Sunday
21 Oct 2018

നടുക്കം വിട്ടൊഴിയാതെ മുഹമ്മദ് റജ്മല്‍; അത്താഴം കഴിച്ച് പിരിഞ്ഞ ഉപ്പയും ഉമ്മയും ഇനിയില്ല

By: Web Desk | Friday 10 August 2018 7:48 PM IST

സ്വന്തം ലേഖകന്‍
മക്കിമല:  മുഹമ്മദ് റജ്മല്ലിന് ഇപ്പോഴും ശബ്ദംപോലുമില്ല. രാത്രി ഒന്നുകണ്ണടച്ചപ്പോഴേക്കും ഏറ്റവും പ്രിയപ്പെട്ട ഉപ്പയും ഉമ്മയും എന്നെന്നേക്കുമായി ഇല്ലാതായതിന്‍റെ വേദനയില്‍ നീറുകയാണ്. അപ്പോഴും ചെറിയ ആശ്വാസം തന്‍റെ കൂടപ്പിറപ്പുകളുടെ ജീവന്‍ രക്ഷിക്കാനായതിലാണ്. മക്കിമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശ്ശേരി റസാഖ്-സീനത്ത് ദമ്പതികളുടെ മൂന്നുമക്കളും പുതിയിടംകുന്നിലെ ദുരുതാശ്വാസ ക്യാമ്പില്‍ വല്ല്യുമ്മ ആസിയോടൊപ്പം ദു:ഖമടക്കി കഴിയുകയാണ്. ആശ്വസിപ്പിക്കാന്‍ നിരവധിപേര്‍ എത്തുന്നുണ്ടെങ്കിലും ആര്‍ക്കും ഇവരുടെ നൊമ്പരം അകറ്റാനാവുന്നില്ല.
ഉരുള്‍പൊട്ടി വീട് മണ്‍കൂനയായതിന്‍റെ നടുക്കം വിട്ടൊഴിയുന്നില്ല. ഒന്നിച്ചിരുന്ന് അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയ ഉപ്പയും ഉമ്മയും ഇനിയില്ലെന്നത് അംഗീകരിക്കാനായിട്ടില്ല. ബുധനാഴ്ച സ്‌കൂള്‍ അവധി ആയിരുന്നതിനാല്‍ മക്കളോടൊപ്പം ചെലവഴിക്കാന്‍ റസാഖ് തീരുമാനിക്കുകയായിരുന്നു. പണിക്ക് പേകാതെ വീട്ടിലിരുന്നു. നെയ്‌ച്ചോറും കോഴിക്കറിയുമുണ്ടാക്കി കുടുംബം ഒന്നിച്ചിരുന്ന് ഉച്ചക്കും വൈകിട്ടും കഴിച്ച് സന്തോഷത്തോടെ ഉറങ്ങാന്‍ പോയതാണ്.
റജ്മല്‍ കിടന്നിരുന്നതിന്‍റെ തൊട്ടരികിലാണ് വീടിന്‍റെ ചുമര് ഇടിഞ്ഞു വീണത്. ശബ്ദംകേട്ട് ഉണരുമ്പോള്‍ മണ്‍കട്ടകള്‍ മാത്രമാണ് കണ്ടത്. അനുജന്‍മാരായ റജിനാസിന്‍റെയും റിഷാലിന്‍റെയും നിലവിളിയാണ് പിന്നെ കേള്‍ക്കുന്നത്. മൊബൈല്‍ തെളിച്ച് ഓടി ഇവര്‍കിടന്ന മുറിയില്‍ എത്തുമ്പോള്‍ മണ്‍കൂടാരമായ മുറിയുടെ അരികില്‍ അവര്‍ നിലവിളിച്ചിരിക്കുകയായിരുന്നു. മറ്റൊന്നും ആലോചിച്ചില്ല, ഓടുകള്‍ തെറിച്ച് വിടവായി താഴേക്ക് തൂങ്ങിനിന്ന വീടിന്‍റെ മേല്‍ക്കൂരയിലേക്ക് കട്ടകളില്‍ ചവിട്ടിക്കയറി. അനുജന്‍മാരേയും വലിച്ചുകയറ്റി. മൂവരും നിലവിളിയോടെ ഉപ്പയേയും ഉമ്മയേയും വിളിച്ചെങ്കിലും വിളികേട്ടില്ല. ഇവരുറങ്ങിയ മുറി മണ്ണ് മൂടിയിരുന്നു. ഉടന്‍ അടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം പറഞ്ഞു. അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
മുഹമ്മദ് റജ്മല്‍ മാനന്തവാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വണ്‍ വിദയാര്‍ഥിയാണ്. മുഹമ്മദ് റജിനാസ് തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ പത്തിലും ഇളയവന്‍ മുഹമ്മദ് റിഷാല്‍ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.  ജില്ലാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രി പുതിയിടംകുന്ന് സ്‌കൂളില്‍ റസാഖിന്റെയും സീനത്തിന്‍റെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അര്‍ധരാത്രിയോടെ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ചുങ്കം ജുമാമസ്ജിദില്‍ ഖബറടക്കി.