Monday
23 Jul 2018

‘നോട്ടുനിരോധനം കൊണ്ട് ഗുണവുമുണ്ടാവില്ലെന്ന് അന്നേ മുന്നറിയിപ്പ് നല്‍കി’

By: Web Desk | Sunday 3 September 2017 11:04 AM IST

ന്യൂദല്‍ഹി: നോട്ടുനിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഹ്രസ്വകാല സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന വിനാശകരമായ തീരുമാനമാണിതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടായാലും അതുണ്ടാക്കിവെയ്ക്കുന്ന സാമ്പത്തിക ബാധ്യതയെക്കാള്‍ കുറവായിരിക്കുമെന്നാണ് തനിക്കു തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

രഘുറാമിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഐ ഡു വാട്ട് ഡു ഐ ഡു’ എന്ന പുസ്തകത്തിലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ രഘുറാം രാജന്‍ നടത്തിയിരിക്കുന്നത്.

ആര്‍ബിഐ ഗവര്‍ണ്ണറായിരുന്ന കാലഘട്ടത്തില്‍ രഘുറാം രാജന്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് പുസ്തകത്തിന്റെ ഉള്ളടക്കം . ‘ആര്‍ബിഐയുടെ തലപ്പത്ത് ഞാനുണ്ടായിരുന്ന കാലത്ത് ഒരിക്കല്‍ പോലും നോട്ട് അസാധുവാക്കലില്‍ തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അദ്ദേഹം പറയുന്നു. ഇതു സംബന്ധിച്ച് തന്‍റെ അഭിപ്രായം 2016 ഫെബ്രുവരിയില്‍ താന്‍ വ്യക്തമാക്കിയിരുന്നതായും രഘുറാം സൂചിപ്പിക്കുന്നുണ്ട്.

സെപ്റ്റംബര്‍ 3ന് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് നോട്ട് നിരോധന വിഷയത്തില്‍ രഘുറാം രാജന്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നത്.