Thursday
22 Nov 2018

മുദ്രാ വായ്പ തിരിച്ചടയുമോ? ..രഘുറാം രാജന്‍

By: Web Desk | Wednesday 12 September 2018 10:06 PM IST

മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രതിസന്ധി മുദ്രാ വായ്പകളില്‍ നിന്നായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജന്റെ മുന്നറിയിപ്പ്.

വലിയ തോതില്‍ വായ്പകള്‍ നല്‍കുന്നതില്‍നിന്നും എഴുതിത്തള്ളുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും റിപ്പോര്‍ട്ടില്‍ രഘുറാം രാജന്‍ വ്യക്തമാക്കുന്നു. മുദ്രാ വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും ജനകീയമാണ്. എന്നാല്‍ തിരിച്ചടവിന്റെ കാര്യത്തിൽ ഇവയെ കാര്യക്ഷമമായി നിരീക്ഷിക്കണമെന്നും സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിന് പത്ത് ലക്ഷം രൂപവരെ വായ്പകള്‍ നല്‍കുന്നതാണ് മുദ്രാ പദ്ധതി. പലപ്പോഴും മുദ്രാ വായ്പകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം 2.53 ലക്ഷം കോടി രൂപയാണ് മുദ്രാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയത്. എന്നാല്‍ മുദ്രാ വായ്പകള്‍ നല്‍കുന്നതിലെ ക്രമക്കേട് സംബന്ധിച്ച് അമ്പതിലധികം കേസുകള്‍ മുംബൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.