Friday
20 Apr 2018

മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

By: Web Desk | Saturday 26 August 2017 1:24 AM IST

ന്യൂഡല്‍ഹി:

നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുകയും സ്വത്തുക്കള്‍ നശിക്കുകയും ചെയ്ത ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ മഴക്കെടുതിയില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ബിഹാറിലെ 19 ജില്ലകളില്‍ വെള്ളപ്പൊക്കം ദോഷകരമായി ബാധിച്ചു.
ബിഹാറില്‍ മാത്രം 300 ലധികം ജീവനുകളാണ് നഷ്ടമായത്. നിലവിലുള്ള കൃഷിയിടങ്ങള്‍, നിരവധി കോടികള്‍ വിലമതിക്കാവുന്ന സ്വകാര്യ – പൊതു സ്വത്തുക്കള്‍ എന്നിവ നശിച്ചു. 15 കോടിയിലധികം ജനങ്ങളെ പ്രകൃതി ദുരന്തം ബാധിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇതേ സ്ഥിതിയാണുണ്ടായത്. 19 ജില്ലകളില്‍ കാലവര്‍ഷം നാശം വിതച്ചു. നിരവധി പേര്‍മരിക്കുകയും കുറേ പേരെ കാണാതാവുകയും ചെയ്തു. ദുരിതബാധിതര്‍ക്ക് വന്‍സഹായങ്ങള്‍ ആവശ്യമുള്ള ഘട്ടമാണിത്. എന്നാല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഗുരുതരമായ ഈ സാഹചര്യത്തിലും തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി.
കൃഷിനാശം സംഭവിച്ചവര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യണമെന്നും ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എക്‌സിക്യൂട്ടീവ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് യോഗം ആഹ്വാനം ചെയ്തു.
മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും ആത്യന്തിക പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ദേശീയപ്രശ്‌നമായി അത് കണക്കാക്കേണ്ടതുണ്ട്. ശ്രദ്ധിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. സംസ്ഥാനത്ത് കലാപമുണ്ടാക്കുന്ന സംഘത്തോട് ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിശദമായ പദ്ധതി തയ്യാറാക്കുകയും നിര്‍ദ്ദേശം സമര്‍പ്പിക്കുകയും വേണമെന്ന് എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
വിഷമകരമായ ഈ പ്രശ്‌നപരിഹാരത്തിന് സമാധാനപൂര്‍വമായ പരിഹാരമുണ്ടാകണമെന്നാണ് മണിപ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഫലപ്രദമായി പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന തീവണ്ടി അപകടങ്ങളില്‍ മറ്റൊരു പ്രമേയത്തില്‍ എക്‌സിക്യൂട്ടീവ് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. മുസാഫര്‍ നഗറില്‍ തീവണ്ടി അപകടത്തില്‍ മരിച്ചവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള മൂന്ന് വര്‍ഷത്തിനിടെ തീവണ്ടി അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് കാണ്‍പൂരിനടുത്ത പുക്രയാനില്‍ തീവണ്ടി പാളം തെറ്റി അമ്പതിലധികം പേര്‍ മരിക്കുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം രാജ്യത്തെയാകെ നടുക്കിയതാണ്. റയില്‍വേയുടെ പ്രവര്‍ത്തനം പൊതുപരിശോധനയ്ക്ക് വിധേയമാണിപ്പോള്‍. പക്ഷേ റയില്‍ മന്ത്രിക്കും വകുപ്പിനും ഒരു കൂസലുമില്ല. മൂന്ന് വര്‍ഷത്തിനിടെ 396 തീവണ്ടിയപകടഹങ്ങളാണ് രാജ്യത്തുണ്ടായത്.

Related News