Tuesday
13 Nov 2018

മഴക്കെടുതി: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By: Web Desk | Friday 10 August 2018 10:42 PM IST

 ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് തലപ്പുഴ മക്കിമല റോഡിലെ വയനാംപാലം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കെടുതികളും തുടരുന്നു. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11 വരെയുമാണ് റെഡ് അലര്‍ട്ട്. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ മരിച്ചു. നാലു പേരെ കാണാതായി. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തും രണ്ടു പേര്‍ വീതം മുങ്ങിമരിച്ചു. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരിക്കേറ്റു.

dead rain- janayugom

സംസ്ഥാനത്ത് 439 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 12,240 കുടുംബങ്ങളിലെ 53,501 പേര്‍ ക്യാമ്പുകളിലുണ്ട്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയാണിത്.

എറണാകുളത്ത് 68 ക്യാമ്പുകളിലായി 2,795 കുടുംബങ്ങളിലെ 9,476 പേര്‍ കഴിയുന്നു. മലപ്പുറത്ത് 13 ക്യാമ്പുകളില്‍ 1,050, ഇടുക്കിയില്‍ പത്ത് ക്യാമ്പുകളില്‍ 533, കോഴിക്കോട് 18 ക്യാമ്പുകളില്‍ 848 പേരും കണ്ണൂരില്‍ 10 ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരില്‍ 13 ക്യാമ്പുകളില്‍ 1029 പേര്‍ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7,367 പേര്‍ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളില്‍ 3,000 പേരുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് 520 വീടുകള്‍ ഭാഗികമായും 35 വീടുകള്‍ പൂര്‍ണമായും നശിച്ചു. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്.

ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ആലുവയില്‍ ഉന്നത ഉദ്യോസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പിന്നീട് അദ്ദേഹം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. വനം വകുപ്പ് മന്ത്രി കെ രാജു ഇന്ന് ഇടുക്കിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം

എറണാകുളം ടൗണ്‍ (നോര്‍ത്ത്)-ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടിയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നും 12, 14 തീയതികളിലും ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി അടക്കമുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.