Wednesday
23 Jan 2019

മലബാറിൽ ഉ​രു​ള്‍​പൊ​ട്ട​ൽ, 5 മരണം, 7 പേരെ കാണാനില്ല

By: Web Desk | Thursday 14 June 2018 9:04 AM IST

കോ​ഴി​ക്കോ​ട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ അഞ്ചു പേരുടെ മൃതദേഹം കിട്ടി. 7 പേരെ കാണാനില്ല.

കനത്ത മ​ഴയില്‍  വടക്കന്‍ജില്ലകളില്‍ പലയിടത്തും ഉ​രു​ള്‍​പൊ​ട്ട​ൽ.  മരിച്ചവരിൽ മൂന്നു കുട്ടികളും  ഉൾപ്പെടും.

കരിഞ്ചോല അബ്ദുള്‍ സലീമിന്‍റെ മക്കള്‍ ദില്‍ന, മുഹമ്മദ് ഷഹബാസ്, ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം, അബ്ദുറഹ്മാൻ (60 )എന്നിവർ മരിച്ചവരിൽ പെടും. കട്ടിപ്പാറയിലെ മൂന്നു വീടുകളിലുള്ള 12 പേരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ആദ്യം ഉരുൾപൊട്ടലിന്റെ ഇരമ്പം കേട്ടതെന്നു സമീപ വാസികൾ പറഞ്ഞു. തുടർന്ന് കരിഞ്ചോല മല താഴേക്ക് ഊർന്നു വീഴുകയായിരുന്നു, പ്രദേശത്തെ പൂർണമായും തുടച്ചു നീക്കിക്കൊണ്ട്.

കരിഞ്ചോല സ്വദേ്ശി ഹസന്‍റെ കുടുംബത്തിലെ 7 പേരെയും  , അബ്ദുറഹ്മാന്‍റെ കുടുംബത്തിലെ 4 പേരെയുമാണ് കാണാതായത്. കാണാതായവർക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.  കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. പു​ല്ലൂ​രാം​പാ​റ, ബാ​ലു​ശേ​രി മ​ങ്ക​യം, ഈ​ങ്ങ​പ്പാ​റ എന്നിവിടങ്ങളിലും​  ഉ​രു​ൾ​പൊ​ട്ടി.

കട്ടിപ്പാറയിൽ ഇന്നലെ നോമ്പുതുറ ഉണ്ടായിരുന്ന ഒരു വീട്ടിൽ ബന്ധുക്കൾ എത്തിയിരുന്നു. ആ വീട് പൂർണമായും കാണാതായി. സമീപ പ്രദേശത്തുള്ളവരെ അംഗൻവാടിയിലേക്ക് മാറ്റി. ഒറ്റപ്പെട്ട, അപകടകരമായ ഈ സ്ഥലത്തു നിന്ന് മാറണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി സ്ഥലത്തെ ജനപ്രതിനിധികൾ പറയുന്നു.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന  കോ​ഴി​ക്കോ​ട്ട് എ​ത്തിച്ചേര്‍ന്നിട്ടുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കക്കയത്ത് ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

വയനാട്ടിലെ ചിപ്പിലിത്തോട് പ്രദേശത്തു മണ്ണിടിഞ്ഞു ചുരം അപകടത്തിലായി. മൂന്നാം വളവിൽ ഒരു ചെറുവഴിയിലൂടെ മാത്രം വാഹനങ്ങൾ കടന്നു പോകുന്നു. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ ഈങ്ങാപ്പുഴ ഭാഗത്തു മരം വീണു ചുരത്തിലെ ഗതാഗതം തടസ്സപ്പെട്ടു. മറ്റൊരു ചുരം പാതയായ കണ്ണൂർ റോഡിൽ പാൽചിറം കൊട്ടിയൂർ ഭാഗത്തു പള്ളിയുടെ മതിലിടിഞ്ഞു വീണ്  അതുവഴിയും ഗതാഗത തടസ്സമുണ്ട്. മതിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങി, ചെറു വാഹനങ്ങൾ ഓടുന്നുണ്ട്.  വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി ഇമ്പ്രൂവ്മെന്റ് പരീക്ഷ തടസ്സമില്ലാതെ നടന്നു. വൈത്തിരിയിൽ വീടിനു മേലെ മണ്ണിടിഞ്ഞു വീണ് രണ്ടു പേർ പരിക്കുകളോടെ ആശുപത്രിയിലായി.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും  അവധിയാണ്.

കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്നും  കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

അണക്കെട്ടുകൾ അപകട നിലയിൽ 

ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമും പാലക്കാട് മംഗലം ഡാമും  ഏത് സമയവും തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എന്ജിനീയർ ജാഗ്രത നിർദേശം നല്‍കി. നിലവിൽ 77.15 ആണ് ഡാമിലെ ജലനിരപ്പ് 77.28 ആണ് ഡാമിന്റെ സംഭരണ ശേഷി.

നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ, ജലനിരപ്പ് മുകൾ മീറ്റർ കൂടി ഉയർന്നാൽ തുറക്കും. കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇപ്പോൾ 84 മീറ്റർ ജലനിരപ്പ് എത്തി. 84.40 മീറ്റർ ഉയരുമ്പോൾ അണക്കെട്ട് തുറക്കും.

പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം 

പൊന്നാനി അഴിമുഖത്ത് ബോട്ടുമുങ്ങി കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. താനൂർ സ്വദേശി ഹംസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചാവക്കാട് ബ്ലാങ്ങാട് കടലിലാണ്  ബോട്ട് അപകടത്തിൽപ്പെട്ടത്.