക്കൊപ്പം മഞ്ഞക്കിളികള്‍ മൂളി വരാനും കാനനക്കുയില്‍ കാതിലിടാന്‍ മോതിരക്കല്ലുകള്‍ സംഭാവനയായി ലഭിക്കാനും അവസരമുണ്ടായത്.

മഹാരാജാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നു പ്രാവശ്യം എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നല്ല ലളിതഗാനത്തിനുളള ഒന്നാം സമ്മാനം രാധിക നേടുകയുണ്ടായി. കലാതിലകപ്പട്ടത്തിനും അര്‍ഹത നേടിയിരുന്നു. പാട്ടുകാരിയായി സിനിമാരംഗത്ത് നില്‍ക്കുമ്പോള്‍തന്നെ സ്റ്റേജ് പ്രോഗ്രാമിനും പോകുമായിരുന്നു. ഏറെ പ്രകടനപരമായ രീതിയില്‍ ടെലിവിഷന്‍ അവതാരകയായി തിളങ്ങാനും സാധിച്ചിരുന്നു. ഗാനമേളകളില്‍ യേശുദാസ്, എം ജി ശ്രീകുമാര്‍, ജി വേണുഗോപാല്‍ തുടങ്ങിയ പ്രഗല്‍ഭരോടൊപ്പമാണ് പങ്കെടുത്തിരുന്നത്. ഈ പ്രഗല്‍ഭരോടൊപ്പം ഓപ്പണ്‍ എയറില്‍ പാടണമെങ്കില്‍ കഴിവുളള കലാകാരികള്‍ക്ക് മാത്രമെ അവസരം ലഭിച്ചിരുന്നുളളു. രാധികാതിലക് തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പാടുമെന്ന ഉത്തമവിശ്വാസം ഉളളതുകൊണ്ടായിരുന്നു കൂടെ പാടാന്‍ അവര്‍ അവസരം നല്‍കിയത്. ആ വിശ്വാസം എല്ലാ സ്റ്റേജ് പ്രോഗ്രാമുകളിലും രാധികാ തിലക് നിലനിര്‍ത്തുകയും ചെയ്തു. തന്റെ കഴിവ് അനുസരിച്ച് വേണ്ട അവസരം കലാരംഗത്ത്‌നിന്നും കിട്ടിയിരുന്നുവെങ്കില്‍ ഏറെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുമായിരുന്നുവെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു.

ഈ വിശ്വാസം രാധികാ തിലകിനെ സ്‌നേഹിക്കുന്ന മറ്റ് കലാകാരന്‍മാര്‍ക്കും പ്രേക്ഷകര്‍ക്കും ഉണ്ട്. അതാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന എം ജി ശ്രീകുമാറിന്റെ വാക്കുകളില്‍ തെളിഞ്ഞുകാണുന്നത്. ചിത്രയും, സുജാതയും കഴിഞ്ഞാല്‍ നല്ല പ്രതിഭയുളള പാട്ടുകാരി രാധികാ തിലകാണെന്ന് അദ്ദേഹം പറയുകയുണ്ടായി. മുന്‍പറഞ്ഞ കലാകാരികള്‍ക്കൊപ്പം രാധികാ തിലക് ഉയര്‍ന്നില്ല എന്ന ധ്വനി ആ വാക്കുകളില്‍നിന്നും വായിച്ചെടുക്കുവാന്‍ കഴിയുന്നുണ്ട്. കലാപരമായി മല്‍സരബന്ധമുളള സിനിമയില്‍ അവസരങ്ങള്‍ക്കായി അവര്‍ സ്വയം മുന്നോട്ടുവന്നിരുന്നില്ല. അത്തരം മല്‍സരങ്ങളില്‍ നിന്നൊക്കെ അകന്നുനില്‍ക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഒരു പാട്ടുകാരിയെ സംബന്ധിച്ചിടത്തോളം കലാരംഗത്ത് ‘കോമ്പേറ്റെഷ’നല്ല, ശുദ്ധ സംഗീതത്തിനാണ് പ്രാധാന്യമെന്ന് രാധികാ തിലക് വിശ്വസിച്ചു.സിനിമ എന്ന മായാലോകത്ത് പ്രതിഭ അനുസരിച്ച് ഉയരാനും തിളങ്ങാനും സാധിച്ചില്ലെങ്കിലും രാധികാതിലകിന്റെ അനശ്വര ഗാനങ്ങളിലൂടെ ശ്രോതാക്കള്‍ അവരെ എന്നും ഓര്‍മിച്ചുകൊണ്ടിരിക്കും.