Wednesday
24 Oct 2018

എന്റെ ബസ്റ്റ് ഇന്ത്യയ്ക്കായി

By: Web Desk | Monday 2 October 2017 1:17 PM IST

ജോസ് ഡേവിഡ്‌

അസാദ്ധ്യങ്ങളെ സാദ്ധ്യങ്ങളാക്കുന്നതിന്റെ അഭ്യാസത്തിലാണ് രാഹുല്‍.

‘ഈ ഭൂമിയില്‍ ഒന്നും അസാദ്ധ്യമായില്ല. ഇന്ത്യ കളിക്കും. ജയിക്കാനുള്ള കളി’, അണ്ടര്‍ 17 ലെ ഇന്ത്യന്‍ ടീമിലെ ഏകമലയാളി രാഹുല്‍ പ്രവീണിന്റെ ദൃഢനിശ്ചയം.

കഴിഞ്ഞ മൂന്നു കൊല്ലമായി ഇതിന്റെ ഒരുക്കത്തിലാണ്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ പോയി, ഏതാണ്ട് 14 രാജ്യങ്ങളില്‍ അവിടുത്തെ ടീമുകളുമായി കളിച്ചു പരിചയിച്ചു.

‘എന്റെ കയ്യില്‍ വന്ന ഒരു ചാന്‍സാണ് ലോകകപ്പ്. നന്നായി കളിക്കണം. അതു മാത്രമാണ് എന്റെ ലക്ഷ്യം. ഞാന്‍ എന്റെ ബെസ്റ്റ്  കൊടുക്കും. എന്റെ ഇന്ത്യയ്ക്കു വേണ്ടി, എന്റെ കൂട്ടുകാര്‍ക്കു വേണ്ടി’ – രാഹുല്‍ ‘ജനയുഗ’ത്തോട് പറഞ്ഞു.

‘കളിക്കളത്തില്‍ ഒരു ടീമല്ലേ ജയിക്കൂ. കളം വിടുമ്പോള്‍ ഞാനെന്റെ ബസ്റ്റ് കൊടുത്തോ എന്നേ നോക്കൂ. ജയിച്ചോ, തോറ്റോ എന്നല്ല, ഞാനെന്റെ മികച്ചതു കൊടുത്തെങ്കില്‍ ഞാന്‍ സന്തുഷ്ടനായി’, രാഹുല്‍.

ഇപ്പോള്‍ പരിശീലനത്തിലാണ് രാഹുല്‍. അതിന്റെ രീതികള്‍ രഹസ്യം. കാരണം അവ പുറത്തു പറയരുതെന്ന് കോച്ച് പറഞ്ഞിട്ടുണ്ട്.

ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന മറ്റു ടീമുകളെകുറിച്ച് : ഒരു വ്യത്യസമൊന്നുമില്ല, അവരും നമ്മളും തമ്മില്‍. തന്ത്രങ്ങളില്‍ അവരിത്തിരി മുമ്പില്‍. കായിക ശക്തിയില്‍, മത്സരിക്കാനുള്ള ശക്തിയിലൊക്കെ നമുക്കാണ് കൂടുതല്‍ മികവ്. ടാക്റ്റിക്കലായി മാത്രമേ നമ്മള്‍ കുറച്ചു പിറകിലുള്ളു.

കാരണമുണ്ട്, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലെ കളിക്കാര്‍ പത്തോ അതില്‍ കൂടുതലോ വര്‍ഷമായി ഈ മത്സരത്തിനു വേണ്ടി ഒരു ടീമായി തയ്യാറെടുക്കുന്നവരാണ്. കുഞ്ഞുപ്രായത്തിലേ പരിശീലിപ്പിക്കപ്പെടുന്നവര്‍. പന്തു കയ്യില്‍ കിട്ടിയാല്‍ ടീമിലെ ഓരോ ആളും അതെങ്ങനെ, ഏതു കാലില്‍, ഏതു ദിശയില്‍ ചലിപ്പിക്കുമെന്നു കൃത്യമായി ടീം അംഗങ്ങള്‍ക്കറിയാം.

