Friday
21 Sep 2018

പ്രകൃതിയെ മെരുക്കിയ ഗള്‍ഫില്‍ മഴയോടു മഴ

By: Web Desk | Thursday 11 January 2018 10:45 PM IST

കെ രംഗനാഥ്
ദുബായ്: പ്രകൃതിയെ മെരുക്കിയെടുത്തും ഋതുഭേദങ്ങള്‍ വരുത്തിയും എപ്പോള്‍ വേണമെങ്കിലും കൃത്രിമ മഴക്കാലം സൃഷ്ടിക്കാമെന്നു തെളിയിച്ച യുഎഇയില്‍ മഞ്ഞുകാലം മഴക്കാലമായി വഴിമാറുന്നു.
വിമാനങ്ങളില്‍ മേഘക്കെട്ടുകളിലേക്ക് ഉപ്പുപരല്‍ വിതറി മേഘങ്ങള്‍ ബാഷ്പീകരിച്ചതോടെ മരുഭൂമിയുടെ നാട്ടില്‍ മഴയോടുമഴ. യുഎഇയില്‍ ‘മഴവിത്തുകള്‍’ വിതച്ചു പെയ്യിച്ച കൃത്രിമമഴ സമീപത്തെ സൗദി അറേബ്യയിലും ഒമാനിലും വ്യാപകമായുണ്ടായി. തികച്ചും പരിസ്ഥിതി സൗഹൃദമായ മഴ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുഎഇ സര്‍ക്കാര്‍ 350 കോടി രൂപയുടെ അധിക സഹായധനം പ്രഖ്യാപിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ പദ്ധതിയുടെ മുഖ്യ ശില്‍പികളിലൊരാളുമായ ഡോ. എം സി ദത്തന്‍ പോലും യുഎഇ പെയ്യിക്കുന്ന കൃത്രിമഴയുടെ പ്രായോഗികതയില്‍ സംശയം പ്രകടിപ്പിച്ച കാര്യം ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃത്രിമമഴ പെയ്യിച്ച് കേരളത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ തയാറാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അബ്ദുല്ലാ അല്‍ മണ്‍ഡൗസും മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ഡോ. ലിന്‍ഡ് സൂവും ‘ജനയുഗ’ത്തോട് നടത്തിയ ടെലിഫോണ്‍ അഭിമുഖങ്ങളും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കേരളം വീണ്ടും തീച്ചൂളയിലേക്ക് എറിയപ്പെടാന്‍ പോകുന്ന മാര്‍ച്ച് മുതലുള്ള വേനല്‍ക്കാലത്ത് ഇപ്പോള്‍ വിജയകരമായി ഗള്‍ഫില്‍ പെയ്യുന്ന മഴ സാങ്കേതികവിദ്യ ലോകത്ത് ആര്‍ക്കും കൈമാറാന്‍ സന്തോഷമേയുള്ളൂവെന്നും ഡോ. ലിന്‍ഡ ഇന്നലെ ആവര്‍ത്തിച്ചു.
വിമാനങ്ങളില്‍ ഘടിപ്പിച്ച സംവിധാനത്തിലൂടെ മേഘങ്ങളില്‍ ഉപ്പുപരലുകള്‍ വിതറി മഴപെയ്യിക്കുന്ന ഈ സാങ്കേതികവിദ്യ വഴി ദുബായിലും ഷാര്‍ജയിലും അബുദാബിയിലും ഒമാനിലും പല ഭാഗങ്ങളിലും ഇപ്പോള്‍ തലയറഞ്ഞു പെയ്യുന്ന മഴയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമികള്‍ ജലസമൃദ്ധമായി. വെള്ളക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞുകവിയുന്നു. റോഡുകളില്‍ വെള്ളം കയറിയത് മൂലം വാഹനഗതാഗതവും റാസല്‍ ഖൈമ തുടങ്ങിയ പ്രദേശങ്ങളില്‍ താറുമാറായി. കൃഷിത്തോപ്പുകള്‍ക്കും ഈത്തപ്പഴത്തോട്ടങ്ങള്‍ക്കും ജലസേചനം ആവശ്യമില്ലാതായി.
റഡാറുകള്‍ ഉപയോഗിച്ചു കണ്ടുപിടിക്കുന്ന സമൃദ്ധമായ മേഘമാലകളില്‍ ഉപ്പുവിതറി ബാഷ്പീകരിച്ചു പെയ്യിക്കുന്ന മഴവെള്ളത്തിന് ഉപ്പിന്റെ തരിപോലുമുണ്ടാവില്ല. മഴമേഘങ്ങളില്‍ വിത്തിറക്കുന്ന വ്യോമദൗത്യം അമിത മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. മഴമൂലം ജബേല്‍ അലി മലനിരകളിലെ താപനില 3.8 ഡിഗ്രിയായി താണു. പര്‍വതപ്രദേശങ്ങളില്‍ അഞ്ച് മുതല്‍ 11 ഡിഗ്രിവരെയും താഴ്‌വാരങ്ങളില്‍ 17 ഡിഗ്രിവരെയുമാണ് ഇപ്പോള്‍ താപനില.