Tuesday
16 Oct 2018

മഴ കനത്തു ദുരന്തപ്രവാഹം 18 പേർ മരിച്ചു

By: Web Desk | Thursday 9 August 2018 11:48 AM IST

തിരുവനന്തപുരം. സംസ്ഥാനത്തു  മഴ വീണ്ടും കനത്തതോടെ ദുരന്ത പ്രവാഹം . മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 18 പേര്‍ മരിച്ചതായാണ് അവസാനവിവരം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കിയില്‍ മാത്രം 10 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. മലപ്പുറത്ത് 5 പേരും മരിച്ചു. പാലക്കാട് ജില്ലയുടെ പലഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. ഇടമലയാര്‍ ഡാം തുറന്നു. ഇടുക്കിഡാമിലും ജലനിരപ്പ്‌ ഉയരുകയാണ്‌.

ഇടുക്കി. കഞ്ഞിക്കുഴി. നിലമ്പൂര്‍, വൈത്തിരി , പെരിയാര്‍ വാലി, അടിമാലി, കോഴിക്കോട്‌ മട്ടിക്കുന്ന്‌ എന്നിവിടങ്ങളിലെല്ലാം ഉരുള്‍പൊട്ടിയിട്ടുണ്ട്‌. 

നിലമ്പൂരിന്‌ സമീപം ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു . ചെട്ടിയം പാറ കോളനി സ്വദേശി പമ്പാടന്‍ കുഞ്ഞി, മരുമകള്‍ ഗീത, മക്കളായ നവനീത്‌, നിവേദ്‌ , ബന്ധു മിഥുന്‍ എന്നിവരാണ്‌ മരിച്ചത്‌. ഗീതയുടെ ഭര്‍ത്താവ്‌ കുട്ടനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌ കോഴിക്കോട്‌ മട്ടിക്കുന്ന്‌ കണ്ണപ്പന്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ പുഴ വഴിമാറി ഒഴുകി. ഈ പ്രദേശം ഒറ്റപ്പെട്ടു. ഇവിടെ പുഴയില്‍പ്പെട്ട്‌ ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്നിലെ  ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയയായിരുന്നു റിജിത്തും രണ്ടുസുഹൃത്തുക്കളും . ഇവരുടെ കാര്‍ ഒഴുക്കില്‍പെട്ടു. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും കാറും റിജിത്തും പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു.

കനത്ത മഴയില്‍ ചുരത്തില്‍ മണ്ണടിഞ്ഞ്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു. പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു.തിരുവമ്പാടി ആനക്കാംപൊയിലിനടുത്തമറിപ്പുഴയില്‍ ഉരുള്‍പൊട്ടി. മലവെള്ളപാച്ചിലില്‍ പാലം തകര്‍ന്നതിനാല്‍ 20 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.  വയനാട് ചിത്രമൂലയിൽ രക്ഷാപ്രവർത്തനത്തിനിടെ കൊട്ടത്തോണി മറിഞ്ഞു നാലുപേരെ കാണാതായി.  പുല്ലൂരാംപാറഇലന്തുകടവില്‍വെള്ളംകയറിയതിനാല്‍തുരുത്തിലെകുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.തിരുവമ്പാടി , ആനക്കാംപൊയില്‍, പുല്ലുരാംപാറ മേഖലകള്‍ ഒറ്റപ്പെട്ടു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂര്‍ക്കനാട് പാലത്തിന്‍റെ പകുതി ഒലിച്ചുപോയി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേര്‍ കഴിയുന്നുണ്ട്.

Related News