നമുക്കിതറിയില്ലേ ? തീര്‍ച്ചയായും നമുക്കിതറിയാം. അവര്‍ക്കു രണ്ടു കൈ, രണ്ടു കാല്‍, നമുക്കും രണ്ടു കൈ, രണ്ടു കാല്‍. ഞങ്ങള്‍ അത്രയ്ക്ക് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. അവിടങ്ങളില്‍ പോയി കളിച്ചപ്പോള്‍ ഞങ്ങള്‍ക്കും നല്ല വിന്നിങ് ഉണ്ടായി. ഞങ്ങളുടെ ലെവല്‍ നന്നായി മെച്ചപ്പെടുകയും ചെയ്തു.

അവരുടെ നാടുകളില്‍ മികച്ച ഗ്രൗണ്ടുകളുണ്ട്, തൃശൂര്‍ ഒല്ലൂക്കരയിലെ കാളത്തോട് വയലിലും റോഡിലും പന്തുരുട്ടി പഠിച്ച രാഹുല്‍ പറയുന്നു. ഇവിടെ ഒരു ഗ്രൗണ്ട് മണ്ണുത്തിയിലും പിന്നെ തൃശൂരിലുമേയുള്ളു. രണ്ടര വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ പരിശീലനം ഗോവയിലായിരുന്നു. തുടര്‍ന്നു യൂറോപ്പില്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാതൃകാ ഫുട്‌ബോളറായി, നെഞ്ചേറ്റി നടക്കുന്ന രാഹുല്‍ പറയുന്നു : റൊണാള്‍ഡോയുടെ കളികളുടെ വീഡിയോയാണു ഞാനെപ്പോഴും കാണുക. ഇന്ദ്രജാലം പോലുള്ള പ്രകടനങ്ങള്‍ക്കു ശേഷവും വിനീതനായി ഗ്രൗണ്ടില്‍ നിന്നും വരുന്ന റൊണാള്‍ഡോ. എനിക്കും അങ്ങനെയാവണം. റൊണാള്‍ഡോയ്ക്ക് ഒരു വട്ടം കൂടി ഫിഫ പുരസ്‌കാരം കിട്ടണമെന്ന് രാഹുല്‍ പ്രാര്‍ത്ഥിക്കുന്നു.

മുമ്പ് ബ്രസീലിന്റെ റൊണാള്‍ഡിനൊ ആയിരുന്നു ഹീറോ. എന്തൊരു മാന്ത്രികശക്തിയാണ്. ദൈവം ഫുട്‌ബോള്‍ നിര്‍മിച്ചതു പോലും റൊണാല്‍ഡിനോയ്ക്ക്‌ വേണ്ടിയാണോ എന്നു തോന്നിപ്പോകും.

ഐ എം വിജയന്റെ നാട്ടില്‍ നിന്നും ഉയരുന്ന ഈ കൊച്ചു മിടുക്കന്‍ തന്റെ എക്കാലത്തെയും ഗുരുവായി മനസ്സില്‍ കുടിയിരുത്തുന്നതു ഇളയഛനെയാണ്. ‘എന്നെ പന്തുരുട്ടാന്‍ പഠിപ്പിച്ച എന്റെ പാപ്പന്‍…. എന്റെ നാട്ടിലെ മികച്ച ഫുട്‌ബോളറായിരുന്നു പാപ്പന്‍. വണ്ടി ഓടിച്ചു കിട്ടുന്ന പണം കൊണ്ടു എനിക്കു പന്തും ബൂട്‌സും കളി സാമഗ്രികളും വാങ്ങിത്തന്നു പഠിപ്പിച്ചതു പാപ്പന്‍’.

ഒത്തിരിപ്പേര്‍ പകര്‍ന്നു തന്ന ആവേശം, അതാണ് കളിക്കളത്തിലെ എന്റെ കരുത്ത്. അവരുടെ സന്തോഷത്തിനായി ഞാന്‍ കളിക്കും. മികവോടെ…